പൗർണമി തിങ്കൾ: ഭാഗം 81
രചന: മിത്ര വിന്ദ
ഹലോ ബാബുരാജ്.. എന്നെ മനസ്സിലായില്ലെന്ന് തോന്നുന്നു.
പോള് അയാളെ നോക്കി ചോദിച്ചു.
ഇല്ല,,, എനിക്ക് പെട്ടെന്ന് ആളെ അങ്ങോട്ട് പിടികിട്ടിയില്ല കേട്ടോ.എവിടെയോ കണ്ടു മറന്ന പോലെ
ഞാൻ കാതറിന്റെ പപ്പയാണ്. പൗർണമിയുടെ ഫ്രണ്ട് കാത്തു ഇല്ലേ.
അയ്യോ, കേറി വന്നാട്ടെ. എനിക്കിപ്പോ ആളെ മനസിലായി.,ഞാൻ കണ്ടിട്ടുണ്ട് കെട്ടോ, ഇതിപ്പോ പെട്ടന്ന്, അങ്ങട്… ശോ മറന്നു പോയ കൊണ്ടാ.
അതൊന്നും സാരമില്ലന്നെ, ഇതൊക്ക അതിന് വല്യ സംഭവമാണോ.
പോള് ആണെങ്കിൽ ബാബുരാജിന്റെ തോളിൽ തട്ടി.
എന്നിട്ട് ഉമയെ നോക്കി ഒന്നു പുഞ്ചിരിച്ചു..
കാത്തുന്റെ പപ്പയാ..
എനിക്ക് മനസിലായി. അകത്തേക്ക് ഇരിക്കാം.
ഉമ ഭവ്യതയോടെ പറഞ്ഞു
പോള് ഉമ്മറത്തേക്ക് കയറി. അവിടമാകെ ഒന്നു നിരീക്ഷണമൊക്കെ നടത്തി.
അടുക്കും ചിട്ടയുമുള്ള നല്ലൊരു വീട് ആണെന്ന് അയാൾ ഓർത്തു.
കാത്തുവിന് ഇപ്പോൾ എങ്ങനെയുണ്ട്?
കുറഞ്ഞു വരുന്നു.. ലാപ്രോസ്കോപിക് സർജറി ആയതുകൊണ്ട്, ഒരുപാട് ദിവസത്തെ റസ്റ്റിന്റെ ഒന്നും ആവശ്യമില്ല. ഉടനെതന്നെ അവൾ ബാംഗ്ലൂരിലേക്ക് തിരിക്കും.
പോള്, അവരെ രണ്ടാളെയും നോക്കി പറഞ്ഞു.
കുടിക്കാൻ എടുക്കട്ടെ?
ഉമ ചോദിച്ചു
ആഹ്… ഒരു അസ്സല് ചായ അങ്ങട് എടുത്തോളൂ..
ചിരിയോടെ പോള് പറഞ്ഞപ്പോൾ ഉമ അകത്തേക്ക് വലിഞ്ഞു.
ഇതുവഴി പോയപ്പോൾ അപ്രതീക്ഷിതമായി പോള് കയറിയതാണെന്ന് ബാബുരാജിന്റെ ധാരണ
മോള് വിളിച്ചാരുന്നോ കാലത്തെ?
ആഹ്,വിളിച്ചു.ഓഫീസിൽ പോകും മുന്നേ എന്നും വിളിക്കുന്നതാ.അതാണ് പതിവ്.
ഹ്മ്മ്… അച്ഛനോട് ഇത്തിരി അടുപ്പം കൂടുതലാണെന്ന് തോന്നുന്നു…. കാത്തു എപ്പോളും പറയും,പൗർണമിയ്ക്ക് അവളുടെ അച്ഛനെയാണ് ഒരുപാട് ഇഷ്ട്ടമെന്ന്.
മ്മ്… അവൾക്ക് പണ്ട് മുതലേ അങ്ങനെയാ.. പെൺകുട്ട്യോൾക്കു സ്വതവേ അച്ഛന്മാരോട് ഇത്തിരി ഇഷ്ട്ടം ഉണ്ടല്ലോ… അതിന്റെയാവും.
ആഹ് അതും ശരിയാണ്. അവിടെ എന്റെ രണ്ടു പെൺകുട്ടികൾക്കും, എന്നോടും ഇതേപോലെ അടുപ്പമാണ്. എന്നാലും അതിനേക്കാൾ, ഒരിത്തിരി കൂടുതല്, എന്റെ മൂത്ത മകനാണെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് കേട്ടോ.
