കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 49
രചന: റിൻസി പ്രിൻസ്
“സതി ചേച്ചി ഇപ്പോഴത്തെ കുട്ടികളൊക്കെ ഇങ്ങനെയാ.. എത്രയും താമസിക്കാമോ അത്രയും താമസിച്ച ഉണരുന്നതൊക്കെ, പിന്നെ വീട്ടിലെ ജോലികൾ ഒന്നും ചെയ്യേണ്ടല്ലോ..
ചെറിയമ്മ പറഞ്ഞ ആ ഒരു വാക്ക് സതിക്കും ഒരുപാട് ഇഷ്ടമായെന്ന് മീരയ്ക്ക് തോന്നിയിരുന്നു.. അത് ആ മുഖത്ത് ഉണ്ടായിരുന്നു… വല്ലാത്തൊരു അവസ്ഥയിൽ പെട്ടതുപോലെയാണ് മീരയ്ക്ക് തോന്നിയത്.. ഒരു ആശ്രയത്തിനു പോലും ആരും ഇല്ല…
“വല്ലതൊക്കെ ഉണ്ടാക്കാൻ അറിയാമോ..? അതോ ഇനി അതും പഠിക്കണോ.?
ചെറിയമ്മ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
” അത്യാവശ്യം എല്ലാം ഉണ്ടാക്കാൻ അറിയാം. പിന്നെ ഞാൻ ഉണ്ടാക്കുന്ന രീതി ആണോ ഇവിടെ എന്നറിയില്ല. ഞങ്ങടെ നാട്ടിൽ ഉണ്ടാക്കുന്ന രീതിയിലൊക്കെ ഉണ്ടാക്കാൻ അറിയാം. അമ്മ പണ്ടുമുതലേ ജോലിക്ക് പോകുന്നതു കൊണ്ട് വീട്ടിൽ ഞാനാ പാചകം. അതുകൊണ്ട് വീട്ടിലെ കാര്യങ്ങളൊക്കെ നന്നായി അറിയാം.
പെട്ടന്നാണ് ചെറിയമ്മ അവളുടെ കൈകളിലേക്ക് പിടിച്ചത്. എന്താണ് കാര്യം എന്ന് അവൾക്കും പെട്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല.
” അയ്യോടാ ഈ വള എത്രയുണ്ട്.? ഒന്ന് ആഞ്ഞു പിടിച്ചാൽ അതങ്ങ് ചളുങ്ങുമല്ലോ,
ചെറിയമ്മ പറഞ്ഞപ്പോഴാണ് സതിയും അവളുടെ ഇടം കയ്യിലേക്ക് നോക്കിയത്. നോക്കിയപ്പോൾ ഇടത്തെ കൈകളിലെ ഇരുവളകളിൽ ഒന്ന് നേരിയ ചളുക്കം നേരിട്ടിട്ടുണ്ട്.
” അത് ഇന്നലെ രാത്രി കിടന്നപ്പോഴോ മറ്റോ ചളുങ്ങിയതായിരിക്കും,
അവൾ വല്ലായ്മയോടെ പറഞ്ഞു.
” ഒരു രാത്രി കൊണ്ട് ചളുങ്ങണം എങ്കിൽ ഈ വള എത്രയുണ്ടായിരുന്നു മോളെ..?
ചെറിയമ്മ അവളുടെ മുഖത്തേക്ക് നോക്കി പുച്ഛത്തോടെ ചോദിച്ചു.
“ഒന്ന് അര പവൻ ആണെന്ന് തോന്നുന്നു. നാലും കൂടി രണ്ട് പവൻ
അവൾ സത്യം തന്നെ പറഞ്ഞു.
സതിയുടെ മുഖത്ത് നാണക്കേടും ചെറിയമ്മയുടെ മുഖത്ത് പുച്ഛവും വിരിയുന്നത് കണ്ടു.
” ആകെ നാല് വളകളേ ഉള്ളോ.?
പുച്ഛത്തോടെ ചെറിയമ്മ പറഞ്ഞപ്പോൾ അറിയാതെ മീരയുടെ കണ്ണുകൾ കലങ്ങിയിരുന്നു
“ചേച്ചിയ്ക്ക് വളയൊക്കെ ഇവരുടെ വീട്ടുകാർ ഇട്ടില്ലേ..?
അത് സ്വർണം തന്നെയാണോ.? ഉരച്ചു നോക്കണം
ആകപ്പാടെ ദേഷ്യം കേറി നിൽക്കുന്ന സതിയോട് ആയി ചെറിയമ്മ ചോദിച്ചപ്പോൾ അവർക്കും ദേഷ്യം വന്നിരുന്നു. തന്റെ കയ്യിൽ കിടക്കുന്ന വളയിലേക്ക് അവരുടെ നോട്ടം എത്തി. ആ നോട്ടത്തിന്റെ പാത പിന്തുടർന്ന് ചെറിയമ്മ അവരുടെ ഇടം കൈയിലെ വളയിലേക്കു നോക്കി. കാപ്പു പോലെയുള്ള വീതിയുള്ള ഒരു വളയാണ്. കണ്ടാൽ രണ്ടു പവനോളം മതിപ്പ് പറയും.
