താനൂരില്‍ പെണ്‍കുട്ടികള്‍ നാടുവിട്ട സംഭവം: യുവാവ് അറസ്റ്റിൽ

മലപ്പുറം: താനൂരില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കാണാതായ സംഭവത്തില്‍ ഒപ്പം യാത്ര ചെയ്ത യുവാവ് അറസ്റ്റില്‍. എടവണ്ണ സ്വദേശി ആലുങ്ങല്‍ അക്ബര്‍ റഹീമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളെ തട്ടികൊണ്ട് പോകല്‍,മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പിന്തുടരല് തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്ക് എതിരെ ചുമത്തിയിരിക്കുന്നത്. കുട്ടികള്‍ മുംബൈയിലെ ബ്യൂട്ടി പാര്‍ലറില്‍ എത്തിയത് യാദൃശ്ചികമെന്നും പൊലീസ് കണ്ടത്തിയിട്ടുണ്ട്.
പെണ്‍കുട്ടികള്‍ക്കൊപ്പം കോഴിക്കോട് നിന്നും മുംബൈയിലേക്ക് യാത്ര ചെയ്ത അക്ബര്‍ റഹീമിനെ ഇന്ന് രാവിലെ അഞ്ച് മണിയോടെ തിരൂരില്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. താനൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ യുവാവിനെ ചോദ്യം ചെയ്ു. കുട്ടികളെ യുവാവ് എങ്ങനെയാണ് സഹായിച്ചത് എന്നാണ് പൊലീസ് പരിശോധിച്ചത്.
അതേസമയം, കുട്ടികളുമായി പൊലീസ് സംഘം തിരൂരിലെത്തി. ഗരിബ് എക്സ്പ്രസില്‍ 12 മണിക്കാണ് പെണ്‍കുട്ടികളും സംഘവും തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.
കഴിഞ്ഞ ബുധനനാഴ്ചയാണ് താനൂര്‍ ദേവദാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളായ കുട്ടികളെ കാണാതായത്. സ്കൂളില്‍ പരീക്ഷയെഴുതാനായി പോകുന്നുവെന്ന് പറഞ്ഞാണ് ഇരുവരും വീട്ടില്‍ നിന്ന് ഇറങ്ങിയത്. സ്കൂളില്‍ കുട്ടികള്‍ എത്താതിരുന്നതോടെ വീട്ടിലേക്ക് വിളിച്ചു ചോദിച്ചപ്പോഴാണ് കാണാതായെന്ന വിവരം അറിയുന്നത്. മൂന്നാം തീയതി ഇരുവരും സ്കൂളിലെത്തി പരീക്ഷ എഴുതിയിരുന്നു. ബുധനാഴ്ച ഒരാള്‍ക്ക് മാത്രമാണ് പരീക്ഷ ഉണ്ടായിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ മുംബൈ ലോണാവാലയില്‍ നിന്ന് കണ്ടെത്തിയത്. മുംബൈ-ചെന്നൈ എഗ്മോര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ലോണാവാലയില്‍ വെച്ചാണ് റെയില്‍വേ പൊലീസ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. തുടര്‍ന്നാണ് നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികളാരംഭിച്ചത്.