ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 6
രചന: റിൻസി പ്രിൻസ്
അവര് പോയിക്കഴിഞ്ഞിട്ടും എന്റെ മനസ്സിൽ ആളുടെ മുഖം ഇങ്ങനെ നിറഞ്ഞു നിൽക്കുകയാണ്, പലതവണ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും പ്രഭയോടെ ഒരു മുഖം മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് ഇത് ആദ്യമാണ്… ആദ്യം കണ്ടപ്പോൾ ആളെ മനസ്സിലുപോലും ആയിരുന്നില്ല, അത്രയ്ക്കും അപരിചിതനായ ഒരാൾ പെട്ടെന്ന് പരിചിതനാകുന്നതു പോലെ..
കുറേസമയം മനസ്സിൽ നിറഞ്ഞു നിന്നത് ആ മുഖം മാത്രമായിരുന്നു അമ്മയുടെ ട്രിപ്പ് തീർന്നപ്പോൾ തന്നെ നഴ്സിംഗ് റൂമിൽ ചെന്ന് അത് പറഞ്ഞിരുന്നു.. ക്ഷീണം കൊണ്ടാവും അമ്മ വേഗം ഉറങ്ങി പോയിരുന്നു, കട്ടിലിന് അരികിൽ തന്നെയാണ് താനും കിടന്നിരുന്നത്.. എന്തുകൊണ്ടോ അന്ന് ഉറക്കം കണ്ണുകളെ തലോടാൻ മറന്നു… രാത്രിയുടെ ആ മൂന്നാം യാമത്തിലും ആ മുഖം മാത്രം മനസ്സിൽ ഇങ്ങനെ തെളിഞ്ഞു നിൽക്കുന്നു… വളരെ അലിവോടെ അമ്മയോട് സംസാരിച്ച ഒരു മുഖം, വീട്ടിൽ ജോലി ചെയ്യാൻ വന്ന ഒരു സ്ത്രീയുടെ അവസ്ഥയിൽ വേദന തോന്നിയ ഒരു മുഖം, അവർക്ക് വേണ്ടുന്ന സഹായങ്ങൾ ഒരു മകനെപ്പോലെ നിന്ന് ചെയ്തുകൊടുത്ത ഒരുവന്റെ മുഖം, ആ 15 കാരി അറിയുകയായിരുന്നു അവളുടെ മനസ്സിലേക്ക് ആദ്യാനുരാഗം കടന്നു വരുന്നത്.. ഇതാണോ മഞ്ജീമ പറഞ്ഞ ആ ഒരു പ്രത്യേക ഫീലിംഗ്..? അപ്പോൾ അതാണ് തോന്നിയിരുന്നത്…?
“ന്റെ ഉള്ളിൽ എപ്പോഴും രാഹുലിന്റെ മുഖം തന്നെയാണ്…
മഞ്ജിമ പറഞ്ഞ വാക്കുകൾ ആ നിമിഷം അവൾ ഓർമിച്ചു എടുത്തു,
അതെ നിറംമങ്ങാതെ ഒളിമങ്ങാതെ ഒരാളുടെ മുഖം നമ്മുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നുണ്ടെങ്കിൽ അത് പ്രണയം അല്ലേ.? അപ്പോൾ തനിക്ക് രോഗങ്ങൾ ഒന്നുമില്ല, യഥാർത്ഥ ആളിലേക്ക് എത്താത്തത് കൊണ്ടാണ് തനിക്ക് ഇതുവരെ ആരോടും അങ്ങനെ തോന്നാതിരുന്നത്.. തന്റെ പ്രിയപ്പെട്ടവനെ നേരിൽ കണ്ടപ്പോൾ ഏതൊരു പെൺകുട്ടിയെയും പോലെ തന്റെ മനസ്സും തരളിതമായി തുടങ്ങി, ഇത്രകാലം താൻ അന്വേഷിച്ച് നടന്ന തന്റെയാ ഫീലിംഗ്സ് അവനാണെന്ന് അവൾ മനസ്സിലാക്കി.. പക്ഷേ…ആ രണ്ട് അക്ഷരം ഒരുപാട് കാര്യങ്ങൾ അവളെ ഓർമിപ്പിച്ചു കൊടുത്തു എന്നതാണ് സത്യം… ആ പക്ഷേയ്ക്ക് ഒരുപാട് അർത്ഥങ്ങളുണ്ടായിരുന്നു…
തന്നിൽ നിന്നും ഒരുപാട് ഒരുപാട് ദൂരെയാണ് അവൻ, അവന്റെ വീട്ടിൽ ജോലി ചെയ്യുന്ന ജോലിക്കാരിയുടെ മകളാണ് താൻ.. അതുതന്നെയാണ് ആദ്യത്തെ പോരായ്മ, പിന്നെ അവൻ സാമ്പത്തികമായും തന്നെക്കാൾ ഒരുപാട് ഉയർന്നവൻ… താൻ അവനെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞാൽ ആരാണെങ്കിലും ആദ്യം തന്നെയായിരിക്കും കുറ്റപ്പെടുത്തുക… പക്ഷേ ഹൃദയം അത്രമേൽ അവനുവേണ്ടി ഒരു സ്ഥാനം ഒരുക്കിയിരിക്കുന്ന ഈ നിമിഷം തനിക്ക് എന്ത് ചെയ്യാൻ സാധിക്കും..? ചോദ്യങ്ങൾ മനസ്സിൽ വലിയ രീതിയിൽ ഒരു നീണ്ട നിരയായി തന്നെ ഉയർന്നു, ആരാണ് ഈ നിയമങ്ങളൊക്കെ ഉണ്ടാക്കിവെച്ചത്.? മനുഷ്യരല്ലേ ആ നിമിഷം തന്നെ അവൾ മനസ്സിനോട് ചോദ്യം ചോദിച്ചു.? പാവം പിടിച്ച വീട്ടിലെ പെൺകുട്ടി പണക്കാരനായ പയ്യനെ സ്നേഹിക്കാൻ പാടില്ലെന്ന് ഒരു നിയമങ്ങളിലും പറഞ്ഞിട്ടില്ലല്ലോ, എന്തിനാണ് അങ്ങനെ ചിന്തിക്കുന്നത്, നിസ്വാർത്ഥമായ സ്നേഹത്തിന് സാമ്പത്തികം ഒരു പ്രശ്നമാണോ എന്ന് ചോദ്യം അവളിൽ നിറഞ്ഞുനിന്നു, അർഹതയില്ല എന്ന ചിന്ത മനസ്സിൽ നിന്നും മാറ്റണമെന്ന് അവൾ അവളെ തന്നെ പഠിപ്പിച്ചു.. താനൊരു പെണ്ണാണ് അവൻ ഒരു ആണും അതിനപ്പുറം തങ്ങൾക്ക് സ്നേഹിക്കാൻ എന്ത് അർഹതയാണ് വേണ്ടത്..? പക്ഷേ ഈ ഇഷ്ടം തന്റെ മനസ്സിൽ മാത്രം തോന്നിയതാണ്, അത് അവന് തന്നോട് തിരികെ തോന്നിയെങ്കിൽ മാത്രമേ അത് പൂർണ്ണമാവുകയുള്ളൂ.. തന്റെ ഇഷ്ടം അവനോട് എങ്ങനെ പറയും.. അത് എങ്ങനെ അവനെ അറിയിക്കും.? അത് അവനോട് ഓടിച്ചെന്ന് പറഞ്ഞാൽ എന്തായിരിക്കും അവന്റെ പ്രതികരണം, ഒന്ന് കണ്ട് പിറ്റേദിവസം തന്നെ താൻ പ്രണയം പറയുകയെന്നാൽ താനൊരു മോശക്കാരിയായ പെൺകുട്ടിയാണെന്ന് അല്ലേ അവൻ ചിന്തിക്കുകയുള്ളൂ.? മാത്രമല്ല തനിക്ക് അവനെ പറ്റി ഒന്നും അറിയില്ല, ആദ്യമായി ഇന്ന് കണ്ട ഒരാൾ, ഇതിനു മുൻപ് പള്ളിയിലെ മറ്റും വച്ചും ഒരു മിന്നായം പോലെ കണ്ടിട്ടുണ്ട് എന്നത് ഒഴിച്ചാൽ തനിക്ക് അപരിചിതനായ ഒരാൾ, ആദ്യം താൻ അവനെക്കുറിച്ച് അറിയണം അതിനുശേഷം ആണല്ലോ അവനോട് തന്റെ ഇഷ്ടത്തെക്കുറിച്ച് മനസ്സിലാക്കി കൊടുക്കുക,
