ടിവികെ എംഎൽഎ വി.എസ്. ബാബു അന്തരിച്ചു; സ്റ്റാലിനെ പരാജയപ്പെടുത്തിയ നേതാവ്
ചെന്നൈ: 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെ പരാജയപ്പെടുത്തിയ തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎ വി.എസ്. ബാബു അന്തരിച്ചു. 75 വയസായിരുന്നു. ദീർഘകാലമായി അസുഖബാധിതനായിരുന്നു. ചെന്നൈയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.24ന് ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.
ശ്വാസ തടസത്തെ തുടർന്ന് സെപ്റ്റംബർ ഒൻപതിന് ചെന്നൈയിലെ എംജിഎം ഹെൽത്ത്കെയറിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് 70 ദിവസത്തോളമായി ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിച്ചിരുന്നു. വ്യാഴാഴ്ച ആരോഗ്യനില വീണ്ടും വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ചെന്നൈ ജില്ലയിലെ കൊളത്തൂർ മണ്ഡലത്തിലെ എംഎൽഎയായിരുന്നു ബാബു. ഡിഎംകെയിൽ ഏരിയ സെക്രട്ടറിയായി രാഷ്ട്രീയ ജീവിതം തുടങ്ങിയ അദ്ദേഹം പാർട്ടിയുടെ നോർത്ത് ചെന്നൈ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. 2006ലാണ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഡിഎംകെയുടെ പ്രാദേശിക മുഖമായിരുന്നു ബാബു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊളത്തൂർ മണ്ഡലത്തിൽ സ്റ്റാലിന്റെ വിജയത്തിന് ബാബു നിർണായക പങ്കുവഹിച്ചിരുന്നു. എന്നാൽ 2011ന് ശേഷം രാഷ്ട്രീയത്തിൽ നിന്ന് കുറച്ചുകാലം മാറി നിന്ന ബാബു 2016ൽ എഐഎഡിഎംകെയിൽ ചേർന്നു. ഈ വർഷം ആദ്യമാണ് പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ്യുടെ സാന്നിധ്യത്തിൽ ടിവികെയിൽ ചേർന്നത്.
ബാബുവിന്റെ മരണത്തിൽ തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി വിജയ്, സ്റ്റാലിൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
ബാബുവിന്റെ മരണത്തോടെ തമിഴ്നാട് നിയമസഭയിലെ ഒഴിവുകളുടെ എണ്ണം ആറായി ഉയർന്നു. ഏറ്റവുമൊടുവിൽ രണ്ട് മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ടിവികെയ്ക്കായിരുന്നു ജയം. മധുരാന്തകം, ധാരാപുരം എന്നിവിടങ്ങളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

അനധികൃത സ്വത്ത് സമ്പാദനക്കേസ്: കെ.എം. ഷാജിക്ക് ആശ്വാസം; വിജിലൻസ് കേസും തുടർനടപടികളും റദ്ദാക്കി ഹൈക്കോടതി

മുംബൈയിലെ ദാദർ റെയിൽവേ സ്റ്റേഷൻ ഇനി ‘ചൈത്യഭൂമി’; പേരുമാറ്റാൻ തീരുമാനം

അഖിലേഷ് യാദവിന്റെ രഥയാത്രയ്ക്കിടെ ബുൾഡോസർ ഇടിച്ചു; ബിജെപി നേതാവിന്റെ മകന് ദാരുണാന്ത്യം

മുഖ്യമന്ത്രി ഇടപെട്ടു; മോസ്കോയിലേക്ക് പറക്കാൻ ഇല്ല: വിവാദമായതോടെ വിദേശയാത്ര റദ്ദാക്കി കെ എം ഷാജി

ബിജെപിയിൽ കടുത്ത അവഗണന; പത്മജ വേണുഗോപാൽ പാർട്ടി വിട്ട് കോൺഗ്രസിലേക്ക് മടങ്ങുന്നു
