മംഗല്യ താലി: ഭാഗം 61
രചന: കാശിനാഥൻ
ഇത്രമാത്രം അടുപ്പം തന്നോട് ഉണ്ടായിട്ടും, തിരക്കാണെന്ന് പറഞ്ഞ് ഫിലിപ്പ് മനപ്പൂർവ്വം ഒഴിഞ്ഞു മാറിയപ്പോൾ അതിന്റെ പിന്നിൽ എന്തെങ്കിലും കാരണം ഉണ്ടാകും എന്ന് ഹരിക്ക് 100% വ്യക്തമായിരുന്നു.. തക്കതായ എന്തെങ്കിലും കാര്യമില്ലാതെ ഫിലിപ്പ് തന്നോട് ഇങ്ങനെ പ്രതികരിക്കില്ല.
ഹ്മ്… വരട്ടെ നോക്കാം… ആവശ്യക്കാരന് ഔചിത്യം പാടില്ലെന്നാണല്ലോ പ്രമാണം. അതുകൊണ്ട് ഫിലിപ്പ് വിളിക്കുമോ എന്ന് നോക്കാം അല്ലെങ്കിൽ നാളെ ഒന്നു കൂടി വരാം.
ഹരി കണക്കുകൂട്ടി.
ശോഭന ചേച്ചിയോട് യാത്ര പറഞ്ഞുകൊണ്ട് അവൻ നേരെ ബസ് സ്റ്റാൻഡിലേക്ക് നടന്നു.
പരിചിതമായ മുഖങ്ങളിൽ പലർക്കും വഴിവക്കിൽ കൂടി ഇങ്ങനെ നടന്നു പോകുന്ന ഹരിയെ കാണുമ്പോൾ ചെറിയൊരു അങ്കലാപ്പ് പോലെ.
അവൻ പക്ഷേ അതൊന്നും മൈൻഡ് ചെയ്യാതെ മുന്നോട്ട് നടന്നു പോയി.
എത്രയൊക്കെ പ്രശ്നങ്ങൾ വന്നാലും തളരാതെ മുന്നോട്ടു തന്നെ നടക്കണം അതായിരുന്നു അവന്റെ തീരുമാനം.
ഭദ്രയുടെ പ്രചോദനമേറിയ വാക്കുകൾ ചെറുതൊന്നുമല്ല അവനെ മാറ്റിയത്.
അവളെക്കുറിച്ചുള്ള ഓർമ്മകളിൽ അവന്റെ ചുണ്ടിൽ ഒരു നനുത്ത പുഞ്ചിരി വിരിഞ്ഞു..
തന്റെ പ്രാണനാണ് ഭദ്ര..
അവൾ ഇല്ലാതെ ഒരു നിമിഷം പോലും തനിയ്ക്ക് പറ്റില്ലെന്ന് ആയി.
ഫോൺ എടുത്ത് ബീനചേച്ചിയെ ഒന്ന് വിളിച്ചു..
ആദ്യത്തെ രണ്ട് തവണയും ബെല്ല് പൂർണ്ണമായി അടിച്ചിട്ടും അവരുടെ അനക്കം കേൾക്കാതെ വന്നപ്പോൾ ഹരി ചെറുതായിഒന്നു പേടിച്ചു..
ഈശ്വരാ….. ഈ ചേച്ചി ഇതെവിടെ പോയി കിടക്കുവാ, ഫോൺ റിങ് ചെയ്യുന്നത് ഭദ്രയും കേൾക്കുന്നില്ലേയാവൊ
മൂന്നാമത്തെ തവണ വിളിക്കുമ്പോഴേക്കും പക്ഷേ അവർ ഫോൺ എടുത്തിരുന്നു..
ഹലോ ഹരിക്കുട്ടാ…..
ആഹ് ചേച്ചി.. തിരക്കാണോ, ഞാൻ, കുറച്ചു നേരമായിട്ട് വിളിക്കുന്നു.ഭദ്ര എവിടെ..?
ഒറ്റ ശ്വാസത്തിൽ അവൻ ചോദിച്ചു..
ഞാനും ഭദ്രമോളുംകൂടി രണ്ട് കപ്പളങ്ങ പറിക്കുവാൻ ഇറങ്ങിയതാണ് മോനെ… അതാണ് വിളിച്ചിട്ട് കേൾക്കാഞ്ഞത്. അമ്മച്ചി ഉറക്കമായിരുന്നു. അല്ലെങ്കിൽ എന്നെ വിളിച്ചു പറഞ്ഞേനെ.
ഭദ്രമോള് തൊടിയിൽ നിൽപ്പുണ്ട് ചേച്ചി ഫോൺ കൊടുക്കാം…
വേണ്ട ചേച്ചി കുഴപ്പമില്ല ഞാൻ അങ്ങോട്ട് വന്നുകൊണ്ടിരിയ്ക്കുവാ.. ബസ്സിൽ കയറിയപ്പോൾ വെറുതെ ഒന്ന് വിളിച്ചു നോക്കിയതാ.