എങ്കിലും ആദ്യമായി അവനെ കണ്ട നിമിഷം തന്നെ തന്റെ ഇടനെഞ്ചിനുള്ളിൽ ഇരുന്ന് ആരോ പറഞ്ഞു ” ഇവൻ നിനക്കുള്ളതാണെന്ന്” ആ നിമിഷം തന്റെ ഹൃദയമിടിപ്പുകൾ പോലും അവനു വേണ്ടിയായിരുന്നുവെന്ന് അവൾക്ക് തോന്നി.. തന്റെ ശരീരത്തിലെ സർവ്വനാടി ഞരമ്പുകളും നിശ്ചലമായി പോയ ഒരു നിമിഷം…! ആ ആണോരുത്തന്റെ മുഖഭാവം മാത്രം തന്നെ കീഴടക്കിയ അനർഘ നിമിഷം..! ഹൃദയത്തിൽ പുളകങ്ങൾ വാരിവിതറി അവനിവിടെ നിന്നും യാത്രയായപ്പോൾ തന്റെ ഹൃദയം കൂടിയാണ് കൂടെ കൊണ്ടുപോയതെന്ന് അവൾക്ക് തോന്നി… ആദ്യമായി കണ്ട ഒരുവനിൽ താൻ ഇത്രത്തോളം ആകർഷിക്കപ്പെടാൻ ഉള്ള കാരണം എന്താണ്.? അത്രമാത്രം സൗന്ദര്യമുള്ള ഒരുവൻ ആയിരുന്നൊ അവൻ..? അല്ല അവന്റെ ബാഹ്യ സൗന്ദര്യമല്ല, ആ മനസ്സിന്റെ സൗന്ദര്യമാണ് തന്നെ ആകർഷിച്ചതെന്ന് അവൾക്ക് തോന്നി..
കുട്ടിക്കാലം മുതൽ തന്നെ താനും അമ്മയും അനുഭവിച്ചിട്ടുള്ള അവഗണനയിൽ അവൻ കാണിച്ച സഹാനുഭൂതിയാണ് തന്റെ മനസ്സിനെ ആഴത്തിൽ സ്പർശിച്ചത്, അമ്മ പല വീടുകളിലും ജോലിക്ക് പോയിട്ടുണ്ട് അവിടെ പലരും ചതുർത്തിയോടെ മാത്രമാണ് അമ്മയും തന്നെയും ഒക്കെ നോക്കിയിട്ടുള്ളത്.. പക്ഷേ ഇവിടെ അവൻ കാണിച്ച സഹാനുഭൂതി, അവൻ നൽകിയ കരുതൽ അതാണ് തന്നിൽ പ്രണയം നിറച്ചത്… ആ നിമിഷം അവനെ താൻ ഇഷ്ടപ്പെട്ടു തുടങ്ങി, അതാണ് ഇവിടെ സംഭവിച്ചത് എന്ന് അവൾ ചിന്തിച്ചു… ഒരു നിമിഷം കൊണ്ട് ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുന്നത്, വൈകുന്നേരം വീട്ടിലേക്ക് എത്തിയ സമയം വരെ പ്രണയം എന്താണെന്ന് പോലും മനസ്സിലാവാതിരുന്ന ഒരു പെൺകുട്ടി, ഇപ്പോഴിതാ കുറച്ച് സമയങ്ങൾ കൊണ്ട് പ്രണയത്തിൽ അകപ്പെട്ടിരിക്കുന്നു, പ്രവചനാതീതമാണ് ജീവിതം എന്നു പറയുന്നത് എത്ര സത്യമാണ്, ഇങ്ങനെയുള്ള ചില സാഹചര്യങ്ങളിലൂടെയാണ് മനുഷ്യർക്ക് അത് മനസ്സിലാക്കിയെടുക്കാൻ സാധിക്കുന്നത്, ഒരു പ്രണയം പിറക്കാൻ ഒരു നിമിഷം മതി, മനസ്സ് ഇപ്പോൾ ഒരു ഈറ്റില്ലമാണ് അവിടെ ഒരു പ്രണയം പിറന്നിരിക്കുന്നു, ആരുമല്ലാത്ത ഒരാൾ പെട്ടന്ന് പ്രിയപ്പെട്ട ഒരാളായി മാറിയിരിക്കുന്നു…!
