വരും ജന്മം നിനക്കായ്: ഭാഗം 67

രചന: ശിവ എസ് നായർ
“ശിവപ്രസാദിന്റെ ജാമ്യം റദ്ദാക്കി പ്രതിയെ ഇന്ന് തന്നെ ജയിലിൽ അടയ്ക്കാൻ ഈ കോടതി വിധിക്കുകയാണ്.” ജഡ്ജി ഉമാ ദേവിയുടെ വാക്കുകൾ ഇടി തീ പോലെയാണ് ശിവപ്രസാദിന്റെ കാതിൽ പതിഞ്ഞത്.
കോടതി വിധി കേട്ടതും ഊർമ്മിള ഞെട്ടലോടെ തന്റെ മകനെ നോക്കി.
“ശിവ… മോനെ… ” ഊർമ്മിള ഉച്ചത്തിൽ അവനെ വിളിച്ചു കരഞ്ഞു. അവർ എഴുന്നേറ്റ് അവന്റെ അടുത്തേക്ക് പോകാൻ തുടങ്ങിയതും ആരൊക്കെയോ ചേർന്ന് ഊർമ്മിളയെ പിടിച്ചു വച്ചു.
“എന്റെ മോനെ ജയിലിൽ അടയ്ക്കാൻ ഞാൻ സമ്മതിക്കില്ല. ഞാൻ ജീവനോടെ ഇരിക്കുമ്പോൾ അവനെ ജയിലിൽ കൊണ്ട് പോകാൻ ഞാൻ സമ്മതിക്കില്ല. കോടതി എന്റെ മോനെ വെറുതെ വിടണം. അവനൊരു തെറ്റും ചെയ്തിട്ടില്ല. ഇവൾ ഒറ്റ ഒരുത്തിയാണ് എന്റെ മോനെ ഈ ഗതിയിലാക്കിയത്.
ഒരു ഭാര്യയുടെ ഒരു കടമയും അവൾ ചെയ്തിട്ടില്ല. എന്നിട്ട് കുറ്റം മൊത്തം എന്റെ മകന് മാത്രം. ഇതെന്ത് നീതിയാണ്.” അലറി കരഞ്ഞു കൊണ്ട് ഊർമിള കോടതിക്ക് നേരെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു.
ആരൊക്കെയോ ചേർന്ന് അവരെ പിടിച്ചു വച്ചു. ഊർമിള ഒത്തിരി തവണ ശിവപ്രസാദിന്റെ അരികിലേക്ക് പോകാൻ നോക്കിയെങ്കിലും എല്ലാവരും കൂടി അവരെ പിടിച്ചു വച്ചത് കാരണം ഊർമിളയ്ക്ക് ശിവപ്രസാദിന്റെ അടുത്തേക്ക് പോകാൻ കഴിഞ്ഞില്ല. ഒടുവിൽ ബിപി കൂടി അവർ തല ചുറ്റി നിലത്തേക്ക് വീണു.
“അമ്മേ… ” ഊർമിള വീണത് കണ്ടതും ശിവപ്രസാദ് അലറി. അവൻ പെട്ടെന്ന് അവരുടെ അടുത്തേക്ക് ഓടി ചെല്ലാൻ ശ്രമിച്ചെങ്കിലും പോലീസുകാർ ശിവപ്രസാദിനെ പിടിച്ചു വച്ചു. കുറച്ച് സമയത്തെ പിടിവലിക്കൊടുവിൽ അവനെ പോലീസുകാർ ജീപ്പിന്റെ അടുത്തേക്ക് കൊണ്ടുപോയി.
ഊർമിളയെ ആരൊക്കെയോ ചേർന്ന് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി.
***
കോടതി വളപ്പിലെ ഒരു ആൽമരത്തിന്റെ ചുവട്ടിൽ അഖിലിനെ നോക്കി മൗനമായി നിൽക്കുകയായിരുന്നു ഗായത്രി. ഈ കേസിൽ തനിക്ക് നീതി ലഭിക്കാൻ കാരണം അഖിൽ ആണെന്ന് അവൾക്കറിയാം. അവന്റെ ഒരു സപ്പോർട്ട് ഒന്നു കൊണ്ട് മാത്രമാണ് താൻ ഇത്രയും വരെ പോരാടി എത്തിയത്. ഓരോന്നോർത്തപ്പോൾ ഗായത്രിയുടെ മിഴികൾ നിറഞ്ഞു.
“എന്റെ കൂടെ നിന്നതിന് ഒത്തിരി നന്ദിയുണ്ട് അഖിലേട്ടാ. ഞാൻ അനുഭവിച്ചതിനൊക്കെ നീതി കിട്ടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല.”
