Novel

ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 18

രചന: റിൻസി പ്രിൻസ്‌

വേദനിപ്പിക്കുന്ന ചില ഓർമ്മകളിൽ നിന്നും കുറച്ചുനാളത്തേക്ക് എങ്കിലും ഒരു മാറ്റം ഉണ്ടാകുമല്ലോ എന്ന് മാത്രമാണ് അന്ന് പ്രതീക്ഷിച്ചിരുന്നത്.  തന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ ആന്റിയെ അടുക്കളയിൽ സഹായിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. അവർക്ക് വീട്ടിൽ ആടുള്ളത്  കൊണ്ട് തന്നെ പലപ്പോഴും അതിനെ മാറ്റി കെട്ടാനും അതിന് തീറ്റ കൊടുക്കാനും ഒക്കെ കൊണ്ടുപോകുന്നതായിരുന്നു ആന്റിക്ക് സന്തോഷം.  അവിടെ അടുത്ത് തന്നെ ഒരു റബ്ബർ തോട്ടം ഉണ്ടായിരുന്നു. അവിടെ ആടിനെയും കൊണ്ട് കുറെ നേരം പോയിരിക്കും. അടുത്ത വീട്ടിലുള്ള ഒരു കുട്ടി കൂടി ഒപ്പം വരും. അവൾക്ക് ഒപ്പം അവിടെ ഉള്ള മാടകടയിൽ പോയി ഒരു രൂപയുടെ ആലുവയും ചക്കരമിട്ടായിയും ബോംബെ മിട്ടായിയും ഒക്കെ വാങ്ങും, 100 രൂപ അമ്മച്ചി കൈയ്യിൽ തന്നിട്ടാണ് പോയത്. അതോടെ ആ നിമിഷങ്ങൾ ഏറെ സന്തോഷകരമായി മാറും.

രാത്രിയിൽ കിടപ്പോക്കെ വല്യമ്മച്ചിയുടെ കൂടെയാണ്.  അമ്മാച്ചൻ വൈകിട്ട് വരുമ്പോൾ ആന്റി അടക്കം എല്ലാവരും ശബ്ദം കുറച്ച് സംസാരിക്കാറുള്ളൂ.  അല്പം ഗൗരവക്കാരനാണ് എന്നാൽ ഉള്ളിൽ എല്ലാവരോടും വലിയ സ്നേഹവും ഉണ്ട്. ഓണത്തിന്റെ തലേന്ന് തന്നെ തിരികെ വരണം എന്ന് അമ്മച്ചി വിളിച്ചുപറഞ്ഞു.  അതുകൊണ്ട് ഓണക്കോടിയായി തനിക്കൊരു ചുരിദാർ അമ്മാച്ചൻ വാങ്ങി തന്നിരുന്നു.  അവിടേക്ക് വരേണ്ട ഒരു ആവശ്യമുണ്ട് എന്നും എന്നെ വിളിക്കാൻ വേണ്ടി അമ്മച്ചി ഇങ്ങോട്ട് വരണ്ട എന്നും അമ്മാച്ചനാണ് പറഞ്ഞത്.  ജീപ്പിൽ എന്നെ വീട്ടിലേക്ക് കൊണ്ടുവന്ന് വിട്ടോളാം എന്നും പറഞ്ഞു. അന്ന് അമ്മച്ചാൻ വാങ്ങി തന്ന ചുരിദാർ ഇപ്പോഴും ഓർക്കുന്നുണ്ട്. ഒരു പൊന്മാൻ നീല നിറത്തിലുള്ള ടോപ്പും ഗോൾഡൻ കളറിലെ പാന്റും ഉള്ള ഒരു പട്ടിയാല.  അന്ന് പട്ടിയാല ചുരിദാർ ഇറങ്ങുന്ന സമയമാണ്.  പലർക്കും അത് ഇട്ട് കണ്ടിട്ടുണ്ടെങ്കിലും അങ്ങനെ ഒന്ന് അമ്മച്ചി തനിക്ക് വാങ്ങി തന്നിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഇറങ്ങിയ ഫാഷനിൽ ഉള്ള ചുരിദാർ കയ്യിൽ കിട്ടിയപ്പോൾ വലിയ സന്തോഷം തോന്നിയിരുന്നു.  അത് അണിഞ്ഞു കൊണ്ടാണ് വീട്ടിലേക്ക് പോകാനായി തയ്യാറെടുത്തത്.  വീട്ടിലേക്ക് പോകുമ്പോൾ കപ്പയും കുരുമുളകും കാച്ചിലും ഒക്കെ ആന്റി ചെറിയ കവറിൽ ആക്കി തന്നു വിട്ടിട്ടുണ്ടായിരുന്നു.  ഒപ്പം  വല്ല്യമ്മച്ചി ചെറിയൊരു പൊതിക്കെട്ട് കൊണ്ടുവന്ന കയ്യിലേക്ക് വച്ചു.  എന്റെ കയ്യിലെ ബാഗിൽ സൂക്ഷിച്ചു വെച്ചോളാനും വീട്ടിൽ ചെന്നിട്ട് മാത്രം തുറന്നു നോക്കിയാൽ മതി എന്നും പറഞ്ഞു. വയസ്സ് അറിയിച്ചപ്പോൾ വല്യമ്മച്ചി ഒന്നും തന്നില്ലല്ലോ എന്ന് ഏറെ സ്നേഹത്തോടെയും വാത്സല്യത്തോടെയും മുഖത്ത് തലോടി പറഞ്ഞു.  കെട്ടിപ്പിടിച്ച് ഒരു ഉമ്മയും തന്നു. ഒപ്പം ആന്റി കാണാതെ വല്യമ്മച്ചി തന്റെ  ട്രെങ്ക് പെട്ടി ശബ്ദം ഇല്ലാതെ തുറന്നു, തുറന്നപ്പോൾ തന്നെ കുട്ടികുറ പൗഡറിന്റെ ഗന്ധം മൂക്കിലേക്ക് ഇരച്ചു കയറി, ചെറിയ ഒരു സാമ്പിൾ കുട്ടികുറ പൗഡർ, കസ്തൂരാതി ഗുളിക, ചെറിയ ഒരു സെന്റ് ഒക്കെ ഉണ്ട്. ചട്ടയുടെയും നേര്യതിന്റെയും ഇടയിൽ നിന്ന് കുറച്ചു നോട്ടുകൾ എടുത്തു കൈയ്യിൽ തന്നിട്ട് അമ്മച്ചിയ്ക്ക് കൊടുക്കണം എന്ന് പറഞ്ഞു,