പിറ്റേന്ന് നേരം വെളുത്തപ്പോൾ ആദ്യം കണ്ണുകൾ നീണ്ടത് വാതിൽക്കലേക്കാണ്, തലേന്ന് രാത്രി അവൻ പറഞ്ഞ ഒരു വാക്ക് രാവിലെ ഞാൻ പോകുന്നതിനു മുൻപ് ഇവിടേക്ക് ഒന്ന് കയറാം എന്ന്, ആ വാക്കിൽ ഒരു നേരിയ പ്രതീക്ഷയുണ്ടായിരുന്നു, ഒരിക്കൽ കൂടി ഒന്ന് വന്നിരുന്നെങ്കിൽ ഒന്ന് കണ്ണ് നിറച്ച് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ ഹൃദയം അവിടെ കൊരുത്ത് കിടക്കുകയാണ്, അമ്മച്ചി എന്തൊക്കെയോ ചോദിക്കുകയും അതിനൊക്കെ മറുപടി പറയുകയും ഒക്കെ ചെയ്യുന്നുണ്ട്, എങ്കിലും മനസ്സവിടെങ്ങും അല്ലെന്നു തോന്നി… അത് മറ്റാരോ കട്ടോണ്ട് പോയിരിക്കുകയാണ്, ഇന്നലെ രാത്രിയിൽ തന്റെ മനസ്സ് കട്ട തസ്കരൻ തിരികെ വന്ന് ആ ഹൃദയം ഒന്ന് തന്നിരുന്നെങ്കിൽ എന്ന് അവൾ പ്രതീക്ഷിച്ചു പോയി.. മനസിങ്ങനെ നൂലില്ലാത്ത പട്ടം പോലെ ആരെയോ പ്രതീക്ഷിച്ചു ഇങ്ങനെ പറന്നു അകലുകയും ചെയ്യുന്നു…
” സമയം ഒരുപാട് ആയില്ലേ..? നീ ഒന്നും കഴിച്ചിട്ടില്ലല്ലോ ഡോക്ടർ വരുമ്പോൾ എന്താണെങ്കിലും 8:30 എങ്കിലും കഴിയും നീ പോയി കുറച്ച് ചായ വാങ്ങിയിട്ട് വാ… ഗ്ലാസിൽ മേടിച്ചാൽ മതി,
കൈയിലേക്ക് ഒരു 50 രൂപ വെച്ച് തന്നിട്ട് അമ്മച്ചി പറഞ്ഞു,
” അല്ലേ വേണ്ട..
ആ പൈസ മാറ്റി 100 ആക്കി അമ്മച്ചി പിന്നെയും സംസാരിക്കാൻ തുടങ്ങി…
” ചായ മാത്രമാക്കണ്ട കഴിക്കാനും കൂടി എന്തെങ്കിലും മേടിച്ചോ, ഇന്നലെ വൈകിട്ട് നീയും കഴിച്ചില്ലല്ലോ.. എനിക്കും വിശക്കുന്നുണ്ട് ,
“ശരി അമ്മച്ചി…
തലയാട്ടി പോകാൻ ഒരുങ്ങിയപ്പോഴാണ് വാതിൽക്കൽ ഇത്രനേരം കാത്തിരുന്ന ഒരുവന്റെ മുഖം തെളിഞ്ഞു മിന്നിയത്.. ആ നിമിഷം തന്നെ ഹൃദയം ക്രമാതീതമായിടിക്കാൻ തുടങ്ങി..
…..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…