വിദ്വേഷ പ്രസംഗം: ജസ്റ്റിസ് ശേഖർ കുമാർ യാദവ് ഇന്ന് സുപ്രീം കോടതി കൊളീജിയത്തിന് മുന്നിൽ ഹാജരാകും
വിവാദ പ്രസംഗത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവ് ഇന്ന് സുപ്രീം കോടതി കൊളീജിയത്തിന് മുന്നിൽ ഹാജരാകും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയത്തിന് മുന്നിൽ ഹാജരാകാനാണ് നിർദേശം. വിദ്വേഷപ്രസംഗത്തിന്റെ വിശദാംശങ്ങൾ ഹാജരാക്കാൻ അലഹബാദ് ഹൈക്കോടതിയോട് സുപ്രീം കോടതി നിർദേശിച്ചിരുന്നു
ഹൈക്കോടതി നൽകിയ റിപ്പോർട്ടും ഇക്കാര്യത്തിൽ നിർണായകമാണ്. ജഡ്ജി ശേഖർ കുമാർ യാദവിനെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് ജസ്റ്റിസ് ശേഖർ കുമാർ യാദവ് വിദ്വേഷ പരാമർശം നട്തിതയത്. ഭൂരിപക്ഷത്തിന്റെ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടുമെന്നായിരുന്നു പരാമർശം
യാദവിന്റെ പ്രസംഗം മാധ്യമവാർത്തകളിലൂടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് സുപ്രീം കോടതി അലഹബാദ് ഹൈക്കോടതിയോട് വിശദീകരണം തേടി. പിന്നാലെയാണ് കൊളീജിയത്തിന് മുന്നിൽ ഹാജരാകാൻ നിർദേശം നൽകിയത്.