1985ല്‍ സ്ഥാപിച്ച പൈപ്പ് നടുറോഡില്‍ പൊട്ടിത്തെറിച്ചു; നൂറിലേറെ വീടുകളിലേക്ക് വെള്ളം കയറി
റോഡില്‍ നിന്ന് പത്ത് മീറ്ററോളം ഉയരത്തിലാണ് പൈപ്പ് പൊട്ടി ജലം മല പോലെ കുതിച്ചുയര്‍ന്നത്
മൊണ്‍ട്രിയാല്‍: കാനഡയിലെ മൊണ്‍ട്രിയാലില്‍ പൈപ്പ് പൊട്ടി നൂറിലേറെ വീടുകളിലേയ്ക്ക് വെള്ളം ഇരച്ചെത്തി. 12000ലേറെ പേരെയാണ് പൈപ്പ് പൊട്ടല്‍ സാരമായി ബാധിച്ചതെന്നാണ് പുറത്ത് വരുന്നത്. റോഡിന് അടിയിലുള്ള പൈപ്പ് പൊട്ടി വലിയ രീതിയില്‍ സമീപത്തെ കെട്ടിടങ്ങളിലേക്കും റോഡരികില്‍ നിര്‍ത്തിയിട്ട കാറുകളിലേക്കും വെള്ളമെത്തി. വെള്ളിയാഴ്ച രാവിലെയാണ് പൈപ്പ് പൊട്ടിയത്.
റോഡില്‍ നിന്ന് പത്ത് മീറ്ററോളം ഉയരത്തിലാണ് പൈപ്പ് പൊട്ടി ജലം മല പോലെ കുതിച്ചുയര്‍ന്നത്. 1985ല്‍ സ്ഥാപിതമായ പൈപ്പാണ് നിലവില്‍ തകരാറിലായത്. രണ്ട് മീറ്ററിലേറെ വീതിയുള്ള പൈപ്പാണ് തകരാറിലായി പൊട്ടിയത്. മേഖലയിലേക്കുള്ള ഗതാഗതം വെള്ളക്കെട്ട് രൂക്ഷമായതിന് പിന്നാലെ നിരോധിച്ചിരുന്നു. മൊണ്ട്രിയാലിന്റെ വിവിധ ഭാഗങ്ങളിലും പൈപ്പ് പൊട്ടലിന് പിന്നാലെ വൈദ്യുതി ബന്ധം നഷ്ടമായി. ശനിയാഴ്ചയോടെയാണ് പൈപ്പിലെ തകരാര്‍ പരിഹരിച്ച് ചോര്‍ച്ച അധികൃതര്‍ക്ക് പരിഹരിക്കാനായത്. മൊണ്ട്രിയാലിലെ ജാക്വസ് കാര്‍ട്ടിയര്‍ പാലത്തിന് സമീപത്താണ് പൈപ്പ് പൊട്ടി കടല്‍ പോലെ ജലം നിരത്തുകളിലേക്ക് എത്തിയത്. മൊണ്‍ട്രിയാല്‍ നഗരത്തിലെ സെന്റ് മേരീ പരിസരമാകെ വെള്ളം നിറയുന്ന സാഹചര്യമാണ് പൈപ്പ് പൊട്ടലിനെ തുടര്‍ന്നുണ്ടായത്.
സംഭവത്തിന് പിന്നാലെ 150000ത്തോളം വീടുകളില്‍ കുടിവെള്ളം ഉപയോഗത്തിനും ഗീസര്‍ ഉപയോഗത്തിനും പ്രത്യേക മാനദണ്ഡങ്ങളാണ് നഗരസഭ നല്‍കിയിട്ടുള്ളത്. ശനിയാഴ്ചയോടെയാണ് റോഡുകള്‍ വീണ്ടും ഗതാഗതത്തിന് തുറന്ന് നല്‍കിയത്.