” ഇതാണോ തന്നത്..?
ചെറിയമ്മ ചോദിച്ചു, പെട്ടെന്ന് സതി കൈ നീട്ടി കൊടുത്തു. ചെറിയമ്മ തന്നെ ഒന്ന് പിടിച്ചു നോക്കുകയും ചെയ്തു.
” ഇങ്ങനെത്തെ റോൾഡ് ഗോൾഡ് ഒക്കെ ഇഷ്ടം പോലെ ഉണ്ട്. ഒന്ന് ഉരച്ചു നോക്കുന്നത് നല്ലതാണ്,
മീര കരച്ചിലിന്റെ വക്കിൽ എത്തി..
“മോൾടെ വീട്ടുകാര് പറ്റിച്ചു എന്നല്ല ഞാൻ പറഞ്ഞത്. ഇങ്ങനെ അര പവൻ ഒക്കേ എടുക്കാൻ പോകുന്നവരെ കാണുമ്പോൾ തന്നെ അവർക്ക് മനസ്സിലാകും. അങ്ങനെ സ്വർണം ഇട്ട് പരിചയമൊന്നുമില്ലന്ന്. അപ്പോൾ അവർ ചെയ്യുന്നത് ഏതെങ്കിലും വരവ് വള സ്വർണ്ണത്തിൽ ചെറുതായിട്ടൊന്നു മുക്കി അങ്ങ് കൊടുക്കും. നോക്കുമ്പോൾ സ്വർണം പോലെ ഇരിക്കും. നിങ്ങൾക്ക് സ്വർണം ഏതാണെന്ന് മനസ്സിലാക്കാനുള്ള കഴിവില്ലെന്ന് അവർക്കറിയാം.
ചിരിച്ചുകൊണ്ട് ആണെങ്കിലും അടച്ചാക്ഷേപിക്കുകയാണ് ചെറിയമ്മന്ന് അവൾക്ക് മനസ്സിലായി. അവൾ ഒന്നും മിണ്ടിയില്ല. നിസ്സഹായയായി നിന്നു.
” മീര….
പെട്ടെന്ന് പുറത്തുനിന്ന് സുധി വിളിച്ചപ്പോൾ ഒരു ആശ്വാസം പോലെയാണ് അവൾക്ക് തോന്നിയത്. രണ്ടുപേരെയും സമ്മതത്തിന് എന്നപോലെ അവൾ നോക്കി പിന്നെ പെട്ടെന്ന് പുറത്തേക്ക് ഓടി.
അവിടെ ചെറിയച്ഛനുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ് സുധി. അവൾ കടന്നു വന്നപ്പോൾ തന്നെ കലങ്ങി ചുവന്നു കിടന്ന കണ്ണുകളിലേക്ക് ആണ് അവന്റെ നോട്ടം എത്തിയത്. കാര്യം എന്തെന്ന് മനസ്സിലായില്ലെങ്കിലും അവളെ വേദനിപ്പിക്കാൻ പാകത്തിന് എന്തോ ഒന്ന് അകത്തു നടന്നിട്ടുണ്ട് എന്ന് അവന് വ്യക്തമായിരുന്നു.
“ഞങ്ങൾ എന്നാപ്പിന്നെ ഇറങ്ങാ മോളെ, സമയം പോലെ നിങ്ങൾ രണ്ടുപേരും കൂടി അങ്ങോട്ട് ഇറങ്ങ്. ഞാൻ സുധിയോട് പറഞ്ഞിട്ടുണ്ട്. നേരത്തെ വിളിച്ചു പറഞ്ഞിട്ട് വരണമെന്ന് മാത്രം.
ചെറിയച്ഛൻ അങ്ങനെ പറഞ്ഞപ്പോൾ അവൾ തല ചലിപ്പിച്ചിരുന്നു. അപ്പോഴേക്കും അടുക്കളയിൽ നിന്നും ചെറിയമ്മയും ഇറങ്ങി.
” നമുക്ക് ഇറങ്ങാം അവർക്കിനി അമ്പലത്തിലും പിന്നെ പെണ്ണിന്റെ വീട്ടിലുമൊക്കെ പോകാനുള്ളതാണ്.
ചെറിയച്ഛൻ പറഞ്ഞപ്പോൾ ചെറിയമ്മ സുധിയുടെ മുഖത്തേക്ക് നോക്കി യാത്ര പറഞ്ഞു. മീരയെ നോക്കി ഒന്ന് ചിരിച്ചു എന്ന് വരുത്തിയിട്ട് അവർ പുറത്തേക്കിറങ്ങി.
