മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചാൽ പങ്കെടുക്കുമെന്ന് മുസ്ലിം ലീഗ്
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചാൽ പങ്കെടുക്കുമെന്ന് മുസ്ലീം ലീഗ്. ഭൂമി ഏറ്റെടുത്തോ എന്നു പോലും അറിയാത്ത ഘട്ടം വന്നപ്പോഴാണ് സ്വന്തം നിലയ്ക്ക് നീങ്ങിയതെന്ന് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. സർക്കാർ പദ്ധതി നടപ്പാക്കുമെന്ന് ബോധ്യം വരണമെന്നും പിഎംഎ സലാം പറഞ്ഞു.
മുഖ്യമന്ത്രിയുടെ സംസാരത്തിൽ വ്യക്തതയും കൃത്യതയുമുണ്ടെങ്കിൽ, ഇനിയും അനിശ്ചിതമായി നീളില്ല എന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടാൽ അതിന്റെ കൂടെ നിൽക്കും. ഭൂമി ഏറ്റെടുത്തോ എന്നു പോലും അറിയാത്ത ഘട്ടം വന്നപ്പോഴാണ് സ്വന്തം നിലയ്ക്ക് ലീഗ് നീങ്ങിയത്. ഇനിയും നീട്ടിക്കൊണ്ടുപോകാൻ ഞങ്ങൾക്ക് കഴിയില്ല. ജനങ്ങൾ ലീഗിനെ വിശ്വസിച്ചേൽപ്പിച്ച പണം ആണ്. സർക്കാർ പദ്ധതി നടപ്പാക്കുമെന്ന് ബോധ്യം വരണം
സർക്കാർ നടപടികൾ അനന്തമായി നീളുന്ന സാഹചര്യത്തിൽ സ്വന്തം നിലയ്ക്ക് തന്നെ സ്ഥലം കണ്ടെത്താനും വീടുകൾ വച്ചു നൽകാനുമുള്ള തീരുമാനം ലീഗ് കൈക്കൊള്ളുകയും അതുമായി മുന്നോട്ട് പോവുകയും ചെയ്തിരുന്നു. ഈ സമയത്താണ് സഹായം വാഗ്ദാനം ചെയ്ത 38 പേരുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിക്കുമെന്ന് ഇന്നലെ വ്യക്തമാക്കിയത്. പിന്നാലെയാണ് ലീഗ് ചർച്ചയ്ക്ക് തയാറെന്ന് അറിയിച്ചത്.