പരസ്യ മദ്യപാനം: കൊടി സുനി അടക്കമുള്ള ടിപി വധക്കേസ് പ്രതികൾക്കെതിരെ കേസ്

പരസ്യമായി മദ്യപിച്ച സംഭവത്തിൽ ടിപി വധക്കേസ് പ്രതികൾക്കെതിരെ കേസെടുത്തു. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കെതിരെയാണ് തലശ്ശേരി പോലീസ് കേസെടുത്തത്. ഇവർക്ക് മദ്യം എത്തിച്ചു നൽകിയ കണ്ടാലറിയാവുന്നവർക്കെതിരെയും കേസെടുത്തിട്ടുണ്ട്
മാഹി ഇരട്ടക്കൊലക്കേസിൽ നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയാണ് കൊടി സുനിയും മുഹമ്മദ് ഷാഫിയും ഷിനോജും. ജൂൺ പതിനേഴിന് കേസിലെ വിചാരണയുടെ ഭാഗമായി തലശ്ശേരി അഡീഷണൽ ജില്ലാ കോടതി മൂന്നിൽ ഹാജരാക്കിയിരുന്നു. കോടതി നടപടികൾക്ക് ശേഷം തിരികെ പോകുന്നതിനിടെ പ്രതികൾക്ക് ഭക്ഷണം വാങ്ങി നൽകുന്നതിനായി വിക്ടോറിയ ഹോട്ടലിന് സമീപം പോലീസ് വാഹനം നിർത്തി.
ഇതിനിടെയാണ് പ്രതികൾ മദ്യപിച്ചത്. കാറിലെത്തിയ സംഘമാണ് മദ്യം എത്തിച്ചുനൽകിയത്. സംഭവം വിവാദമായതോടെ വകുപ്പുതല അന്വേഷണം നടക്കുകയും മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.