സൗദി സെന്‍ട്രല്‍ ബാങ്ക് റമദാന് പ്രവര്‍ത്തി സമയവും ഈദ് അവധിയും പ്രഖ്യാപിച്ചു

റിയാദ്: സൗദി സെന്‍ട്രല്‍ ബാങ്ക് റമദാന് പ്രമാണിച്ച് രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തി സമയവും ഈദ് അവധി ദിനങ്ങളും പ്രഖ്യാപിച്ചു. റമദാന് സമയക്രമത്തിനൊപ്പം ഈ വര്‍ഷത്തെ ചെറിയ പെരുന്നാള്‍, ബലിപെരുന്നാള്‍ അവധികളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ റമദാന് സമയക്രമം രാവിലെ 10 മുതല്‍ വൈകുന്നേരം 4 മണി വരെ ആയിരിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് സാമൂഹിക മാധ്യമമായ എക്സിലുടെ അറിയിച്ചു.
രാജ്യത്തെ ഫിനാന്‍ഷ്യല്‍ ട്രാന്‍സ്ഫര്‍ സെന്ററുകളും പെയ്മെന്റ് സര്‍വീസ് നല്കുന്ന സ്ഥാപനങ്ങളും രാവിലെ ഒമ്പതര മുതല്‍ അഞ്ചരവരെ ആയിരിക്കും പ്രവര്‍ത്തിക്കുക. ആഴ്ചയില്‍ ആറു ദിവസം ഫ്്ളെക്സിബിള് അവേഴ്സ് അടിസ്ഥാനത്തില്‍ ആയിരിക്കും ഇവയുടെ പ്രവര്‍ത്തനം. ചെറിയ പെരുന്നാള്‍ പ്രമാണിച്ച് മാര്‍ച്ച് 30 ഞായറാഴ്ചയായിരിക്കും അവധി ആരംഭിക്കുക. ഏപ്രില്‍ 2 ബുധനാഴ്ചവരെയും അവധി. ബലിപെരുന്നാളിന് ജൂണ്‍ 5 വ്യാഴാഴ്ച മുതല്‍ ജൂണ്‍ 10 ചൊവ്വവരെ ആയിരിക്കും അവധി.
മക്കയിലെയും മദീനയിലെയും എക്സ്ചേഞ്ച് സെന്ററുകളും ബാങ്ക് ശാഖകളും അതിര്‍ത്തി ക്ലോസിങ്ങുകളിലെ ശാഖകളുമെല്ലാം ഉംറ തീര്‍ത്ഥാടകരുടെ സൗകര്യം കണക്കിലെടുത്ത് എല്ലാ ദിവസവും പ്രവര്‍ത്തിക്കുമെന്ന് സൗദി സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. കൂടുതല്‍ ഗതാഗത തിരക്ക് അനുഭവപ്പെടുന്ന ഇടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ബ്രാഞ്ചുകള്‍ അവധി ദിനങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കും. എല്ലാ ദിവസവും സേവനം ഉറപ്പാക്കാന്‍ വേണ്ടിയാണ് ഈ ക്രമീകരണമെന്നും അധികൃതര്‍ വിശദീകരിച്ചു.