ക്രിസ്മസ് ആഘോഷം തടഞ്ഞ വിഎച്ച്പി നടപടിയിൽ ബിജെപി നേതൃത്വത്തിനും പങ്കുണ്ട്: സന്ദീപ് വാര്യർ
പാലക്കാട് നല്ലേപ്പിള്ളി ഗവ. യുപി സ്കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് നടപടിയിൽ ബിജെപി നേതൃത്വത്തിന് പങ്കുണ്ടെന്ന് സന്ദീപ് വാര്യർ. ബിജെപിയുടെ സജീവ പ്രവർത്തകർ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന് സന്ദീപ് പറഞ്ഞു. പാലക്കാട് നിയമസഭ ഉപതെരഞ്ഞടുപ്പിൽ ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാറിന് വേണ്ടി പ്രവർത്തിച്ചിട്ടുള്ള ആളുകളാണ് അറസ്റ്റ് ചെയ്യപ്പെട്ട അനിൽ കുമാറും സുശാസനനും എന്നും സന്ദീപ് ആരോപിച്ചു.
വെള്ളിയാഴ്ച ഈ അതിക്രമം നടന്നതിന് ശേഷം ബിജെപിയുടെ സംസ്ഥാന നേതൃത്വം തന്നെ കേസ് അട്ടിമറിക്കാൻ വേണ്ടി പോലീസുമായി നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്. യുവമോർച്ചയുടെ ജില്ലാ നേതാക്കൾ മുഖേന ചിറ്റൂരിലെ പോലീസുമായി ബന്ധപ്പെട്ട് ഇതിനുള്ള ഇടപെടൽ നടത്തി. ഒരു വശത്ത് വല്ലാത്ത ക്രൈസ്തവ സ്നേഹം അഭിനയിച്ചുകൊണ്ട് ക്രൈസ്തവ ഭവനങ്ങളിലേക്ക് കേക്കുമായി കടന്നു പോവുകയും മറുവശത്ത് അവരെ ആക്രമിക്കാനും അവരുടെ വിശ്വാസങ്ങളെ ആക്ഷേപിക്കാനും ശ്രമിക്കുന്നത്.
ഒരു സ്കൂളിൽ കുട്ടികൾ വളരെ നിഷ്കളങ്കതയോടെ നടത്തിയ കരോളിനെ പോലും അക്രമിക്കാനുള്ള സംഘപരിവാറിന്റെ ശ്രമം കേരളത്തിൽ നിലനിൽക്കുന്ന സാമുദായിക സൗഹൃദം തകർക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. ഇരകളോടൊപ്പം ഓടുകയും അതോടൊപ്പം വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും ചെയ്യുന്ന സമീപനമാണ് ഇക്കാര്യത്തിൽ ബിജെപിക്കുള്ളത് സന്ദീപ് പറഞ്ഞു.