കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും ലഹരി വേട്ട; പിടികൂടിയത് 35 കോടിയുടെ ലഹരി വസ്തുക്കൾ

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ ലഹരിവേട്ട. 34 കിലോ ഹൈബ്രിഡ് കഞ്ചാവും തായ്ലാൻഡ് നിർമിത ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്കറ്റ് എന്നിവയിൽ കലർത്തിയ 15 കിലോ രാസലഹരിയുമാണ് പിടികൂടിയത്. മൂന്ന് യുവതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്
പിടികൂടിയ ലഹരിവസ്തുക്കൾക്ക് 35 കോടി രൂപ വില വരുമെന്നാണ് അധികൃതർ പറയുന്നത്. ഇന്നലെ രാത്രി എയർ ഏഷ്യ വിമാനത്തിൽ എത്തിയ ചെന്നൈ സ്വദേശിനി റാബിയത്ത് സൈദു സൈനുദ്ദീൻ(40), കോയമ്പത്തൂർ സ്വദേശിനി കവിത രാജേഷ് കുമാർ(40), തൃശ്ശൂർ സ്വദേശിനി സിമി ബാലകൃഷ്ണൻ(39) എന്നിവരെയാണ് എയർ കസ്റ്റംസ്, എയർ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്
കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് കസ്റ്റംസ് ഇവരെ പിടികൂടിയത്. ഇവർ തായ്ലാൻഡിൽ നിന്നും മലേഷ്യ വഴിയാണ് കോഴിക്കോട് എത്തിയത്. കഴിഞ്ഞ ദിവസം 18 കിലോ ഹൈബ്രിഡ് കഞ്ചാവും കരിപ്പൂരിൽ നിന്ന് പിടികൂടിയിരുന്നു.