അത് പറയുമ്പോൾ ഗായത്രിയുടെ ശബ്ദം ഇടറി.
“ഇതൊന്നും എന്റെ മിടുക്കു കൊണ്ട് സംഭവിച്ചതല്ല ഗായു. അവൻ നിന്നോട് കാണിച്ച എല്ലാ ക്രൂരതയ്ക്കും നീ തെളിവുകൾ സൂക്ഷിച്ചിരുന്നത് കൊണ്ട് മാത്രമാണ് നിനക്ക് നീതി ലഭിച്ചത്.” അഖിൽ ഒരു പുഞ്ചിരിയോടെ അവളെ നോക്കി.
അവന്റെ വാക്കുകൾ കേട്ട് ഗായത്രി ഒന്ന് നെടുവീർപ്പിട്ടു.
“അടുത്ത ആഴ്ച ഞാൻ തിരിച്ചു പോകും ഗായു. അതിനുമുമ്പ് എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു. ഈ കേസിൽ ഒരു ഒത്തുതീർപ്പ് ഉണ്ടാവട്ടെ എന്ന് കരുതിയാണ് ഇതുവരെ ഞാൻ നിന്നോട് ഒന്നും ചോദിക്കാതിരുന്നത്.” അഖിൽ അല്പം ഗൗരവത്തോടെ പറഞ്ഞു.
അവന്റെ വാക്കുകൾ കേട്ട് അവൾ അഖിലിനെ മനസ്സിലാകാത്ത ഭാവത്തിൽ നോക്കി.
“അഖിലേട്ടന് എന്നോട് എന്താ പറയാനുള്ളത്?”
“എനിക്ക് നിന്നെ ഇപ്പോഴും ഇഷ്ടമാണ് ഗായു. നീയെന്നെ എങ്ങനെയാണ് കാണുന്നതെന്ന് എനിക്കറിയില്ല. പക്ഷേ എന്റെ ഹൃദയം നിറച്ചും ഇപ്പോഴും നീ മാത്രമേ ഉള്ളു. നിനക്ക് പകരം മറ്റൊരു പെണ്ണിനെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ എന്നെക്കൊണ്ട് സാധിക്കില്ല.”
അത് പറയുമ്പോൾ അവന്റെ ശബ്ദം വല്ലാതെ ഇടറി.
പ്രതീക്ഷിക്കാത്തതെന്തോ കേട്ട ഭാവത്തിൽ ഗായത്രിയുടെ മിഴികളിൽ ഞെട്ടൽ പ്രകടമായി.
“അഖിലേട്ടാ… ഞാൻ… എനിക്ക്… ഇനി ഒരിക്കലും എനിക്ക് അഖിലേട്ടന്റെ പഴയ ഗായു ആവാൻ പറ്റില്ല. കൂടുതലൊന്നും ഞാൻ വിശദീകരിക്കണ്ടല്ലോ. എന്റെ സാഹചര്യമെല്ലാം നന്നായി അറിയാവുന്ന ആളല്ലേ. ഞാൻ പറയാതെ തന്നെ എന്റെ മനസ്സ് മനസ്സിലാക്കുന്നതല്ലേ അഖിലേട്ടൻ.”
ഗായത്രി സങ്കടത്തോടെ മുഖം കുനിച്ചു.
“നിന്റെ മനസ്സിൽ എന്താണെന്ന് എനിക്കറിയാം ഗായു. നിനക്ക് വേണ്ടി എത്ര വേണമെങ്കിലും കാത്തിരിക്കാൻ ഞാൻ തയ്യാറാണ്. പക്ഷേ ആ കാത്തിരിപ്പിന്റെ അവസാനം നീ എന്റേതാകുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ എന്റെ കാത്തിരിപ്പിന് ഒരു അർത്ഥമുണ്ടാകു. മറ്റു കാര്യങ്ങൾ ഒന്നും നീ ആലോചിക്കേണ്ടതില്ല.
നീ ശിവപ്രസാദിന്റെ കൂടെ ജീവിച്ചതൊന്നും എനിക്കൊരു പ്രശ്നമേയല്ല. നിന്റെ കൂടെ ജീവിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. നീ ഒരുപക്ഷേ അവന്റെ ഒപ്പം സന്തോഷത്തോടെ ജീവിച്ചിരുന്നെങ്കിൽ അതുകണ്ട് ഞാൻ സന്തോഷിക്കുമായിരുന്നു. എന്നും നിന്റെ സന്തോഷം തന്നെയാണ് എനിക്ക് പ്രധാനം.”