അലോഷിയേ എനിക്ക് അറിയാം, നല്ല പയ്യനാ, ബാംഗ്ലൂരിൽ ചെന്നപ്പോൾ ഞാൻ പരിചയപ്പെട്ടയിരുന്നു.
ബാബുരാജ് അത്രയും പറഞ്ഞപ്പോൾ പോളിന് സന്തോഷമായി. അപ്പോഴേക്കും ഉമ ചായയുമായി വന്നു..
ചായ കൊടുത്ത ശേഷം ഉമ അകത്തേക്ക് പിൻവലീയുവാൻ തുടങ്ങിയതും,പോള് അവരെ വിളിച്ചു..
പൗർണമിയുടെ അമ്മയോടും അച്ഛനോടും കൂടി ഒരു കാര്യം സംസാരിക്കാനാണ് ഞാൻ വന്നത് കേട്ടോ.
ചായ ഒരു ഇറക്കു കുടിച്ച ശേഷം
അയാൾ പറഞ്ഞു.
എന്തുപറ്റി ചേട്ടാ എന്തെങ്കിലും പ്രശ്നം ഉണ്ടോ..
ബാബുരാജിന് ചോദിക്കാതിരിക്കാൻ ആയില്ല.
ഹേയ്.. എന്തു പ്രശ്നം. അങ്ങനെ ഒരു പ്രശ്നവും ഇല്ലെന്നെ വെറുതെ ടെൻഷൻ ആകേണ്ട കെട്ടോ.
സത്യം പറഞ്ഞാൽ എനിക്ക് പേടിയാണ് ച്ചേട്ടാ, നാട്ടിൻപുറത്തുകാരായത് കൊണ്ട് ആവും. എല്ലാത്തിലും എനിക്ക് ഭയമാണ്.പ്രേത്യേകിച്ചു അന്ന് മോളും അലോഷിയു കൂടി കാത്തുനെ കണ്ടു മടങ്ങുമ്പോൾ ആ സംഭവം കൂടി ഉണ്ടായില്ലേ. അതൊക്കെ കൂടി ആകുമ്പോൾ എനിക്ക് എന്റെ വെളിവും സമാധാനോം നഷ്ട്ടപ്പെട്ട അവസ്ഥയാണ്.
അതൊക്കെ കഴിഞ്ഞില്ലേ.. അങ്ങനെയിനി ഒരു പ്രശ്നോം ഉണ്ടാവില്ല, എന്റെ മകന്റെ കൂടെ പൗർണമി സുരക്ഷിതയായിരിക്കും. അവൾക്ക് ഒരു പോറൽ പോലും വീഴ്ത്തുവാൻ അവൻ സമ്മതിക്കില്ലന്നെ..
ഒരു ചിരിയോടെ പോള് തുടർന്നു.
ഞാനെ,ഇപ്പൊ വന്നത് മറ്റൊരു കാര്യം കൂടി നിങ്ങളോട് പറയാൻ വേണ്ടിയാണ്.എന്റെ കുടുംബത്തിൽ എല്ലാവർക്കും പൗമിയേ ഒരുപാട് ഇഷ്ട്ടമാണ്. ഞങളുടെയൊക്കെ മനസിന് ഇണങ്ങിയ നല്ലൊരു കൊച്ചാണ് പൗർണമി.
അവളെ ഞങ്ങൾക്ക് തന്നേക്കുന്നോ,എന്റെ അലോഷിയുടെ പെണ്ണായിട്ട് കൂടെ കൂട്ടിക്കോട്ടേ.ഞങ്ങളുടെ കുടുംബത്തിൽ സന്തോഷമായിട്ട് പൗമിക്കൊച്ചു കഴിയും എന്നത് എനിയ്ക്ക് നൂറു ശതമാനം ഉറപ്പുണ്ട്., അത് കൂടി ഇവിടെ അറിയിക്കുവാൻ വേണ്ടിയാണ് ഞാൻ ഇപ്പൊ വന്നത് കേട്ടോ..
വളച്ചുകെട്ടൊന്നും ഇല്ലാണ്ട് അയാൾ നേരെ കാര്യം പറഞ്ഞു.
പോളിന്റെ വായിൽ നിന്നും വീണ ഓരോ വാചകങ്ങൾ കേട്ട്കൊണ്ട് ഞെട്ടി വിറച്ചു ഇരിക്കുകയാണ് ബാബുരാജ്. ഒപ്പം ഉമയും.
