സെക്രട്ടേറിയറ്റിൽ ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്തു; രണ്ട് പേർ പിടിയിൽ

സെക്രട്ടറിയേറ്റിൽ ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേർ പിടിയിൽ. തിരുവനന്തപുരം ഫോർട്ട് പോലീസാണ് പ്രതികളെ പിടികൂടിയത്. അരുവിക്കര സ്വദേശകളായ അനിൽ ബാബു, കൃഷ്ണൻ എന്നിവരാണ് പിടിയിലായത്. നാല് പേരിൽ നിന്നാണ് 25 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. പൂന്തുറ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സെക്രട്ടറിയേറ്റിലെ അണ്ടർ സെക്രട്ടറിയെന്ന് പറഞ്ഞാണ് ഇവർ തട്ടിപ്പ് നടത്തിയത്. സെക്രട്ടേറിയറ്റിൽ മുൻപ് താത്കാലിക ഡ്രൈവറായി ജോലി ചെയ്തിരുന്നയാളാണ് അനിൽ ബാബു. തീരമേഖലയിലെ സുഹൃത്തുക്കളുമായി ചേർന്ന് തിരുവനന്തപുരം ജില്ലയിലെ വിവിധ മേഖലകളിലെ ആളുകളിൽ നിന്നായാണ് പണം തട്ടിയത്
മാർച്ച് മുതലാണ് ഇവർ തട്ടിപ്പ് ആരംഭിച്ചത്. ജോലി വാഗ്ദാനം ചെയ്ത് ഒരു ലക്ഷം രൂപ വീതം ഓരോരുത്തരിൽ നിന്നും വാങ്ങി. നിരവധി പേർ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.