World

ലഷ്‌കര്‍ ഭീകരന്‍ സൈഫുള്ള ഖാലിദ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

ലഷ്‌കര്‍ ഇ ത്വയിബ ഭീകരന്‍ സൈഫുള്ള ഖാലിദ് കൊല്ലപ്പെട്ടു. അജ്ഞാതരുടെ വെടിയേറ്റാണ് ഇയാള്‍ കൊല്ലപ്പെട്ടത്. സൈഫുള്ള നിസാം എന്ന പേരിലും ഇയാള്‍ അറിയപ്പെട്ടിരുന്നു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ വച്ചാണ് കൊല്ലപ്പെട്ടത്. നേപ്പാളില്‍ നിന്ന് ദീര്‍ഘകാലമായി ഭീകരപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വരികയായിരുന്നു. ഇന്ത്യയില്‍ മൂന്ന് ഭീകരാക്രമങ്ങള്‍ ആസൂത്രണം ചെയ്തിരുന്നു. സിന്ധിലെ,മത്‌ലി ഫാല്‍ക്കര ചൗക്കിലെ വീട്ടിന് മുന്നില്‍ വച്ചാണ് സൈഫുള്ള ഖാലിദ കൊല്ലപ്പെട്ടത്.

റാംപൂരില്‍ 2001ല്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ നടന്ന ആക്രമണം സൈഫുള്ള ഖാലിദ് ആസൂത്രണം ചെയ്തതാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 2005ലെ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് ആക്രമണത്തിലും 2006ല്‍ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തിലും ഇയാള്‍ക്ക് പങ്കുണ്ട്. അഞ്ച് വര്‍ഷക്കാലളവില്‍ നടന്ന ഈ മൂന്ന് ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ലഷ്‌കര്‍ ഇ ത്വയിബയ്ക്ക് ഇന്ത്യയില്‍ കുപ്രസിദ്ധി നേടിക്കൊടുക്കുകയും ചെയ്തു.

നിരവധി വര്‍ഷങ്ങളായി ഇയാള്‍ നേപ്പാളിലാണ് താമസിച്ചിരുന്നത്. അവിടെ വ്യാജപ്പേരില്‍ നിരവധി ജോലികള്‍ ചെയ്താണ് ഇയാള്‍ ജീവിച്ചിരുന്നത്. നേപ്പാളിയായ നഗ്മ ബാനു എന്ന സ്ത്രീയെ ഇയാള്‍ വിവാഹം കഴിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈയടുത്താണ് ഇയാള്‍ പാകിസ്താനിലേക്ക് തിരികെ വന്നത്. ലഷ്‌കര്‍ ഇ ത്വയിബ കൂടാതെ ഭീകര സംഘടനയായ ജമാഅത്ത് ഉദ് ദവയിലും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു.

Related Articles

Back to top button
error: Content is protected !!