കോളേജിലെ വാർഷികാഘോഷമല്ലല്ലോ; കടയ്ക്കൽ ക്ഷേത്രത്തിലെ ഗാനമേളക്കെതിരെ ഹൈക്കോടതി

കടയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഗാനമേളയിൽ വിപ്ലവ ഗാനം പാടിയ സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി. എങ്ങനെയാണ് ഇത്തരം പരിപാടികളൊക്കെ ക്ഷേത്ര പരിസരത്ത് അനുവദിക്കുന്നതെന്ന് കോടതി ചോദിച്ചു. അസി. ദേവസ്വം കമ്മീഷണറുടെ സീലോട് കൂടിയ രസീത് ഉപയോഗിച്ച് മാത്രമേ ക്ഷേത്ര ഉപദേശക സമിതി ഭക്തരിൽ നിന്ന് പിരിവ് നടത്താവൂവെന്ന് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു
ഈമാസം 10ന് അലോഷി അവതരിപ്പിച്ച ഗാനമേളയിൽ പാടിയ പാട്ടുകൾക്കെതിരെയാണ് പരാതി. ആരാണ് ഇത്തരം പരിപാടികൾ ക്ഷേത്രത്തിൽ ഏർപ്പാടാക്കിയതെന്ന് കോടതി ചോദിച്ചു. ഇത് കോളേജിലെ വാർഷികാഘോഷമല്ല. എൽഇഡി ലൈറ്റുകളും മറ്റും ഘടിപ്പിച്ച സ്റ്റേജിലെ ഒരുക്കങ്ങളും കോടതിയുടെ വിമർശനത്തിന് കാരണമായി
ഇതിനൊക്കെ എവിടെ നിന്നാണ് പണം പിരിക്കുന്നതെന്ന് കോടതി ചോദിച്ചു. ഭക്തർ പണം നൽകുന്നത് ദേവന് വേണ്ടിയാണ്. ആ പണം ഇങ്ങനെ ധൂർത്തടിക്കാനുള്ളതല്ല. പണം കൂടുതലാണെങ്കിൽ അന്നദാനം നടത്തിക്കൂടെയെന്നും കോടതി ചോദിച്ചു.