Kerala
ആലപ്പുഴയിൽ 48കാരന് കോളറ സ്ഥിരീകരിച്ചു; ഈ വർഷം റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കേസ്

ആലപ്പുഴയിൽ 48കാരന് കോളറ രോഗബാധ സ്ഥിരീകരിച്ചു. തലവടി സ്വദേശി രഘു പിജിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ ഇയാൾ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ വർഷം റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കേസാണിത്.
കഴിഞ്ഞ ആഴ്ച ശക്തമായ വയറളിക്കവും ചർദിയും ഉണ്ടായതിനെ തുടർന്നാണ് ഇയാളെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗിയുടെ വീടിന്റെ സമീപത്തെ വീടുകളിൽ നിന്ന് ആരോഗ്യവകുപ്പ് സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുന്നുണ്ട്.
ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ് കോളറ. വിബ്രിയോ കോളറേ എന്ന ബാക്റ്റീരിയയാണ് രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്ന് ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ബാക്ടീരിയ ശരീരത്തിലെത്തുന്നത്.