ശക്തമായ ഇന്ത്യ സുസ്ഥിരമായ ലോകത്തിന് സംഭാവന നൽകും: ഘാനയിൽ പ്രധാനമന്ത്രി മോദി

അക്ര: ഘാനയിലെ അക്രയിൽ നടന്ന പാർലമെൻ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, ശക്തമായ ഇന്ത്യ കൂടുതൽ സുസ്ഥിരവും സമൃദ്ധവുമായ ലോകത്തിന് വലിയ സംഭാവനകൾ നൽകുമെന്ന് പ്രസ്താവിച്ചു. ആഫ്രിക്കയുടെ വികസന യാത്രയിൽ ഇന്ത്യ ഒരു പ്രതിബദ്ധതയുള്ള പങ്കാളിയായി തുടരുമെന്നും മോദി പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമെന്ന നിലയിൽ, ഇന്ത്യ ആഗോള ദക്ഷിണ മേഖലയ്ക്കും സങ്കീർണ്ണമായ വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ എല്ലാവർക്കും ഒരു ശക്തിദുർഗമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം രൂപപ്പെട്ട ലോകക്രമം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും, ആഗോള ഭരണത്തിൽ വിശ്വാസയോഗ്യവും ഫലപ്രദവുമായ പരിഷ്കാരങ്ങൾ ആവശ്യമാണെന്നും മോദി പറഞ്ഞു.
കോളനിവാഴ്ചയുടെ മുറിവുകൾ ഇന്ത്യയുടെയും ഘാനയുടെയും ചരിത്രത്തിലുണ്ടെന്നും എന്നാൽ ഇരു രാജ്യങ്ങളുടെയും ആത്മാവ് എപ്പോഴും സ്വതന്ത്രവും നിർഭയവുമായിരുന്നുവെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. ഇരു രാജ്യങ്ങളും തങ്ങളുടെ സമ്പന്നമായ പൈതൃകത്തിൽ നിന്ന് ശക്തിയും പ്രചോദനവും ഉൾക്കൊള്ളുന്നുവെന്നും സാമൂഹിക, സാംസ്കാരിക, ഭാഷാ വൈവിധ്യത്തിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ നിലവിൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാണെന്നും, സ്ഥിരതയുള്ള രാഷ്ട്രീയം, മികച്ച ഭരണം എന്നിവയുടെ പിൻബലത്തിൽ ഇന്ത്യ ഉടൻതന്നെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആഗോള വളർച്ചയിൽ ഏകദേശം 16 ശതമാനത്തോളം ഇന്ത്യ സംഭാവന ചെയ്യുന്നുണ്ടെന്നും, ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ ഇന്ത്യയിലാണുള്ളതെന്നും മോദി കൂട്ടിച്ചേർത്തു.
ഈ സന്ദർശനത്തിൽ ഘാനയുടെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ ‘ദി ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചിരുന്നു. മൂന്ന് പതിറ്റാണ്ടിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഘാന സന്ദർശിക്കുന്നത് ഇത് ആദ്യമാണ്. ആഫ്രിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനും “ഗ്ലോബൽ സൗത്ത്” രാജ്യങ്ങളുമായുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനും ഈ സന്ദർശനം ഊന്നൽ നൽകുന്നു. ഉഭയകക്ഷി ബന്ധം ഒരു സമഗ്ര പങ്കാളിത്തത്തിലേക്ക് ഉയർത്താനും പ്രതിരോധം, വ്യാപാരം, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി.