കുട്ടിയെ ആക്രമിക്കാനൊരുങ്ങി ഗുണ്ടാസംഘം; തടയാനെത്തിയ അയൽവാസിയായ സ്ത്രീക്ക് വെട്ടേറ്റു

തൃശ്ശൂർ അന്തിക്കാട് താന്ന്യത്ത് പ്രായപൂർത്തിയാകാത്ത കുട്ടിയെ ആക്രമിക്കാനെത്തിയ ഗുണ്ടാ സംഘത്തിന്റെ വെട്ടേറ്റ് അയൽവാസിയായ സ്ത്രീക്ക് ഗുരുതര പരുക്ക്. താന്ന്യം തെക്ക് കുളപ്പാടത്തിന് സമീപം കാതിക്കുടത്ത് കുട്ടന്റെ ഭാര്യ ലീലക്കാണ്(52) വെട്ടേറ്റത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം
തൊട്ടടുത്ത വീട്ടിൽ ഗുണ്ടകൾ ബഹളമുണ്ടാക്കുന്ന ശബ്ദം കേട്ടാണ് ലീലയും മകനും അങ്ങോട്ട് എത്തിയത്. ഗുണ്ടാസംഘം മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് ലീലക്ക് വെട്ടേറ്റത്. നാട്ടുകാർ ഓടിക്കൂടിയതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു
കൈയ്ക്ക് രക്ഷപ്പെട്ട ലീലയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുണ്ടാ ലിസ്റ്റിൽപ്പെട്ട ശ്രീബിൻ, ഷാജഹാൻ എന്നിവരടങ്ങിയ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. ലീലയുടെ ബന്ധുവായ പ്രായപൂർത്തിയാകാത്ത കുട്ടിയെ ആക്രമിക്കാനാണ് ഗുണ്ടാസംഘം ഇവിടേക്ക് എത്തിയത്.