പൊതുവഴി തടഞ്ഞ് ഏരിയാ സമ്മേളനം: എംവി ഗോവിന്ദൻ ഇനി ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി
![സിപിഎം 1200](https://metrojournalonline.com/wp-content/uploads/2025/02/images11_copy_2048x1280-780x470.avif)
എറണാകുളം: പൊതുവഴി തടഞ്ഞ് ഏരിയാ സമ്മേളനം നടത്തിയ കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇനി നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി. സത്യവാങ്‌മൂലം സമർപ്പിക്കാൻ എംവി ഗോവിന്ദന് മൂന്നാഴ്ച്ച ഹൈക്കോടതി സാവകാശം നൽകി. എന്നാൽ സംസ്ഥാന പൊലീസ് മേധാവി അധിക സത്യവാങ്‌മൂലം സമർപ്പിക്കണമെന്ന് ഹൈക്കോടതി ആവർത്തിച്ചു.
പൊലീസ് ഉദ്യോഗസ്ഥരുടെ സത്യവാങ്‌മൂലത്തിൽ തൃപ്‌തിയില്ലെന്ന് രേഖപ്പെടുത്തിയായിരുന്നു കോടതി പരാമർശം. റോഡ് അടച്ചുള്ള പരിപാടികൾ ആവർത്തിക്കാതിരിക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്നാണ് പൊലീസ് മേധാവി അറിയിക്കേണ്ടത്. ഇക്കഴിഞ്ഞ തിങ്കളാഴ്‌ച കേസുമായി ബന്ധപ്പെട്ട് മറ്റ് നേതാക്കള്‍ കോടതിയിൽ ഹാജരായിരുന്നു.
തിങ്കളാഴ്ച്ച ഹാജരാകുന്നതിൽ ഇളവ് തേടി എംവി ഗോവിന്ദൻ നൽകിയ അപേക്ഷ അനുവദിച്ചായിരുന്നു കേസ് ഇന്നത്തേക്ക് മാറ്റിയത്. അദ്ദേഹം ഇന്ന് കോടതിയില്‍ ഹാജരായി. അതേസമയം കോടതിയലക്ഷ്യ ഹർജി മാർച്ച് മൂന്നിലേക്ക് മാറ്റി. ഡിസംബർ അഞ്ചിനായിരുന്നു വഞ്ചിയൂരിൽ റോഡ് കെട്ടിയടച്ചുള്ള സിപിഎം പാളയം ഏരിയാ സമ്മേളനം.
കെപിഎസിയുടെ നാടകം ഉൾപ്പെടെ സ്ഥലത്ത് അരങ്ങേറി. സിപിഎം സംസ്ഥാന സെക്രട്ടറി അടക്കമുള്ള നേതാക്കൾ പങ്കെടുത്തിരുന്നു. പരിപാടിയിൽ പങ്കെടുത്ത നേതാക്കളടക്കം മറുപടി പറയേണ്ടി വരുമെന്നു വ്യക്തമാക്കിയായിരുന്നു ഹൈക്കോടതി എംവി ഗോവിന്ദൻ ഉൾപ്പെടെയുള്ളവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്.