നമ്മൾ രണ്ട് ജാതിയാണ്, എതിർപ്പുകൾ ഒക്കെ സാധാരണമാണ്. കുടുംബക്കാരൊക്ക ഒരുപാട് പ്രശ്നംമുണ്ടാക്കും. സംഗതി ശരിയാണ്. എന്നാലും നമ്മുട പിള്ളേരുടെ സന്തോഷമല്ലേ നമ്മൾക്ക് വലുത്.
പിന്നെ പണ്ടത്തെ കാലംപോലെയൊന്നുമല്ല. ഇപ്പൊ എത്രയെത്ര, വിവാഹം ഇതുപോലെ നടക്കുന്നുണ്ട്. പരസ്പരം സ്നേഹമുണ്ടെങ്കിൽ, അവിടെ വിശ്വാസവും കടപ്പാടും ഭക്തിയുമൊക്കെ ഉണ്ടാവുന്നെ..
പൗർണമിയ്ക്ക് ഈ ബന്ധം സമ്മതമാണോ ച്ചേട്ടാ.
ഒടുവിൽ ബാബുരാജ് ചോദിച്ചു.
താല്പര്യകുറവൊന്നും ഇല്ലന്നാണ് എന്റെ ഒരു വിശ്വാസം..
ഹ്മ്മ്… അപ്പൊ അവര് തമ്മിൽ ഇഷ്ടത്തിലാണല്ലേ.
അതു ചോദിക്കുമ്പോൾ ആ പാവം മനുഷ്യന്റെ വാക്കുകൾ ഇടറി.
ഇഷ്ട്ടമാണ്…. പിള്ളേർക്ക് രണ്ട്പേർക്കും പരസ്പരം ഇഷ്ടാണ്.
പോള് പറഞ്ഞു
ദേ…. അവിടെ എന്റെ ചിത എരിഞ്ഞടങ്ങിയ ശേഷം അവൾ നിങ്ങളുടെ മകനെ വിവാഹം കഴിച്ചോട്ടെ. എനിക്കതിൽ പ്രശ്നംമില്ല.
പക്ഷെ ഞാൻ ജീവിച്ചിരിക്കുമ്പോൾ ഒരിക്കലും അതു നടക്കില്ല.സമ്മതിക്കില്ല ഞാന്..
അതും പറഞ്ഞുകൊണ്ട് അയാൾ കരഞ്ഞു പോയിരിന്നു
ബാബുരാജ്… ഇതെന്താണ് ഇങ്ങനെ.. ചെ.. കരയാതെ കേട്ടോ.
പോള് എഴുന്നേറ്റു വന്നു അയാളുടെ തോളിൽ തട്ടി.
ച്ചേട്ടാ … എന്റെ മക്കളിൽ ഒരുപാട് പ്രതീക്ഷകളുണ്ട്. അവരുട കല്യാണം എന്ന് പറയുന്നത് എന്റെയും ഇവളുടെയും സ്വപ്നമാണ്. അവൾക്ക് പല ആലോചന വന്നിട്ടുണ്ട്. നല്ലത് നോക്കി നടത്തി വിടാൻ വേണ്ടിയാണ് ഞങ്ങൾ കാത്തിരിക്കുന്നത്. അതിന്റെയിടക്ക് ഇങ്ങനെയൊന്നും പറഞ്ഞു ഞങ്ങളെ വേദനിപ്പിക്കരുത്.
മിഴികൾ തുടച്ചു കൊണ്ട് അയാൾ പറഞ്ഞു.
ബാബുരാജ്….. ഞാൻ.
ചേട്ടന്റെ മകൻ നല്ല പയ്യനാ. ഞങ്ങൾക്ക് ഒക്കെ ഇഷ്ടമാ. പക്ഷെ ഒരിക്കലും എന്റെ മകളുടെ ഭർത്താവായി അലോഷിയെ കാണാൻ ഞ്ഞങ്ങൾക്ക് സാധിക്കില്ല. പൗർണമി.. അവളെ ഒരിക്കലും ഈ ബന്ധം പറഞ്ഞു നിർബന്ധിക്കരുത്.
പാവമാണ് എന്റെ കൊച്ചു. അവളെ എത്രയും പെട്ടന്ന് ഞങ്ങൾ കൂട്ടിക്കൊണ്ട് പോന്നോളം. മകനെയും കാര്യം പറഞ്ഞു മനസിലാക്കിക്കണം….തുടരും………