പോത്തൻകോട് സുധീഷ് കൊലക്കേസ്; 11 പ്രതികളും കുറ്റക്കാരെന്ന് കോടതി

തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലക്കേസിൽ പ്രതികളായ 11 പേരും കുറ്റക്കാരെന്ന് കോടതി. ബുധനാഴ്ച കേസിൽ ശിക്ഷ വിധിക്കും. നെടുമങ്ങാട് പട്ടികജാതി-പട്ടിക വർഗ പ്രത്യേക കോടതിയാണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്.
ഒന്നു മുതൽ മൂന്നു വരെയുള്ള പ്രതികൾ ആയുധം ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഗൂഢാലോചനയ്ക്ക് തെളിവില്ല. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ എല്ലാ പ്രതികൾക്കെതിരെയും നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷ് ഉൾപ്പെടെ 11 പേരാണ് കേസിലെ പ്രതികൾ. പ്രതികൾ ഗുണ്ടകളായതിനാൽ ഭയന്ന് ദൃക്സാക്ഷികടക്കം കൂട്ടത്തോടെ കൂറുമാറിയിരുന്നു. എന്നാൽ സുധീഷിന്റെ വെട്ടിയ കാൽപ്പത്തിയുമായി പോവുന്നതടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ കേസിൽ നിർണായകമായി.
2021 ഡിസംബർ 11 നാണ് മംഗലത്ത് സ്വദേശി സുധീഷിനെ പ്രതികൾ ക്രൂരമായി കൊന്നത്. അക്രമിസംഘത്തെ കണ്ട് ഓടിയൊളിച്ചെങ്കിലും പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കാൽപ്പത്തി വെട്ടിയെടുത്ത് നാട്ടുകാർക്ക് മുന്നിൽ പ്രദർശിപ്പിച്ച് ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തിരുന്നു.