ഓട്ടിസം ബാധിച്ച കുട്ടിയെ ക്രൂരമായി മർദിച്ച സംഭവം; രണ്ടാനമ്മ പോലീസിൽ കീഴടങ്ങി

പെരിന്തൽമണ്ണയിൽ ഓട്ടിസം ബാധിച്ച കുട്ടിയെ ക്രൂരമായി മർദിച്ച കേസിൽ രണ്ടാനമ്മ പോലീസിൽ കീഴടങ്ങി. നിലമ്പൂർ സ്വദേശിയും അധ്യാപികയുമായ ഉമൈറയാണ് കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ മാതാവ് അർബുദബാധിതയായി 2020 ഒക്ടോബറിൽ മരിച്ചിരുന്നു
പിന്നാലെ പിതാവ് ഉമൈറയെ വിവാഹം ചെയ്തു. കുട്ടിയുടെ മാതാവ് ജോലി ചെയ്തിരുന്ന അതേ സ്‌കൂളിൽ ഉമൈറ അധ്യാപികയായി ജോലിക്ക് കയറി. സ്വന്തം ഉമ്മയുടെ മാതാപിതാക്കൾക്കൊപ്പമാണ് കുട്ടി ആദ്യം താമസിച്ചിരുന്നത്
പിതാവ് കോടതി വഴി കുട്ടിയുടെ സംരക്ഷണം ഏറ്റുവാങ്ങുകയായിരുന്നു. ആഴ്ചയിൽ രണ്ട് ദിവസം കുട്ടിയെ ഉമ്മയുടെ മാതാപിതാക്കൾ വീട്ടിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ മാസം ഇതുപോലെ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയുടെ ദേഹത്താകെ മുറിവുകളും പാടുകളും കാണുന്നത്. കുട്ടിക്ക് നടക്കാനും പ്രയാസമുണ്ടായിരുന്നു
തുടർന്ന് ചൈൽഡ് ലൈനിൽ പരാതി നൽകി. ചൈൽഡ് ലൈൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ ഉമൈറ ഒളിവിൽ പോകുകയായിരുന്നു.