പാക് വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വ്യോമാതിർത്തി അടച്ചു: ജാമറുമായി ഇന്ത്യ

ന്യൂഡൽഹി: പാക്കിസ്ഥാൻ വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് വിലക്ക്. വ്യോമാതിർത്തി അടച്ചിടാൻ പാകിസ്ഥാൻ തീരുമാനിച്ച് ആറു ദിവസങ്ങൾക്കു ശേഷമാണ് ഇന്ത്യയും വ്യോമാതിർത്തി അടച്ചിട്ട് മറുപടി നൽകിയിരിക്കുന്നത്. ഇനിമുതൽ പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയ്ക്ക് മുകളിലൂടെ പറക്കാനാകില്ല.
പഹൽഗാമിൽ ഭീകരാക്രമണത്തിനു പിന്നാലെ, ഇരു രാജ്യങ്ങൾക്കിടിയിലെ സാഹചര്യങ്ങൾ വഷളായതോടെയാണ് ഈ നീക്കം. പാക്കിസ്ഥാൻ എയർലൈൻസ്, പാക്കിസ്ഥാൻ രജിസ്റ്റർ ചെയ്ത വിമാനങ്ങൾ, സൈനിക വിമാനങ്ങളും ഇതിൽ ഉൾപ്പെടും. മേയ് 24 ( പുലർച്ചെ 12) വരെയാണ് നിലവിൽ ഈ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, പാക്കിസ്ഥാൻ വഴിയെത്തുന്ന വിദേശ വിമാന സർവീസുകൾക്ക് തടസമുണ്ടാകില്ല. ഇതോടെ, ദക്ഷിണകിഴക്കൻ ഏഷ്യയും ഓഷ്യാനിയയുമായുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്ന പാക് വിമാനങ്ങൾ ഇനിമുതൽ ഇന്ത്യയെ ചുറ്റിക്കറങ്ങിയാണ് പറക്കേണ്ടത്. ഇത് പാക് എയർലൈൻസിന് സാമ്പത്തികമായും യാത്രാസമയം കണക്കിലെടുത്തും വലിയ തിരിച്ചടിയായാണ് കണക്കാക്കുന്നത്.
ഇതുകൂടാതെ, പടിഞ്ഞാറൻ അതിർത്തിയിൽ അത്യാധുനിക ജാമിങ് സംവിധാനങ്ങളും ഇന്ത്യ വിന്യസിച്ചു. ഏപ്രിൽ 30 മുതൽ മെയ് 23 വരെ പാക്കിസ്ഥാൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി വ്യോമാതിർത്തി അടച്ചതിന് പിന്നാലെയാണ് ജാമിങ് സംവിധാനം ശക്തിപ്പെടുത്തിയതെന്ന് റിപ്പോർട്ടുകൾ. പാക് സൈനിക വിമാനങ്ങൾ ഉപയോഗിക്കുന്ന ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (GNSS) സിഗ്നലുകൾ തടസപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
ജിപിഎസ് (യുഎസ്), ഗ്ലോനാസ് (റഷ്യ), ബെയ്‌ഡൗ (ചൈന) എന്നിവയുൾപ്പെടെയുള്ള ഒന്നിലധികം ഉപഗ്രഹാധിഷ്ഠിത നാവിഗേഷൻ പ്ലാറ്റ്‌ഫോമുകളിൽ തടസങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യൻ ജാമിങ് സംവിധാനങ്ങൾക്ക് കഴിയും. പാക്കിസ്താൻ സൈനിക വിമാനങ്ങൾ ഈ സംവിധാനങ്ങൾ മുഴുവനും ഉപയോഗിക്കുന്നുണ്ടെന്നും വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യയുടെ നീക്കം, പാക് വിമാനങ്ങളുടെ ദിശാനിർണയവും ആക്രമണ ശേഷിയും കുറച്ചേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.