മനു ഭാക്കറിന് ഖേൽരത്ന നിഷേധിച്ച സംഭവം; ഇടപെട്ട് കായിക മന്ത്രി, നാളെ തീരുമാനമുണ്ടാകും
2024 പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്കായി ഷൂട്ടിംഗിൽ രണ്ട് വെങ്കല മെഡലുകൾ നേടിയ 22കാരി മനു ഭാക്കറിന് പരമോന്നത കായിക പുരസ്കാരമായ മേജർ ധ്യാൻചന്ദ് ഖേൽ രത്ന പുരസ്കാരം നിഷേധിച്ച സംഭവം വിവാദമായതിന് പിന്നാലെ വിഷയത്തിൽ ഇടപെട്ട് കേന്ദ്ര കായിക മന്ത്രി മൻസൂഖ് മാണ്ഡവ്യ. പന്ത്രംഗ കമ്മിറ്റി വെച്ച ശുപാർശുയടെ വിവരങ്ങൾ തേടിയ മന്ത്രി ഇക്കാര്യത്തിൽ നാളെ തീരുമാനമെടുക്കുമെന്നാണ് വിവരം
ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻ പ്രീത് സിംഗ്, പാരാലിമ്പിക്സ് ഹൈജമ്പിൽ സ്വർണം നേടിയ പ്രവീൺകുമാർ എന്നിവർക്ക് ഖേൽ രത്ന ലഭിക്കുമെന്ന വാർത്ത വന്നതോടെയാണ് വിവാദം ആരംഭിച്ചത്. പാരീസിൽ പത്ത് മീറ്റർ എയർ പിസ്റ്റളിലും പത്ത് മീറ്റർ എയർ പിസ്റ്റൾ മിക്സഡ് വിഭാഗത്തിലും മെഡൽ നേടി ഏറ്റവും പ്രായം കുറഞ്ഞ താരത്തെ പുരസ്കാര പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ഇന്നലെ ഒരു ദേശീയ മാധ്യമമാണ് പുറത്തുവിട്ടത്.
നിരവധി കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്നത് കണക്കിലെടുത്ത് മനുഭാക്കർക്ക് കൂടി ഖേൽ രത്ന നൽകാൻ കഴിയുമോ എന്ന കാര്യം കേന്ദ്ര കായിക മന്ത്രാലയം പരിശോധിക്കുകയാണ്. പന്ത്രണ്ടംഗ കമ്മിറ്റി ശുപാർശ നൽകിയാലും ഇതിനെ മറികടന്ന് തീരുമാനങ്ങൾ എടുക്കാൻ കായിക മന്ത്രിക്ക് കഴിയും. അതിനാൽ മനുഭാക്കറിന്റെ കാര്യത്തിൽ കമ്മിറ്റി കൈക്കൊണ്ട തീരുമാനങ്ങൾ അടങ്ങിയ ഫയൽ മന്ത്രി തേടിയിട്ടുണ്ട്. മന്ത്രി യാത്രയിലായതിനാൽ തന്നെ നാളെയായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിരിക്കുക.