തൃപ്തികരമായ വിശദീകരണം വേണം; വ്യക്തത വരുത്താതെ രാഹുലിന് തുടർ പരിഗണനയില്ലെന്ന് എഐസിസി

രാഹുൽ മാങ്കൂട്ടത്തിൽ നിരപരാധിത്വം തെളിയിക്കണമെന്ന നിലപാടിലുറച്ച് എഐസിസി. കാര്യങ്ങൾ വ്യക്തമാക്കാതെ ഇനി തുടർ പരിഗണനകളില്ല. രാഹുലിൽ നിന്ന് തൃപ്തികരമായ വിശദീകരണം ലഭിച്ചില്ലെന്നും നേതൃത്വം പറയുന്നു. അതേസമയം തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം. ഇക്കാര്യം കോൺഗ്രസ് നേതാക്കളെ അറിയിച്ചു
എന്നാൽ ഇക്കാര്യം രാഹുൽ തന്നെ വിശദീകരിക്കട്ടെ എന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വത്തിനുള്ളത്. ലൈംഗിക ആരോപണങ്ങൾ നേരിട്ട രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമികാംഗത്വത്തിൽ നിന്ന് കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. പാർലമെന്ററി പാർട്ടിയിലും രാഹുലിന് അംഗത്വമുണ്ടാകില്ല.
എന്നാൽ രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവർത്തിക്കുകയാണ് സിപിഎമ്മും ബിജെപിയും. പാർട്ടിക്ക് വേണ്ടാത്ത നേതാവിനെ എന്തിനാണ് പാലക്കാട്ടെ ജനങ്ങൾ സഹിക്കുന്നതെന്നും ഇവർ ചോദിക്കുന്നു.