ആന്റിക്കും ഞാൻ പോകുന്നത് ഒരു സങ്കടമായി എന്ന് തോന്നുന്നു.  കുറച്ചു ദിവസങ്ങൾ ഞാൻ ഉണ്ടായിരുന്നുവെങ്കിലും അത് ആന്റിക്കും വലിയ സഹായമായിരുന്നു.  ഏറ്റവും വിഷമം അവർ മണിക്കുട്ടി എന്ന് പേരിട്ടിരുന്ന ആടിനെ പിരിയുന്നതായിരുന്നു.  എന്റെ ഒരു കൂട്ടുകാരി  ആയിരുന്നു അതെന്നു പറയാം. അതിനെ തീറ്റാൻ പോകുന്ന സമയത്ത് ഞാൻ എന്റെ വിഷമങ്ങൾ ഒക്കെ അതിനോട് പറയാറുണ്ട്.  ഒന്നും മനസ്സിലാവില്ലെങ്കിലും കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കുന്നത് കാണുമ്പോൾ ചിരി വരുമായിരുന്നു. അമ്മാച്ചന് ഒപ്പം വീട്ടിലേക്ക് ചെന്ന് കയറുമ്പോൾ അമ്മച്ചി അമ്മാച്ചനെ സൽക്കരിക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. കപ്പയും ബീഫും ഉലത്തിയതും ഒക്കെ കൊടുക്കുന്നുണ്ട്. വല്യമ്മച്ചിയും വലിയ കാര്യത്തിൽ തന്നെയാണ് ഇടപെടുന്നത്.. തിരികെ ഇറങ്ങാൻ നേരം ഗൗരവം ഒട്ടും വിടാതെ തന്നെ അമ്മച്ചിയുടെ കൈകളിലേക്ക് 500 ന്റെ കുറച്ചു നോട്ടുകൾ തിരുകി വെച്ച് കൊടുത്തിരുന്നു അമ്മാച്ചൻ.  അമ്മച്ചിയുടെ ബുദ്ധിമുട്ടുകൾ ഒക്കെ നന്നായി ആൾക്കും അറിയാം. എന്നാൽ സഹായിക്കാൻ മാത്രമുള്ള ഒരു സാമ്പത്തിക സ്ഥിതി ഇല്ലാതാനും.  ഇനി ഉണ്ടെങ്കിൽ തന്നെ ആന്റി അത് സമ്മതിക്കുകയുമില്ല.  കല്യാണത്തിന് അമ്മയ്ക്ക് കാര്യമായി ഒന്നും കൊടുത്തിട്ടില്ല എന്ന് അമ്മച്ചി എപ്പോഴും പറയുന്നത്  കേൾക്കാം.  വല്യമ്മച്ചിക്ക് ആഗ്രഹം ഉണ്ടായിരുന്നു വല്യപ്പച്ചന്റെ പേരിലുണ്ടായിരുന്ന കുറച്ചു സ്ഥലം അമ്മയ്ക്ക് കൊടുക്കാൻ.  എന്നാൽ ആന്റി അതും സമ്മതിച്ചില്ല. അതിന്റെ ഒരു വിഷമം ഒക്കെ ഇപ്പോഴും അമ്മാച്ചന് അമ്മച്ചിയോട് ഉണ്ട്.  ചാച്ചൻ മരിച്ചതിനുശേഷം അമ്മച്ചി ഒരുപാട് കഷ്ടപ്പെടുന്നുണ്ടെന്ന് അറിയാമെങ്കിലും ആന്റി സഹായിക്കാൻ സമ്മതിക്കാത്തത് കൊണ്ട് തന്നെ ഒന്നും ചെയ്യാൻ കഴിയാറില്ല.  വല്ല വിശേഷദിവസങ്ങളിലും മറ്റും ഇങ്ങനെ കാണുമ്പോഴാണ് ചെറിയ ചില തുക കൊടുക്കുന്നത്.  ചിലപ്പോൾ ഒരു 2000- 2500 രൂപ കൊടുക്കും.

അമ്മാച്ചൻ വീട്ടിൽ നിന്നും പോയതിനുശേഷം ചെറിയ രീതിയിൽ പിറ്റേന്ന് ഞങ്ങളെല്ലാവരും കൂടി ഓണം ആഘോഷിച്ചിരുന്നു.  അതൊക്കെ കഴിഞ്ഞ് വീണ്ടും സ്കൂൾ തുറക്കുമെന്ന് ഓർത്തപ്പോൾ സങ്കടമായി.  ക്ലാസിലേക്ക് ചെല്ലുമ്പോൾ മഞ്ജുവും ദീപയും  ഒക്കെ ചോദിക്കുക  ആളെക്കുറിച്ച് ആയിരിക്കും.  ആളെക്കുറിച്ച് ഇനി എന്താണ് പറയുന്നത്.  ആൾ തന്നോട് പറഞ്ഞ കാര്യങ്ങൾ ഒന്നുകൂടെ പറഞ്ഞാൽ താൻ കരഞ്ഞു പോകും എന്നുള്ളത് ഉറപ്പായിരുന്നു..