ദേ മോള് വന്നു.. ഞാൻ കൊടുക്കാം…
ഹരിക്കുട്ടൻ ആണ് വിളിച്ചത് എന്ന് പറഞ്ഞ്, ബീന ചേച്ചി ഫോൺ ഭദ്രയ്ക്ക് കൈമാറി.
ഹലോ… ഹരിയേട്ടാ…..
ആഹ് ഭദ്ര…. താൻ ബിസി ആയിരുന്നോ.
ഹേയ് അല്ലന്നേ…ഞാനും ചേച്ചിയും കൂടി പുറത്തു നിൽക്കുവാരുന്നു.
ഹ്മ്… പിന്നെയ് ഞാൻ തിരിച്ചു വന്നോണ്ടിരിക്കുവാ. അര മണിക്കൂറിനുള്ളിൽ എത്തും.
ഉവ്വോ… ഏട്ടൻ പോയ കാര്യം എന്തായി.
ഒന്നും ആയില്ല… ഞാൻ കാണുവാനായി ആഗ്രഹിച്ചു പോയ ആള് കുറച്ചു ബിസിയായിരുന്നു. അതുകൊണ്ട് പിന്നെ വെയിറ്റ് ചെയ്യേണ്ട എന്ന് കരുതി തിരിച്ചുപോന്നു..
ശോ.. അത് കഷ്ടം ആയല്ലോ ഏട്ടാ..
ഹരി പറയുന്നത് കേട്ടപ്പോൾ ഭദ്രയ്ക്ക് സങ്കടമായി
ഹേയ്.. സാരമില്ല.. നാളെ ഒന്നുടെ പോകാം…
ഏട്ടൻ എന്തെങ്കിലും കഴിച്ചോ…?
ഇല്ലടോ…ഒന്നും കഴിച്ചില്ല.
ഹ്മ്….
അവളൊന്നു മൂളി.
എങ്കിൽ വെച്ചോളൂ ഞാൻ ഉടനെ എത്തും..
ഹരി പറഞ്ഞതും ഭദ്ര ഫോൺ കട്ട് ചെയ്തു.
മോളെ… ഹരി വല്ലതും കഴിച്ചോ..?
അവളുടെ അരികിൽ നിന്ന് ബിന ചേച്ചി ചോദിച്ചു
ഇല്ല ചേച്ചി… ഒന്നും കഴിച്ചില്ലെന്ന്.
ആഹ് എന്നാൽ പിന്നെ ഇവിടുന്ന് ഊണ് കഴിച്ചിട്ട് പോകാം.. പുളിശ്ശേരിയും മീൻ പറ്റിച്ചതു, പൊരിച്ചതുമൊക്കെ ഉണ്ട്..
ഇത്തിരി വൻപയറും കപ്പളങ്ങയും കൂടി എരിശേരി പോലെ വെയ്ക്കാം..
ചേച്ചി പെട്ടന്ന് അങ്ങട് ഉഷാറായി.
അവരോടൊപ്പം ചേർന്ന് കറികളൊക്കെ വയ്ക്കുവാൻ സഹായിക്കുമ്പോഴും ഭദ്രയുടെ മനസ്സ് ആകെ സങ്കടമായിരുന്നു. കാരണം ഹരിക്ക് അവൻ പോയ കാര്യം സാധിച്ചതും ഇല്ല,,, ആ ആളെ കാണാനും കഴിഞ്ഞില്ലല്ലോ എന്നോർത്തപ്പോൾ വിഷമമായി.
എന്റെ ഹരിയേട്ടനെ ഒരിക്കലും വിഷമിപ്പിക്കരുതേ, ആളൊരു പാവമാണ്, ഒരുപാട് നന്മയുള്ള മനസ്സിന്റെ ഉടമ.. അതുകൊണ്ടാണല്ലോ അദ്ദേഹമണിയിച്ച താലി ഇന്നെന്റെ മാറിൽ പറ്റിച്ചേർന്ന് കിടക്കുന്നത്..
ആരുടെ മുന്നിലും തല കുനിഞ്ഞു പോകാതെ, എന്റെ ഹരിയേട്ടനെ പൂർവാധികം ശക്തിയോടുകൂടി ഉയർത്തെഴുന്നേൽപ്പിച്ചു കൊണ്ടുവരണേ, പെറ്റമ്മയാണ് അദ്ദേഹത്തിന്റെ ശത്രുവെന്നത് നിനക്ക് അറിയാല്ലോ കണ്ണാ…
എന്റെ ഹരിയേട്ടന്റെ കണ്ണ് നനയ്ക്കാൻ ഇനി നീ ഇട വരുത്തരുത്..
ആ താലി അവളുടെ ഉള്ളം കയ്യിലേക്ക് എടുത്തു കൊണ്ട്, അതിൽ ചുണ്ടമർത്തി ഭദ്ര ദൈവത്തോട് പ്രാർത്ഥിച്ചു.
***
ഫിലിപ്പ് അപ്പോൾ എല്ലാം പറഞ്ഞതുപോലെ… അറിയാല്ലോ ഹരിക്കു എന്റെ സ്വത്ത് വകകളിൽ ഒന്നും തന്നെ യാതൊരു പങ്കുമില്ല.
എന്റെ ബിസിനസ് സ്ഥാപനങ്ങളിൽ നിന്നെല്ലാം ഞാൻ അവനെ തുടച്ചു മാറ്റിയിരിക്കുകയാണ്.
എന്തെങ്കിലും പുതിയ തന്ത്രങ്ങളുമായി അവൻ ഫിലിപ്പിനെ സമീപിച്ചാൽ, അവനുവേണ്ടി വലിയൊരു തുക ഈ ബാങ്കിൽ നിന്ന് കൈമാറുവാൻ ഫിലിപ്പ് തുനിഞ്ഞിട്ടുണ്ടെങ്കിൽ, പിന്നെ ഫിലിപ്പിന്റെ കുടുംബം വിറ്റു പോലും, ഈ കടബാധ്യത മാറ്റാൻ പറ്റില്ല. അതുകൊണ്ട് ഒന്ന് കരുതിയിരിക്കുന്നതാണ് നല്ലത്. ഹരി ഫിലിപ്പിനെ കാണുവാൻ വരും ഉറപ്പായും വരും.. അതെനിക്ക് കൃത്യമായിട്ട് തന്നെ അറിയാം. അതിനു മുൻപ് ഈ കാര്യങ്ങളൊക്കെ ഒന്ന് ധരിപ്പിക്കണം എന്ന് തോന്നി..
കസേരയിൽ ഒന്നുകൂടി ഒന്ന് ഇളകി ഇരുന്നുകൊണ്ടാണ് മഹാലക്ഷ്മി അയാളോട് പറയുന്നത്.
എല്ലാം കേട്ടുകൊണ്ട് തൊട്ടരികിലായി ഐശ്വര്യയും ഉണ്ട്.
ഇല്ല മാഡം യാതൊരു കാരണവശാലും ഈ ബാങ്കിൽ നിന്നും ഹരിക്ക് ഒരു ലോൺ പ്രൊവൈഡ് ചെയ്യുന്നതല്ല. ഇങ്ങനെ ഇവിടെ വന്ന് ഈ കാര്യങ്ങളൊക്കെ ധരിപ്പിക്കുവാനായി മാഡം കാണിച്ച ആ വലിയ മനസ്സ്… സത്യത്തിൽ എങ്ങനെ നന്ദി പറയണം എന്ന് പോലും എനിക്കറിഞ്ഞുകൂടാ..
ഇതിപ്പോൾ ഹരി ആയിരുന്നു ആദ്യം വന്നതെങ്കിൽ ഒരുപക്ഷേ ഞാൻ അയാൾക്ക് ഒരു ഹ്യൂജ് എമൗണ്ട് പാസാക്കുവാനുള്ള എല്ലാ നടപടികളും സ്വീകരിച്ച പോയേനെ.
ഹ്മ്… അതുകൊണ്ടല്ലേ ഫിലിപ്പ് ഞാൻ നേരത്തെ തന്നെ വന്നത്.
എനിക്കറിയാമായിരുന്നു അല്ലെങ്കിൽ തനിക്ക് ഇതുപോലെ അബദ്ധം എന്തെങ്കിലും പറ്റും എന്നുള്ളത്.. എനിവേ ഞങ്ങൾ അല്പം തിരക്കിലാണ്.ബാങ്ക്മായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഇനി നോക്കി നടത്തുന്നത് , എന്റെ മരുമകളും മൂത്തമകനും ചേർന്നാണ്. ഹരിയുടെ സ്ഥാനത്ത് ഇന്നുമുതൽ ഐശ്വര്യയാണ്,,,,, ഒഫീഷ്യൽ ആയിട്ടുള്ള അനൗൺസ്മെന്റ് ഒക്കെ നടത്തിയ ശേഷമാണ് ഞാൻ തന്നെ കാണുവാനായി വന്നത്. അപ്പോൾ ശരി ഞങ്ങൾ ഇറങ്ങട്ടെ.
മഹാലക്ഷ്മി എഴുന്നേറ്റ് അവന്റെ കൈയിൽ പിടിച്ചു കുലുക്കികൊണ്ട് പറഞ്ഞു.
ഓക്കേ മാഡം… എന്താവശ്യമുണ്ടെങ്കിലും എന്നെ വിളിച്ചാൽ മതി.
അവനും പുഞ്ചിരിച്ചു……കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…