National
ജമ്മു കാശ്മീരിലെ ഉറിയിൽ നുഴഞ്ഞുകയറ്റം; തടയാൻ ശ്രമിക്കുന്നതിനിടെ രണ്ട് സൈനികർക്ക് വീരമൃത്യു

ജമ്മു കാശ്മീരിലെ ബാരമുല്ലയിൽ നുഴഞ്ഞുകയറ്റം തടയാൻ ശ്രമിക്കുന്നതിനിടെ രണ്ട് സൈനികർക്ക് വീരമൃത്യു. ശിപായ് ബനോത് കുമാറാണ് വീരമൃത്യു വരിച്ച ഒരു സൈനികൻ. രണ്ടാമത്തെയാളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രണ്ട് സൈനികർക്ക് പരുക്കേറ്റു.
ഇന്നലെ രാത്രി മുതൽ ആരംഭിച്ച ഏറ്റുമുട്ടൽ ഇന്ന് രാവിലെ വരെ നീണ്ടു. നിയന്ത്രണരേഖയോട് ചേർന്ന ബാരാമുല്ലയിലെ ഉറി സെക്ടറിലാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. സൈന്യത്തിന്റെ ശ്രദ്ധ തിരിക്കാൻ പാക് ബോർഡർ ആക്ഷൻ ടീം ഉറിയിലെ ഫോർവേർഡ് പോസ്റ്റിന് നേർക്ക് തുടർച്ചയായി വെടിവെപ്പ് നടത്തിയിരുന്നു. ഇതിനിടെയാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്.
ഭീകരവാദികൾക്കെതിരെ ഓപറേഷൻ അഖാൽ എന്ന പേരിൽ സൈനിക നടപടി തുടരുന്നതിനിടെയാണ് കാശ്മീരിൽ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച ഓപറേഷൻ അഖാൽ തുടരുകയാണ്.