കിഷ്ത്വാറിൽ കാണാതായവർക്കുള്ള തെരച്ചിൽ ഇന്നും തുടരും; മരണസംഖ്യ 65 ആയി

ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മിന്നൽ പ്രളയത്തിൽ കാണാതായവർക്കുള്ള തെരച്ചിൽ ഇന്നും തുടരും. മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 65 ആയി. ഇരുന്നൂറോളം പേരെ കാണാതായെന്നാണ് റിപ്പോർട്ട്. മരിച്ചവരിൽ 34 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്
ഡ്രോണുകളും ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാറുകളും എത്തിച്ച് തെരച്ചിൽ ഊർജിതമാക്കാനാണ് ശ്രമം. സൈന്യമാണ് തെരച്ചിലിന് നേതൃത്വം നൽകുന്നത്. പരുക്കേറ്റവർക്ക് ചികിത്സ നൽകുന്നതിനായി താത്കാലിക മെഡിക്കൽ ക്യാമ്പും സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്
മച്ചൈൽ മാതാ ക്ഷേത്രത്തിലേക്കുള്ള വഴിയിലെ വാഹന ഗതാഗതയോഗ്യമായ അവസാന ഗ്രാമമായ ചാസോതിയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ട ഭൂരിഭാഗവും ക്ഷേത്രത്തിലേക്ക് എത്തിയ തീർത്ഥാടകരാണ്. 150 ഓളം പേർക്ക് പ്രളയത്തിൽ പരുക്കേറ്റിരുന്നു. നിരവധി പേരെ പ്രദേശത്തു നിന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. കേന്ദ്ര മന്ത്രി ജിതേന്ദർ സിംഗ് ഇന്ന് കിഷ്ത്വർ സന്ദർശിക്കും.