നിരന്തരം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നു; ജി സുധാകരനെതിരെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം

തപാൽ വോട്ടുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തിന് പിന്നാലെ മുതിർന്ന സിപിഎം നേതാവ് ജി സുധാകരനെതിരെ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം. സുധാകരൻ നിരന്തരം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് വിമർശനമുയർന്നു.
തപാൽ വോട്ട് തിരുത്തിയെന്ന പ്രസംഗം പാർട്ടിയെ മോശമാക്കാൻ വേണ്ടി നടത്തിയതാണെന്നും സർക്കാരിനെ ഇകഴ്ത്തി കാണിക്കാൻ ശ്രമിച്ചെന്നും വിമർശനമുയർന്നു. സുധാകരനെതിരെ പാർട്ടി പരസ്യമായി നിലപാട് പ്രഖ്യാപിക്കണമെന്ന ആവശ്യവും ജില്ലാ സെക്രട്ടേറിയറ്റിൽ ഉയർന്നു. വിഷയം സംസ്ഥാന കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തും.
36 വർഷം മുമ്പ് ആലപ്പുഴയിൽ മത്സരിച്ച കെ വി ദേവദാസിനായി തപാൽവോട്ട് തിരുത്തിയെന്നായിരുന്നു സുധാകരന്റെ ഗുരുതര വെളിപ്പെടുത്തൽ. പ്രസംഗത്തിന് പിന്നാലെ സമ്മർദത്തിലായ സുധാകരൻ പ്രസ്താവന മയപ്പെടുത്തിയെങ്കിലും പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.