ഇൻസ്റ്റന്റ് നൂഡിൽസ് പച്ചയ്ക്കു കഴിച്ച കുട്ടി മരിച്ചു

കുട്ടികളുടെയും ന്യൂജെൻ മാതാപിതാക്കളുടെയും പ്രിയ ഭക്ഷണമാണ് ഇന്നു നൂഡിൽസ്. ഈജിപ്റ്റിലെ കെയ്റോയിൽ കഴിഞ്ഞയാഴ്ചയാണ് പതിമൂന്നുകാരനായ ഹംസ പാകം ചെയ്യാത്ത ഇൻസ്റ്റന്റ് നൂഡിൽസ് കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കും മുമ്പേ മരിച്ചത്. നൂഡിൽസ് പച്ചയ്ക്കു കഴിച്ചതിനെ തുടർന്ന് കടുത്ത അസ്വസ്ഥത നേരിട്ട കുട്ടിയെ ആശുപത്രിയിലേയ്ക്കു കൊണ്ടു പോകും വഴി മരിക്കുകയായിരുന്നു.
വിഷബാധയെന്നാണ് അധികൃതർ ആദ്യം സംശയിച്ചത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടുകളാകട്ടെ നൂഡിൽസ് മലിനമല്ലെന്ന സ്ഥിരീകരണമാണ് നൽകിയത്. എന്നിട്ടും കുട്ടി മരിക്കാനുണ്ടായ കാരണം ഉണങ്ങിയ നൂഡിൽസ് കുടലിലെത്തിയപ്പോൾ വീർത്തതു മൂലമുണ്ടായ കുടൽ തടസവും കടുത്ത നിർജലീകരണവുമായിരുന്നു.
അസംസ്കൃത നൂഡിൽസ് ഇൻസ്റ്റന്റ് ആയതിനാൽ, മുൻകൂട്ടി പാകം ചെയ്തതാണെന്ന വിശ്വാസം മൂലം അസംസ്കൃതമായി തന്നെ കഴിക്കുക എന്നത് അടുത്ത കാലത്തായി സോഷ്യൽ മീഡിയയിൽ വർധിച്ചു വരുന്ന പ്രവണതയാണ്. നിരുപദ്രവകരമായ ലഘുഭക്ഷണമായി കരുതുന്ന ഭക്ഷണം എത്രമേൽ ഗുരുതരമായ സങ്കീർണതകളിലേയ്ക്കാണ് മനുഷ്യ ജീവനെ അമ്മാനമാടുന്നതെന്നതിനു തെളിവാണ് കെയ്റോയിലെ പതിമൂന്നുകാരനായ നൂഡിൽസ് പ്രേമിയുടെ മരണം വെളിച്ചം വീശുന്നത്.
അപകടകാരി ഇൻസ്റ്റന്റ് നൂഡിൽസ്
ഇൻസ്റ്റന്റ് നൂഡിൽസ് പാകം ചെയ്യുമ്പോൾ ആ ചൂടിൽ ബാക്റ്റീരിയകൾ കൊല്ലപ്പെടുന്നു. എന്നാൽ അവ പച്ചയായി കഴിക്കുമ്പോൾ കുടലിനുളളിൽ അവ വീർക്കുകയും തടസങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. ഇനി പാകം ചെയ്തു കഴിച്ചാലും അനാരോഗ്യകരമായ കൊഴുപ്പ്, അമിതമായ സോഡിയത്തിന്റെ സാന്നിധ്യം, എംഎസ്ജി പോലുള്ള കൃത്രിമ ചേരുവകൾ എന്നിവയെല്ലാം മനുഷ്യ ശരീരത്തിനു തകരാറു വരുത്തുന്ന ഘടകങ്ങളാണ്.
ഇടയ്ക്കു കഴിക്കുന്നതു പോലും ശരീര ഭാരം വർധിക്കുന്നതിനും ഉയർന്ന രക്ത സമ്മർദ്ദത്തിനും ദഹന പ്രശ്നങ്ങൾക്കും വഴി തെളിക്കും. ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ട കൃത്രിമ ചേരുവയാണ് എംഎസ്ജിയെങ്കിലും അത് തലവേദന, ഓക്കാനം, ഉയർന്ന രക്തസമ്മർദ്ദം, ബലഹീനത, പേശികൾക്ക് മുറുക്കം, നെഞ്ചു വേദന, ഹൃദയമിടിപ്പ്, ചർമ്മത്തിൽ ചുവപ്പു പാടുകളുണ്ടാകുക തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കാറുണ്ട്.
കുടലിന്റെ അന്തകൻ
നാരുകളും പ്രോട്ടീനുകളും തീരെ കുറവായ ഭക്ഷണമായതിനാൽ അത് പതിവായി കഴിച്ചാൽ മലബന്ധം, ഡൈവേർട്ടിക്കുലാർ രോഗം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു. ആരോഗ്യപരമായ കുടൽ ബാക്റ്റീരിയകൾ ഇതു കഴിക്കുന്നവരിൽ ആവശ്യത്തിനില്ലാതാകുന്നു. പഠനങ്ങളിൽ വ്യക്തമാകുന്നത് ഇൻസ്റ്റന്റ് നൂഡിൽസ് പതിവായി കഴിക്കുന്നത് ഹൃദ്രോഗം, പ്രമേഹം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു.