കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 52
രചന: റിൻസി പ്രിൻസ്
ഏറെ സന്തോഷത്തോടെ രണ്ടുപേരും അകത്തേക്ക് കയറിയിരുന്നു.
” നിങ്ങൾ എപ്പോൾ തിരിച്ചുതാ അവിടുന്ന്…
സ്നേഹപൂർവ്വം മാധവി ചോദിച്ചു.
” ഞങ്ങൾ രാവിലെ അമ്പലത്തിൽ തൊഴുതതിന് ശേഷം പോന്നതാ. പിന്നെ ഒരു മൂന്നുമണിയെങ്കിലും ആയിട്ട് ഇവിടെ വരാമെന്ന് കരുതി.
” അയ്യോ എങ്കിൽ പിന്നെ നേരത്തെ വരായിരുന്നില്ലേ..?
ഉച്ച തൊട്ടേ ഞങ്ങൾ കാത്തിരിക്കാ,
മാധവി പറഞ്ഞു..
” നിങ്ങളിന്ന് വരുന്നതുകൊണ്ട് ഞങ്ങൾ സ്കൂളിൽ പോലും പോയില്ല..!
ചിരിയോടെ മഞ്ജുവും മീനുവും പറഞ്ഞപ്പോൾ സുധി രണ്ടുപേരെയും നോക്കി നന്നായി ഒന്ന് ചിരിച്ചു..
“ആഹാ അപ്പൊൾ ഇനി നാളെ അവധി എടുക്കാൻ പറ്റില്ലല്ലോ,
ഞങ്ങൾ നാളെ വൈകുന്നേരം അല്ലേ പോകുന്നുള്ളൂ, ഞാൻ നിങ്ങളെയൊക്കെ നന്നായി ഒന്ന് പരിചയപ്പെടാം എന്ന് കരുതിയാണ് വന്നത്… അപ്പോൾ നിങ്ങൾ ഇന്ന് ലീവ് എടുത്തതുകൊണ്ട് ഇനി നാളെ സ്കൂളിൽ പോയല്ലേ പറ്റൂ..
” വേണെങ്കിൽ നാളെയും അവധി എടുക്കാം…
ചിരിയോടെ മഞ്ജു പറഞ്ഞപ്പോൾ എല്ലാവരും ആ തമാശയ്ക്ക് ഒന്ന് ചിരിച്ചിരുന്നു.
” ഞാൻ ചായ എടുക്കാം..
അതും പറഞ്ഞ് മാധവി അകത്തേക്ക് പോയിരുന്നു.. ആ പുറകകെ തന്നെ അവനെ ഒന്ന് നോക്കിയിട്ട് മീരയും അകത്തേക്ക് കയറി..
അടുക്കളയിലേക്ക് ചെന്നപ്പോൾ മീനവും മാധവിക്കൊപ്പം ഉണ്ട്… അവളെ കണ്ടതും മാധവി സഹായിക്കുന്നത് നിർത്തി സുധിയോട് സംസാരിക്കാനായി മീനുവും ഉമ്മറത്തേക്ക് പോയി.. ആ സമയം കൊണ്ട് മഞ്ജുവും ആയി സുധി അടുത്തിരുന്നു. പെട്ടന്ന് അവന് ശ്രീലക്ഷ്മിയാണ് ഓർമ്മ വന്നത്. അതുപോലെ പെട്ടെന്ന് അടുക്കുന്ന പ്രകൃതമാണ് മഞ്ജുവിന്റേത് എന്ന് അവന് തോന്നി. അതുകൊണ്ടുതന്നെ അവളുമായി പെട്ടെന്നൊരു ബോണ്ട് ഉണ്ടാക്കിയെടുക്കാനും അവന് സാധിച്ചിരുന്നു. മീനു മീരേ പോലെ അല്പം ഉൾവലിഞ്ഞ പ്രകൃതമാണെന്ന് അവന് തോന്നിയെങ്കിലും അവൻ തമാശകൾ ഒക്കെ പറഞ്ഞ് അവളെയും വിഷമിപ്പിക്കാതെ ഇടപെട്ടു. അടുക്കളയിലേക്ക് എത്തിയതും മാധവിക്ക് ചോദിക്കാൻ ഉണ്ടായിരുന്നത് അവിടുത്തെ വിശേഷങ്ങൾ ആയിരുന്നു. അമ്മയെ വേദനിപ്പിക്കാത്ത തരത്തിലാണ് അവൾ വിശേഷങ്ങൾ പറഞ്ഞത്. ചെറിയമ്മയിൽ നിന്നും അമ്മയിൽ നിന്നുമുണ്ടായ സംസാരം ഒന്നും അമ്മയോടവൾ പങ്ക് വെച്ചില്ല. ആ അമ്മമനം ഉരുകുമെന്ന് അവൾക്ക് ഉറപ്പായിരുന്നു. ഇതിനിടയിലാണ് അവളുടെ കയ്യിൽ കിടന്ന വള മാധവി കണ്ടത്. പെട്ടെന്ന് അവർ അവളുടെ കൈകളിൽ പിടിച്ചു വളയിലേക്കു നോക്കി,
” ഈ വള ഏതാ മോളെ..? നമ്മൾ വാങ്ങിയ വള എവിടെ?
സംശയത്തോടെ അവര് ചോദിച്ചു.
” അത് ഇങ്ങോട്ട് വരുന്ന വഴി മാറിയമ്മേ, അതിൽ രണ്ടെണ്ണം നന്നായി ചളുങ്ങിയിരുന്നു.. സുധിയേട്ടൻ പറഞ്ഞു അത് മാറി മറ്റൊരു വള മേടിക്കാൻ.. ഇപ്പോൾ സുധിയേട്ടന്റെ കുറച്ച് സ്വർണ്ണം കൂടിയിട്ട് ആണ് ഇത് രണ്ടും വാങ്ങിയത്. രണ്ടര പവൻ വീതം ഉണ്ട് രണ്ടും.