ക്ലാസിലേക്ക് ചെന്നപ്പോൾ തന്നെ പ്രതീക്ഷ തെറ്റിയില്ല അവളുമാർക്ക് ചോദിക്കാൻ ഉണ്ടായിരുന്നത് ഇക്കാര്യം തന്നെയാണ്.  ഒരുവിധം കരഞ്ഞു കരയാതെയും ഒക്കെ ഇക്കാര്യം പറഞ്ഞു തീർത്തപ്പോൾ എല്ലാവരുടെയും മുഖം മങ്ങിപ്പോയിരുന്നു.

”  സാരമില്ല ഒന്ന് പോയാ വേറെ ഇഷ്ടം പോലെ വരും.

മഞ്ജിമ ആശ്വസിപ്പിച്ചു. മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും ഒരിക്കലും മായിക്കാനും മറക്കാനും കഴിയാത്ത രീതിയിൽ ആളെന്റെ മനസ്സിൽ പതിഞ്ഞു പോയിട്ടുണ്ടായിരുന്നു എന്ന് മനസ്സ് തിരിച്ചറിഞ്ഞിരുന്നു.  അവൾ എന്തൊക്കെ പറഞ്ഞാലും തനിക്ക് ഒരിക്കലും ആളെ മറക്കാൻ കഴിയില്ലെന്നത് ഒരു സത്യം തന്നെയാണ്.  അല്ലെങ്കിലും ആദ്യ പ്രണയം അത്ര പെട്ടെന്നൊന്നും മനസ്സിൽ നിന്നും മാഞ്ഞു പോവില്ലല്ലോ.  അന്നത്തെ ദിവസം ടീച്ചേഴ്സ് ഓരോരുത്തരും ക്ലാസിലേക്ക് വന്നത് ഓണപ്പരീക്ഷയുടെ പേപ്പറും കൊണ്ടായിരുന്നു.  പ്രതീക്ഷിച്ച വീതം ഒന്നും താൻ ഉഴപ്പിയില്ലെന്ന് തോന്നി മാർക്ക് കണ്ടപ്പോൾ. ഇനി പഠിക്കണമെന്ന ഒരു തീരുമാനം കൂടി എടുത്തിരുന്നു.  ഒമ്പതാം ക്ലാസിലൊക്കെ പഠിച്ചതിലും പത്താം ക്ലാസ് ആയപ്പോഴേക്കും അല്പം ഉഴപ്പി തുടങ്ങിയിരുന്നു. ആ കാലങ്ങളിൽ പഠനം മാത്രമായിരുന്നു വിഷയമെങ്കിൽ പത്തിലേക്ക് കയറിയപ്പോൾ വിഷയങ്ങൾ മാറി തുടങ്ങിയല്ലോ എന്ന് അപ്പോഴാണ് ചിന്തിച്ചത്.  ഇനിയും മറ്റു കാര്യങ്ങളിലേക്ക് ഒന്നും അധികം ശ്രദ്ധ കൊടുക്കാതെ പഠിത്തത്തിന് തന്നെ മുൻഗണന കൊടുക്കണമെന്ന് ഒരു തീരുമാനം കൂടി ആ നിമിഷം എത്തിയിരുന്നു.

പിന്നിടുള്ള ദിവസങ്ങൾ ഒക്കെ അല്പം വിരഹത്തോടെയാണ് കടന്നു പോയിരുന്നത്.  ട്യൂഷൻ കഴിഞ്ഞ് തിരികെ വരുന്ന സമയത്ത് ബസ്സിൽ ആളെ എപ്പോഴും കാണും.  നോക്കരുത് എന്ന് എത്രവട്ടം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചാലും നോട്ടം അവിടേക്ക് തന്നെ ചെയ്യും.  താൻ നോക്കുമ്പോൾ ആള് നോട്ടം മാറ്റും. പരമാവധി നോക്കരുത് എന്ന് ആഗ്രഹിച്ചു തന്നെയാണ് താനും ബസ്സിൽ കയറാറുള്ളത്.  എങ്കിലും അറിയാതെ മിഴികൾ അവിടേക്ക് തന്നെ പായും.  പലപ്പോഴും തന്നെ കാണുമ്പോൾ പുഞ്ചിരിച്ചിരുന്ന മുഖത്ത് ഇന്നാ പുഞ്ചിരി ഇടം പിടിച്ചിട്ടില്ല. തന്നെ കാണുമ്പോൾ തന്നെയാണ് മുഖം കുനിച്ചു നടക്കാൻ തുടങ്ങും. അതായിരുന്നു ഏറ്റവും വലിയ വേദന.  ഒരു നിമിഷം ഒന്നും ആൾ അറിഞ്ഞില്ലായിരുന്നുവെങ്കിൽ ആ പുഞ്ചിരിയെങ്കിലും തനിക്ക് വേണ്ടി ലഭിക്കുമായിരുന്നല്ലോ എന്ന് കൊതിച്ചിട്ടുണ്ട്.  പതിയെ പതിയെ ആ ബസ്സിൽ  ആള് വരാതിരിക്കാൻ ശ്രമിച്ചു എന്ന് തോന്നി.  എങ്കിലും ഇടയ്ക്ക് മാത്രം ആ ബസ്സിൽ കാണാറുണ്ടായിരുന്നു.  അതിനുശേഷം ഒരുപാട് വൈകിയാണ് ബസുള്ളത് അതുകൊണ്ടായിരിക്കാം വീണ്ടും ആ ബസ്സിൽ തന്നെ വരാൻ തുടങ്ങിയത്. ഒരു ദിവസം ആൾ കയറിയ ഉടനെ അറിയാതെ തിരിഞ്ഞു നോക്കി പോയി അപ്പോൾ കൃത്യമായി സ്റ്റീരിയോയിൽ നിന്ന് ഒരു പാട്ടും ഉണർന്നു. അത് കേട്ടതും അറിയാതെ ആ മുഖത്തു തന്നെ നോട്ടം പതിഞ്ഞു.

“അന്നെന്റെ കരളിൽ ഒരു കൂടൊരുക്കീല്ലേ
നിന്‍ നീലമിഴിക്കോണുകളിൽ കവിത കണ്ടില്ലേ
ഇന്നും നിന്നോർമ്മയിലെൻ നോവുണരുമ്പോൾ
പാഞ്ഞങ്ങു പോകരുതേവാർമഴവില്ലേ
മല്ലികപ്പൂമണക്കും മാർകഴിക്കാറ്റേ
നീ വരുമ്പോൾ എന്റെയുള്ളിൽ തേൻ കുയില്പാട്ട്
വെള്ളിക്കൊലുസിട്ട കാലൊച്ച കേൾക്കാൻ
കാത്തിരിക്കും  എന്റെ ഹൃദയം
നിനക്കു മാത്രം നിനക്കു മാത്രമായ്”.

പെട്ടന്ന് ആളിൽ നിന്ന് നോട്ടം മാറ്റി എങ്കിലും “കാലൊച്ച കേൾക്കാൻ
കാത്തിരിക്കും  എന്റെ ഹൃദയം
നിനക്കു മാത്രം നിനക്കു മാത്രമായ്”. ആ ഇരടികൾ മനസ്സിൽ തങ്ങി നിന്നു

