പാലക്കാട് ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കിയ സംഭവം; ജില്ലാ കലക്ടർ റിപ്പോർട്ട് തേടി

പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക് സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരി ആശിർനന്ദ ആത്മഹത്യ ചെയ്ത സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ജില്ലാ കലക്ടർ. ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥർ സ്‌കൂളിലെത്തി തെളിവെടുത്തു. സ്‌കൂളിൽ ഒരു പീഡനവും നടന്നിട്ടില്ലെന്നാണ് പ്രിൻസിപ്പൽ നൽകുന്ന വിശദീകരണം.
വിദ്യാർഥിനിക്ക് കണക്ക് പരീക്ഷയിൽ മാർക്ക് കുറവായതിനാൽ മറ്റൊരു ക്ലാസ്സിലേക്ക് മാറ്റിയിരുന്നു. അത് സത്യമാണെന്നും സ്‌കൂൾ മാനേജ്മെന്റ് പറഞ്ഞു. അതേസമയം സ്‌കൂളിൽ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.
എന്നാൽ ഒൻപതാം ക്ലാസിൽ ക്ലാസ് തുടങ്ങി മാസങ്ങൾ പിന്നിട്ട ശേഷം ഡിവിഷൻ മാറ്റിയിരുത്തിയെന്നും ഇനി മാർക്ക് കുറഞ്ഞാൽ എട്ടാം ക്ലാസിൽ തന്നെ പഠനം തുടർന്നോളാമെന്നും വിദ്യാർഥിനിയെക്കൊണ്ട് എഴുതി വാങ്ങിച്ചുവെന്നുമാണ് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ ദിവസമാണ് ആശിർനന്ദയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.