” നമുക്ക് അമ്പലത്തിൽ പോകണ്ടേ റെഡി ആകു…
അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു. അവൾ തലയാട്ടി പെട്ടെന്ന് മുറിയിലേക്ക് ചെന്നിരുന്നു,നെറ്റിയിൽ ഒരു പൊട്ട് മാത്രമാണ് അവൾ അലങ്കാരമായി വെച്ചത്. കണ്ണാടിയിൽ നിന്ന് പൊട്ടടുത്ത് നെറ്റിയിലേക്ക് തൊട്ടപ്പോഴേക്കും കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിയിരുന്നു. ആ നിമിഷമാണ് സുധി മുറിയിലേക്ക് കടന്നു വന്നത്. അകത്തേക്ക് കയറിയതും അവൻ വാതിൽ കുറ്റിയിട്ടു. പിന്നെ അവളുടെ മുഖത്തേക്ക് നോക്കി,
” എന്തുപറ്റി ഒരു തെളിച്ചക്കുറവ് എന്റെ കൊച്ചിന്… ചിറ്റമ്മ എന്തെങ്കിലും ഡയലോഗ് പറഞ്ഞൊ..?
അവളുടെ മനസ്സറിഞ്ഞിട്ട് എന്നതുപോലെ അവൻ ചോദിച്ചു. പെട്ടെന്ന് അവൾ അത്ഭുതത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.
” ചിറ്റമ്മ അങ്ങനെ ആണ്. എല്ലാ കാര്യത്തിനും അങ്ങനെ എന്തെങ്കിലും കുറ്റം കണ്ട് പിടിക്കും. അത് പണ്ടുമുതലേ അങ്ങനെ ആണ്.
ഒന്നും മിണ്ടിയില്ലെങ്കിലും അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ തൂകിയത് അവന്റെ ഹൃദയത്തെ വേദനിപ്പിച്ചിരുന്നു.
” എന്തായിത് ഇത്രയ്ക്ക് വിഷമം ഉണ്ടാവാനും മാത്രം പറഞ്ഞത്,
അവളുടെ ഇരുതോളിലും കൈ ചേർത്ത് പിടിച്ച് അവളുടെ മുഖം ചൂണ്ടുവിരലാൽ ഉയർത്തി അവൻ ചോദിച്ചു. ആ നിമിഷം അവൾക്കും ഒരു ആശ്രയമായിരുന്നു ആവശ്യം. അതുകൊണ്ട് തന്നെ അവന്റെ ചോദ്യത്തിൽ തന്നെ അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
ഇരു കൈകൾ കൊണ്ട് അവനെ ചേർത്തുപിടിച്ച് അവന്റെ നെഞ്ചിൽ കണ്ണുനീർ ഒഴുകി. ആശ്വസിപ്പിച്ചുകൊണ്ട് അവളുടെ തലമുടി ഇഴകളിൽ തഴുകി അവൻ . അവളോട് ഒന്നും ചോദിച്ചില്ല. വിഷമം കഴിഞ്ഞ് അവൾ തന്നെ പറയട്ടെ എന്ന് കരുതി. ഒന്ന് കരഞ്ഞു മാറിയപ്പോൾ സങ്കടം കുറച്ചു കുറഞ്ഞത് പോലെ തോന്നി. അടുക്കളയിൽ നടന്ന സംഭവം അത്രയും പറഞ്ഞപ്പോൾ അവന്റെ കണ്ണിലും വേദന നിറഞ്ഞിരുന്നു..
” സാരല്യ പൊന്നിലും പണത്തിലും ഒന്നുമല്ല ഈ പെണ്ണിന്റെ ഉള്ളിലാണ് മാറ്റെന്നത് അവരറിയാൻ പോണല്ലേ ഉള്ളൂ. അതുകൊണ്ടാ ഇങ്ങനെ വിഷമിപ്പിക്കുന്നത്. വിട്ടേക്ക് തനിക്ക് അത്ര വിഷമം ആയെങ്കിൽ ഞാൻ ചിറ്റമ്മയോട് ചോദിക്കാം,
” വേണ്ട അതിന്റെ പേരിൽ ഒരു പ്രശ്നം വേണ്ട. എനിക്ക് എന്തോ പെട്ടെന്ന് കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി.
