അവിശ്വസനീയ കുതിപ്പ്: ക്ലബ് ലോകകപ്പിൽ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി സൗദി ക്ലബ് അൽ ഹിലാൽ ക്വാർട്ടറിൽ

ഫിഫ ക്ലബ് ലോകകപ്പിൽ വമ്പൻ അട്ടിമറി. യൂറോപ്യൻ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി സൗദി ക്ലബ് അൽ ഹിലാൽ ക്വാർട്ടറിൽ കടന്നു. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് അൽ ഹിലാലിന്റെ ജയം. നിശ്ചിത സമയം ഇരു ടീമുകളും 2 വീതം ഗോളുകൾ നേടി സമനില പാലിച്ചതോടെയാണ് മത്സരം എക്സ്രട്രാ ടൈമിലേക്ക് നീണ്ടത്
112ാം മിനിറ്റിൽ മാർകോസ് ലിയാനാർഡോ നേടിയ ഗോളിലാണ് അൽ ഹിലാൽ ക്വാർട്ടറിൽ പ്രവേശിച്ചത്. ക്വാർട്ടർ ഫൈനലിൽ ബ്രസീലിയൻ ക്ലബ്ബായ ഫ്ളുമിനെൻസാണ് ഹിലാലിന്റെ എതിരാളികൾ.
9ാം മിനിറ്റിൽ ബെർണാഡോ സിൽവയിലൂടെ സിറ്റിയാണ് ലീഡ് നേടിയത്. രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിൽ ലിയാനാർഡോയിലൂടെ അൽ ഹിലാൽ സമനില പിടിച്ചു. 52ാം മിനിറ്റിൽ മാർകോം നേടിയ ഗോളിൽ ഹിലാൽ കളിയിൽ മുന്നിലെത്തി. എന്നാൽ 55ാം മിനിറ്റിൽ എർലിംഗ് ഹാളണ്ട് സിറ്റിക്ക് സമനില നേടിക്കൊടുത്തു
എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ 94ാം മിനിറ്റിൽ കലിദോ കൗലിബാലി അൽ ഹിലാലിന് മൂന്നാം ഗോൾ സമ്മാനിച്ചു. 104ാം മിനിറ്റിൽ ഫിൽ ഫോഡനിലൂടെ സിറ്റി സമനില പിടിച്ചു. എന്നാൽ 112ാം മിനിറ്റിൽ ലിയാനാർഡോ അൽ ഹിലാലിന് വിജയ ഗോൾ സമ്മമാനിക്കുകയായിരുന്നു.