ഇതിനിടയിലാണ് ട്യൂഷൻ സെന്ററിലുള്ള ഒരു വിദ്യാർത്ഥിയും ബസ്സിലെ കണ്ടക്ടറും ഒക്കെ പ്രൊപ്പോസ് ചെയ്തത്.  ഇക്കാര്യങ്ങളൊക്കെ മഞ്ജു അറിഞ്ഞപ്പോൾ ഭയങ്കര പ്രോത്സാഹനമാണ് തന്നത്.  എന്നാൽ ഒരു പ്രണയത്തിന്റെ മുറിവിനാൽ ജീവിതം തന്നെ വെറുക്കപ്പെട്ടവൾക്ക് ഇതൊക്കെ എന്ത് സന്തോഷം നൽകാനാണ്.  നിർദാക്ഷ്യണ്യം എല്ലാവരോടും ഇഷ്ടമല്ലന്ന് പറഞ്ഞപ്പോഴും കണ്ടക്ടർ  ഇടയ്ക്കിടെ ആളുടെ മറവിൽ നിന്നാണ് തന്നെ പാളി നോക്കുന്നത്. ആളോട് എന്തൊക്കെയോ സംസാരിക്കുകയും ചെയ്യുന്നുണ്ട്.  വർഷങ്ങളായി ബസ്സിൽ പോകുന്നത് കൊണ്ടായിരിക്കും ഇരുവരും തമ്മിൽ നല്ല സൗഹൃദമാണ്.  കണ്ടക്ടർ തന്നെ നോക്കി എന്തോ പറഞ്ഞതിനുശേഷം ആളുടെ മുഖത്തേക്ക് നോക്കുന്നത് കാണാം. അപ്പോൾ ആൾ തന്നെ സൂക്ഷിച്ചു നോക്കും.  അത് കണ്ടപ്പോൾ എന്തോ ഒരു വല്ലായ്മ തോന്നിയിരുന്നു.  ഇടയ്ക്കിടെ ടിക്കറ്റ് വാങ്ങുന്ന സമയത്ത് മനപ്പൂർവം കയ്യിൽ പിടിച്ചും തട്ടിയും മുട്ടിയും ഒക്കെ അയാൾ തന്റെ ഇഷ്ടം പ്രകടിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നപ്പോൾ ദേഷ്യം വന്നു. അങ്ങനെയാണ് ഒരിക്കൽ അയാൾ ടിക്കറ്റിൽ അയാളുടെ നമ്പർ എഴുതിത്തന്നത്. പിന്നെ ഒരിക്കൽ വാതിൽക്കൽ നിന്ന് തന്നോട് ആയി ഇഷ്ടമാണ് എന്ന് പറയുകയും ചെയ്തു.  ശല്യം കൂടിവന്ന ഒരു ദിവസമാണ് ആരും അരികിൽ ഇല്ല എന്ന് ഉറപ്പുവരുത്തി ഇറങ്ങുന്നതിനു മുൻപ് അല്പം ശക്തമായ ഭാഷയിൽ തന്നെ അയാളോട് സംസാരിച്ചത് .

” എനിക്കിഷ്ടമല്ല.  ഞാൻ അന്ന് തന്നെ പറഞ്ഞതല്ലേ ഇനിയും ആവശ്യമില്ലാതെ എന്റെ കൈയിൽ പിടിക്കുകയോ  ശരീരത്തിൽ തട്ടുകയോ മുട്ടുകയോ ചെയ്താൽ ഞാന്  ട്യൂഷൻ സെന്ററിലെ സാറിനോട് പറയും കാര്യം.  എനിക്ക് ട്യൂഷന് വരാൻ പറ്റുന്നില്ലെന്ന്, ഇങ്ങനെയുള്ള ഒരു ബുദ്ധിമുട്ട് ഉണ്ടെന്നും പറയും. ഈ ബസ് പോയിക്കഴിഞ്ഞാൽ പിന്നെ എനിക്ക് ഒരുപാട് വൈകിയ ബസ്സുള്ളത്. അതുകൊണ്ട് അതിനുവേണ്ട നടപടികൾ എടുത്തോളും

രൂക്ഷമായി അയാളോട് പറഞ്ഞിട്ട് തിരികെ ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ഡോറിന് അരികിലുള്ള സീറ്റിൽ ഇരുന്ന ആളെ കണ്ടത്. താൻ പറഞ്ഞത് മുഴുവൻ ആള് കേട്ടുവെന്ന് ഉറപ്പായി കഴിഞ്ഞിരുന്നു. ആ മുഖത്തെ ഭാവം അപ്പോൾ തനിക്ക് മനസ്സിലാക്കാൻ കഴിയുന്നത് ആയിരുന്നില്ല.

…കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button