“ഇങ്ങനെ സങ്കടപ്പെടാൻ നിന്നാൽ അതിനൊക്കെ നേരമുണ്ടാവു, ഓരോ ആൾക്കാരെ പലവിധത്തിൽ സംസാരിക്കും. നമ്മൾ അതിനൊന്നും ചെവി കൊടുക്കാന്‍ നില്‍ക്കണ്ട. നല്ലതുമാത്രം കേൾക്കുക. ബാക്കിയുള്ളതൊക്കെ അപ്പുറത്തെ ചെവിയിലൂടെ വിട്ടേക്കുക. ഒരു പ്രശ്നത്തിന് നിന്നാൽ പിന്നെ അതിനെ നേരം ഉള്ളൂ. അമ്മ എന്തെങ്കിലും പറഞ്ഞോ ചെറിയമ്മയോട്..?
ഇല്ലായെന്ന് അവൾ തലയാട്ടിയപ്പോൾ അവന്റെ ഉള്ളൊന്ന് പിടഞ്ഞു. തന്റെ പെണ്ണിനെ മറ്റാരെങ്കിലും കൊച്ച് ആക്കുമ്പോൾ അമ്മയല്ലേ ഇടപെടേണ്ടത്. തന്നെ ഓർത്തെങ്കിലും അമ്മ അത് ചെയ്യേണ്ടതല്ലേ.? ആ ഒരു ചിന്ത ആ നിമിഷം അവന്റെ മനസ്സിൽ വന്നു. പക്ഷേ അവളോട് പോലും അത് പങ്കുവെച്ചില്ല. അവളെ ഒന്നുകൂടി ചേർത്ത് പിടിച്ചു ഒന്ന് പുണർന്നു. അവൾക്ക് താനുണ്ടെന്ന് പറയാതെ പറയുന്നതുപോലെ.
അടുക്കളയിലേക്ക് കടന്നുവന്ന സുഗന്ധി കാണുന്നത് എന്തോ കാര്യമായ ചിന്തയിലിരിക്കുന്ന സതിയെയാണ്. പെട്ടെന്ന് അവൾ സാതിക്കരികിലേക്ക് ചെന്നു.
” എന്താ അമ്മേ, എന്തോ ചിന്തിച്ചു കൊണ്ടിരിക്കുന്നത്.
സുഗന്ധി ചോദിച്ചു.
” ഒന്നുമില്ല മീരയുടെ വീട്ടുകാരുടെ ഈ വള സ്വർണം തന്നെയാണോ എന്ന് ഞാൻ ചിന്തിക്കുകയായിരുന്നു.
” അതെന്താ അമ്മയ്ക്ക് അങ്ങനെ ഒരു സംശയം.
” അത് പിന്നെ നിന്റെ ചെറിയമ്മ വന്നപ്പോൾ ഒരു കാര്യം പറഞ്ഞു. ഞാൻ ആലോചിച്ചു നോക്കിയപ്പോൾ അത് ശരിയാ.
” എന്താ
” മീരയുടെ കൈയിലെ ഒരു വള ചളുങ്ങി കിടക്കുന്നത് കണ്ടാ ചെറിയമ്മ കാര്യം തിരക്കിയത്. നാലു വള കൂടി 2 പവനെയുള്ളൂ എന്നാണ് അവൾ പറഞ്ഞത്. അതായത് ഒരു വള അരപ്പവൻ, ആകെ ആ പെണ്ണിനെ നാലു വളയുള്ളൂ. കല്യാണം കഴിഞ്ഞ് ഒരു പെണ്ണിനെ ആകെ നാല് വള കൊടുത്തു വിട്ട അവൾടെ അമ്മ നമുക്ക് ഒരു പവൻ തികച്ച് തരുമെന്ന് എനിക്ക് തോന്നുന്നില്ല. എനിക്കൊരു സംശയം. നമുക്കൊരു കടയിൽ പോണം. ഇത് സ്വർണം തന്നെയാണോ എന്ന് തിരക്കണം.
” അങ്ങനെയൊക്കെ ചെയ്യുമൊ ഇന്നത്തെ കാലത്ത് അങ്ങനെ വല്ലതും ചെയ്താൽ നമ്മൾ കണ്ടുപിടിക്കുമെന്നും അങ്ങനെ ചെയ്താൽ അത് അവരുടെ മോൾക്ക് തന്നെയാണ് കുഴപ്പമൊന്നും അവർക്ക് അറിയില്ലെ..?
” കല്യാണം കഴിഞ്ഞ് കണ്ടുപിടിച്ചാൽ എന്താണെന്ന് കരുതിക്കാണും. പിന്നെ സുധി ഇപ്പഴേ അങ്ങോട്ടാണല്ലോ. അതുകൊണ്ട് അവനെ പറ്റിച്ച് എന്തെങ്കിലും പറഞ്ഞു നിൽക്കാമെന്ന് കരുതിക്കാണും. അങ്ങനെ വല്ലതും ആണെങ്കിൽ മാധവി എന്റെ തനിസ്വഭാവം കാണും..
സതി എന്തോ ഉറപ്പിച്ചു എന്നതുപോലെ പറഞ്ഞിരുന്നു……കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…