കോഴിക്കോട് നടക്കാവിൽ നിന്നും തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി

കോഴിക്കോട് നടക്കാവിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. കക്കാടംപൊയിലിന് സമീപത്തെ രഹസ്യ കേന്ദ്രത്തിൽ നിന്നാണ് റഹീസിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘത്തെയും പോലീസ് പിടികൂടി. വയനാട് സ്വദേശി റഹീസിനെ സുഹൃത്തായ സിനാന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് പുലർച്ചെയാണ് തട്ടിക്കൊണ്ടുപോയത്.
നടക്കാവ് സെയിൽ ടാക്സ് ഓഫീസിന് സമീപമുള്ള ജവഹർ നഗർ കോളനിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. റഹീസിനെ കാറിൽ തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ശബ്ദം കേട്ടെത്തിയ പ്രദേശവാസികളാണ് പോലീസിൽ വിവരം അറിയിച്ചത്. പിന്നാലെ പോലീസ് പരിശോധന ആരംഭിക്കുകയായിരുന്നു.
ഇന്നോവ കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയത്. നടക്കാവ് സ്റ്റേഷൻ പരിധിയിലുള്ള യുവതി വിളിച്ചതിനെ തുടർന്നാണ് യുവാവ് സ്ഥലത്ത് എത്തിയത്. യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.