അഖിൽ അവളുടെ കൈകൾ തന്റെ നെഞ്ചോട് ചേർത്ത് പറഞ്ഞു.
” ഞാൻ മറ്റൊരാളുടെ ഭാര്യയായി ജീവിച്ചത് അഖിലേട്ടന് ഒരു പ്രശ്നമല്ലായിരിക്കും. പക്ഷേ അഖിലേട്ടന്റെ അമ്മയ്ക്കും അനിയത്തിക്കും ഒന്നും ഇനി ഒരിക്കലും എന്നെ ഉൾക്കൊള്ളാൻ കഴിഞ്ഞെന്ന് വരില്ല. വെറുതെ അവരുടെ വെറുപ്പ് സമ്പാദിച്ചു കൊണ്ട് അഖിലേട്ടന്റെ കൂടെ എനിക്ക് ജീവിക്കണ്ട.
അഖിലേട്ടനെ ഒരു സുഹൃത്തായി കാണാൻ ഞാൻ ശ്രമിക്കുകയാണ്. എന്നെക്കൊണ്ട് അതിന് സാധിക്കുമോ എന്നൊന്നും അറിയില്ല. എങ്കിലും ഞാനിപ്പോ അഖിലേട്ടന്റെ ഒപ്പം ഒരു ജീവിതം ആഗ്രഹിക്കുന്നില്ല. അത് ആർക്കും ഇഷ്ടപ്പെടില്ല. അതുകൊണ്ട് വെറുതെ എന്തിനാ വേണ്ടാത്ത ആഗ്രഹങ്ങളൊക്കെ മനസ്സിൽ കൊണ്ട് നടക്കുന്നത്. എനിക്ക് ഇങ്ങനെയൊക്കെ ജീവിച്ചാൽ മതി.
എത്ര സമയമെടുത്തായാലും അഖിലേട്ടൻ എന്നെ മറന്നേ പറ്റൂ. മറ്റൊരു പെൺകുട്ടിയെ മനസ്സുകൊണ്ട് സ്വീകരിക്കാൻ ശ്രമിക്കണം. എന്റെ പേര് പറഞ്ഞ് അഖിലേട്ടന്റെ വീട്ടുകാരെ ഇനിയും വിഷമിപ്പിക്കരുത്.
ഈ ജന്മം നമുക്കൊരിക്കലും ഒന്ന് ചേരാൻ കഴിയില്ല അഖിലേട്ടാ. അതുകൊണ്ട് അടുത്ത ജന്മം എങ്കിലും നമുക്ക് ഒരുമിക്കാൻ കഴിയണമേ എന്ന് പ്രാർത്ഥിക്കാം.”
അവന്റെ കൈകളിൽ നിന്ന് തന്റെ കൈകൾ വേർപെടുത്തി കൊണ്ട് ഗായത്രി പിന്തിരിഞ്ഞു നടന്നു.
ആ സമയം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. ഗായത്രിയുടെ മറുപടി അത് തന്നെയായിരിക്കും എന്ന് ഊഹിച്ചിരുന്നത് കൊണ്ട് അഖിലിന് പ്രത്യേകിച്ച് ഞെട്ടലൊന്നും ഉണ്ടായിരുന്നില്ല.
“ഈ ജന്മം എന്റെ ജീവിതത്തിൽ ഒരു പെണ്ണേ ഉള്ളൂ ഗായു. അത് നീ മാത്രമാണ്. ഇപ്പോഴത്തെ നിന്റെ വിഷമം കൊണ്ടാണ് നീ ഇങ്ങനെയെല്ലാം പറയുന്നതെന്ന് എനിക്കറിയാം. കുറച്ചു നാൾ കഴിയുമ്പോൾ നിന്റെ മനസ്സ് മാറും പെണ്ണെ. അന്ന് എന്റെ ജീവിതത്തിലേക്ക് മടങ്ങി വരാൻ നിനക്ക് ഒരു മടിയും ഉണ്ടാവില്ല എന്ന് എനിക്ക് പ്രതീക്ഷയുണ്ട്.
അതുകൊണ്ട് നിനക്ക് വേണ്ടി എത്രനാൾ വേണമെങ്കിലും കാത്തിരിക്കാൻ എനിക്ക് ഒരു മടിയുമില്ല. നീ എനിക്കുള്ളത് തന്നെയാണ്. അതുകൊണ്ടാണ് നിന്റെ ജീവിതം ഇങ്ങനെ അവസാനിച്ചത്.”
അഖിൽ സ്വയമെന്നോണം പറഞ്ഞു കൊണ്ട് മനുവിന്റെ അടുത്തേക്ക് നടന്നു.
“അവളോട് നീ കാര്യം പറഞ്ഞോ?” അഖിലിനെ കണ്ടതും മനു അവനോട് ചോദിച്ചു.
“പറഞ്ഞു…. പക്ഷേ അവൾക്ക് ഇനി ഒരിക്കലും എന്റെ ജീവിതത്തിലേക്ക് വരാൻ പറ്റില്ല എന്നാണ് പറഞ്ഞത്. പക്ഷേ എനിക്ക് പ്രതീക്ഷയുണ്ട് മനു. എന്നായാലും അവൾ എന്റെ ജീവിതത്തിലേക്ക് തന്നെ മടങ്ങി വരും.” ആത്മവിശ്വാസത്തോടെ അഖിൽ പറഞ്ഞു.
“ഗായത്രിയെ കല്യാണം കഴിക്കാൻ നിന്റെ അമ്മയും പെങ്ങളും സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?” മനുവിന്റെ ചോദ്യം കേട്ട് അഖിൽ വിലങ്ങനെ തലയാട്ടി.
“അമ്മയും പെങ്ങളും ഒന്നും സമ്മതിക്കില്ലെന്ന് എനിക്കറിയാം മനു. അവള് ശിവപ്രസാദിനെ കല്യാണം കഴിച്ചപ്പോൾ തന്നെ അമ്മയ്ക്കും അനിയത്തിക്കും അവളോട് ആകെ ദേഷ്യമാണ്.
അത് എങ്ങനെയെങ്കിലും മാറ്റിയെടുക്കണം. എന്റെ അമ്മയുടെ പെങ്ങളുടെ സമ്മതമുണ്ടെങ്കിൽ ഗായത്രിയുടെ മനസ്സ് വേഗം മാറും.” അഖിലിന്റെ സ്വരത്തിൽ പ്രതീക്ഷ നിറഞ്ഞു.
“നിന്നെയും കൊണ്ട് വേഗം വീട്ടിൽ ചെല്ലാൻ നിന്റെ അമ്മ കുറച്ചുമുമ്പ് എന്നെ വിളിച്ച് പറഞ്ഞിരുന്നു.” മനു പെട്ടെന്ന് ഓർമ്മ വന്നതും പറഞ്ഞു.
“എന്താ കാര്യമെന്ന് നീ ചോദിച്ചില്ലേ?”
അഖിൽ ചോദിച്ചു.
“കാര്യമൊന്നും പറഞ്ഞില്ല എത്രയും പെട്ടെന്ന് ചെല്ലാൻ മാത്രമേ പറഞ്ഞുള്ളൂ.”
“എങ്കിൽ വാ നമുക്ക് വേഗം വീട്ടിലേക്ക് പോകാം.” അഖിൽ ബൈക്കിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു.
മനു അവന്റെ പിന്നിലേക്ക് കയറി ഇരുന്നപ്പോൾ അഖിൽ ബൈക്ക് മുന്നോട്ട് എടുത്തു.
**
അമ്മാവന്റെ ബെൻസ് കാർ മുറ്റത്ത് കിടക്കുന്നത് കണ്ടുകൊണ്ടാണ് അഖിൽ തന്റെ വീട്ടിൽ എത്തിച്ചേർന്നത്. അമ്മാവൻ വന്നതു കൊണ്ടായിരിക്കും തന്നോട് വേഗം വീട്ടിലേക്ക് വരാൻ പറഞ്ഞതെന്ന് അവൻ ചിന്തിച്ചു.
മനുവിനോട് യാത്ര പറഞ്ഞ് അഖിൽ ഗേറ്റ് തുറന്ന് വീടിനുള്ളിലേക്ക് കയറി.
ഹാളിലെ സോഫയിൽ അമ്മയോട് സംസാരിച്ചു കൊണ്ട് അമ്മാവൻ ശിവദാസനും സരസ്വതി അമ്മായിയും ഉണ്ടായിരുന്നു.
പെട്ടെന്നുള്ള അവരുടെ വരവ് അത്രപന്തി അല്ലെന്ന് അഖിൽ ഊഹിച്ചു. അപ്പോഴാണ് അഞ്ജുവിന്റെ മുറിയിൽ നിന്നും അമ്മാവന്റെ മകൾ വേണിയും മകൻ വിനോദും എന്തോ പറഞ്ഞ് ചിരിച്ചു കൊണ്ട് പുറത്തേക്ക് വന്നത്…….കാത്തിരിക്കൂ………