ശൈത്യകാലം; വാര്‍ഷിക കുത്തിവയ്പ്പെടുക്കാന്‍ ഖത്തര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം
ദോഹ: ശൈത്യത്തിലേക്ക് രാജ്യം കടന്നതിനാല്‍ വാര്‍ഷിക കുത്തിവെപ്പ് എടുക്കാന്‍ ആരോഗ്യ വകുപ്പ് ജനങ്ങളോട് നിര്‍ദേശിച്ചു. മുതിര്‍ന്ന പൗരന്മാരും പ്രവാസികള്‍ ഉള്‍പ്പെടെയുള്ള താമസക്കാരും അവരുടെ കുടുംബാംഗങ്ങളും വാര്‍ഷിക ഇന്‍ഫ്ളൂവന്‍സ കുത്തിവയ്പ്പ് എടുക്കാന്‍ മുന്നോട്ടുവരണമെന്ന് മുതിര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന് അഭ്യര്‍ഥിച്ചു. സൗജന്യ വാക്സിന് രാജ്യത്തുടനീളമുള്ള 90ല്‍ അധികം സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ ഹെല്‍ത്ത് കെയര്‍ കേന്ദ്രങ്ങളില്‍ ലഭ്യമാണ്. ഇന്‍ഫ്ളൂവന്‍സ വൈറസിനെതിരെ നിര്‍ണായകമായ സംരക്ഷണം വാഗ്ദാനം ചെയ്യുന്ന ഈ കുത്തിവയ്പ്പ് എടുക്കുകയെന്നത് വളരെ പ്രധാനമാണെന്നും അദ്ദേഹം വിശദീകരിച്ചു.
മുതിര്‍ന്ന പൗരന്മാര് ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ക്ക് വേഗം വിധേയമാവാന്‍ ഇടയുള്ളവര് ഫ്ളൂ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നും ദീര്‍ഘകാല പരിചരണം, പുനരധിവാസം, ജെറിയാട്രിക് കെയര്‍ എന്നിവയുടെ ഡെപ്യൂട്ടി ചീഫും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനി(എച്ച്എംസി)ലെയും റുമൈല ഹോസ്പിറ്റലിന്റെയും ഖത്തര്‍ റീഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. ഹനാദി ഖാമിസ് അല്‍ ഹമദാണ് അഭ്യര്‍ഥന നടത്തിയിരിക്കുന്നത്.