ഛത്തിസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ഛത്തിസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്. ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങളെ പ്രോസിക്യൂഷൻ എതിർത്തുവെങ്കിലും പൂർണമായി ഖണ്ഡിച്ചിരുന്നില്ല. സാങ്കേതികമായി മാത്രമാണ് സർക്കാർ ജാമ്യ ഹർജിയെ എതിർത്തത്. കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രോസിക്യൂഷൻ അറിയിച്ചിരുന്നു
മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. ഒമ്പത് ദിവസമായി ദുർഗിലെ ജയിലിൽ തുടരുകയാണ് കന്യാസ്ത്രീകൾ. ബിലാസ്പൂർ എൻഐഎ കോടതിയാണ് ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയുക.
മനുഷ്യക്കടത്ത്, മതപരിവർത്തന കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് കന്യാസ്ത്രീകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ് വാദിച്ചു. അഞ്ചാമത്തെ വയസ്സിൽ മതപരിവർത്തനം നടത്തിയ ആളാണ് യുവതി. ജോലിക്ക് കൊണ്ടുപോയതിന് പൂർണമായ രേഖകളുമുണ്ട്. അതുകൊണ്ട് തന്നെ ചുമത്തിയത് അടിസ്ഥാനമില്ലാത്ത കുറ്റമാണെന്ന് അഭിഭാഷകൻ വാദിച്ചിരുന്നു.