ഫർസാനയോട് കടുത്ത പക; അഫാൻ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയത് ഉമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ്

തിരുവനന്തപുരം: നാടിനെ നടുക്കിയ വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാന്റെ നിര്‍ണായകമൊഴി പുറത്ത്. പെൺസുഹൃത്ത് ഫർസാനയോട് തനിക്ക് പ്രണയമല്ലെന്നും കടുത്ത പകയാണ് ഉണ്ടായിരുന്നതെന്നും ഇതാണ് വകവരുത്താൻ കാരണമെന്നാണ് അഫാൻ പറയുന്നത്. പണയം വയ്ക്കാൻ നൽകിയ മാല തിരികെ ചോദിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് അഫാൻ പോലീസിനോട് പറഞ്ഞു.
അഫാന് പണം വയ്ക്കാൻ മാല നൽകിയ വിവരം ഫർസാനയുടെ വീട്ടിൽ അറിഞ്ഞിരുന്നു. ഇതിനു പിന്നാലെ മാല തിരികെ നൽകാൻ ഫർസാന അഫാനോട് ആവശ്യപ്പെട്ടിരുന്നു. ഇതാണ് കടുത്ത പകയ്ക്ക് കാരണം. കൊലപ്പെടുത്താൻ തീരുമാനിച്ച അഫാൻ വളരെ ആസൂത്രണം നടത്തിയതിനുശേഷമാണ് ഫർസാനയെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയത്. മാതാവ് ഷെമിക്ക് സുഖമില്ലെന്ന് പറഞ്ഞാണ് ഫർസാനയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്.
കൊലപാതകം നടത്തുന്നതിനു മുൻപ് നാഗരുകുഴിയിലെ കടയിൽ നിന്ന് അഫാൻ മുളകുപൊടി വാങ്ങിയിരുന്നു. വീട്ടിൽ ഇതിനിടെയിൽ ആരെങ്കിലും വന്നാൽ അവരെ ആക്രമിക്കാനായിരുന്നു ഇത്. പേരുമലയിലെ വീട്ടിൽ ഇന്നലെ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് അഫാൻ ഇക്കാര്യം വെളിപ്പടുത്തിയത്. അതേസമയം താൻ മരിച്ചാൽ ഫർസാനയ്ക്ക് ആരുമില്ലാതെയാകും എന്നുകരുതിയാണ് കൊലപ്പെടുത്തിയതെന്നായിരുന്നു അഫാൻ ആദ്യം നൽകിയ മൊഴി.
അതേസമയം ഉമ്മൂമ്മ സല്‍മാബീവിയെ കൊലപ്പെടുത്തിയതിനു ശേഷമാണ് മാതാവ് ഷെമിയെ അക്രമിച്ചത്. സംഭവദിവസം രാവിലെ 11 മണിക്ക് ഷെമിയുമായി അഫാൻ വഴക്കിട്ടിരുന്നു. ഇതിനു പിന്നാലെ ഷാൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു. ബോധംകെട്ടുവീണ ഷെമി മരിച്ചുവെന്ന് കരുതി പുറത്തു പോയി. ഇവിടെ നിന്ന് ചുറ്റിക വാങ്ങി സല്‍മാബീവി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ അഫാൻ അമ്മ ഷെമി കരയുന്നത് കണ്ടു. ഇതോടെ ചുറ്റികയെടുത്ത് അവരുടെ തലയ്ക്ക് അടിക്കുകയായിരുന്നു.