മകളുടെ വാക്കുകൾ കേട്ടപ്പോൾ സന്തോഷമാണോ അതോ അപകർഷത ബോധമാണോ തന്നെ ഭരിക്കുന്നത് എന്ന് അറിയാത്ത ഒരു അവസ്ഥയിലായിരുന്നു മാധവി. അവരുടെ കണ്ണുകൾ എന്തുകൊണ്ടോ നിറഞ്ഞിരുന്നു.
” നീ ആവശ്യപ്പെട്ടതാണോ സുധിയോട്…? വിവാഹം കഴിഞ്ഞ ഉടനെ തന്നെ അവനെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല മോളെ… നമ്മൾ അവരുടെ കയ്യിലുള്ളത് കൂടി മനസ്സിലാക്കി വേണം ചെലവാക്കാൻ…
” അയ്യോ അമ്മേ ഞാൻ ആവശ്യപെട്ടത് ഒന്നുമല്ല, സുധിയേട്ടൻ തന്നെ സ്വന്തമായിട്ട് തീരുമാനിച്ചത് ആണ്. ഞാൻ കുറെവട്ടം പറഞ്ഞത് വേണ്ട എന്ന് പറഞ്ഞു…
അരുതാത്തതെന്തോ കേട്ടതുപോലെ അവള് പറഞ്ഞു..
” സുധി ആയിട്ട് തീരുമാനിച്ചത് ആണെങ്കിൽ കുഴപ്പമില്ല. നീ അങ്ങോട്ട് പറഞ്ഞതാണെന്നാണ് ഞാൻ കരുതിയത്..
” ഞാൻ അങ്ങനെ പറയുമോ അമ്മേ..?
” അങ്ങനെ പറയില്ല എങ്കിലും അമ്മ ചോദിച്ചത് ആണ്.. അഥവാ പറഞ്ഞാലും കുഴപ്പമില്ല നിന്റെ ഭർത്താവാണ്, പക്ഷേ സുധിയുടെ കയ്യിൽ അതിനുള്ള മാർഗം ഉണ്ടോന്ന് ചിന്തിച്ചതിനു ശേഷമേ നീ പറയാവൂ, കാരണം വരവ് അറിഞ്ഞേ ചെലവാക്കാവു. ഗൾഫിലാണെന്ന് പറഞ്ഞാലും വലിയ നീക്കിയിരിപ്പ് ഒന്നും ഉണ്ടാവില്ല. പെങ്ങളെ കെട്ടിച്ചു വിട്ടതും വീട് മോടി കൂട്ടിയതും ഒക്കെ സുധി ആണെന്നാണ് സുധിയുടെ അമ്മാവൻ പറഞ്ഞത്. അതുകൊണ്ട് ആവശ്യമില്ലാത്ത കാര്യങ്ങൾ ഒന്നും പറഞ്ഞു മോള് സുധിയെ ബുദ്ധിമുട്ടിക്കാൻ നിൽക്കരുത്..
” എനിക്കതൊക്കെ അറിയാലോ അമ്മേ നമ്മുടെ അവസ്ഥകൾ അറിഞ്ഞല്ലേ ഞാൻ പണ്ടും ജീവിച്ചിട്ടുള്ളത്…
അതുപോലെതന്നെ സുധിയേട്ടന്റെ വരുമാനം അറിഞ്ഞ് ഞാൻ ജീവിക്കു, പിന്നെ ഈ മാല സുധിയേട്ടൻ അവിടുന്ന് കൊണ്ടുവന്നത് ആണ്. ഇത് ഞാൻ അറിയുന്നത് മാല എന്റെ കയ്യിൽ തന്നപ്പോഴാണ്, എനിക്ക് വേണ്ടി അവിടുന്ന് വാങ്ങിയതാണെന്ന് പറഞ്ഞത്.
കഴുത്തിൽ കിടന്ന നേർത്ത നെക്ലീസ് കാണിച്ചുകൊണ്ട് അവൾ പറഞ്ഞു… അതിന്റെ തുമ്പിൽ കിടക്കുന്ന പെന്റണ്ടിൽ മാധവി വിരൽ ഓടിച്ചു. ഇത് ഡയമണ്ട് ആണെന്നാണ് അമ്മേ പറഞ്ഞത്..
” ആണോ…? അത്ഭുതത്തോടെ അവർ ചോദിച്ചു..
” ഇതെ പാറ്റേണിൽ ഉള്ള ഒരു മാല പണ്ട് നീതുവിന് ഉണ്ടായിരുന്നു. ഞാൻ കണ്ടിട്ടുണ്ട്. അന്ന് ഞാൻ ആഗ്രഹിച്ചത് ആയിരുന്നു ഇതുപോലെ ഒരു മാല ഉണ്ടായിരുന്നെങ്കിൽ എന്ന്. പക്ഷേ ഡയമണ്ട് വേണമെന്നൊന്നും ആഗ്രഹിച്ചില്ല. സാധാ കല്ല് വച്ചു ഒരു ലൗവിന്റെ ലോക്കറ്റ്. എന്റെ മാല പൊട്ടുമ്പോൾ അമ്മയോട് പറഞ്ഞു ഇങ്ങനത്തെ ഒന്ന് വാങ്ങണം എന്നും കരുതിയിരുന്നു…
ഉള്ളിലുള്ള മോഹം അവൾ പറഞ്ഞപ്പോൾ മാധവി നന്നായി ഒന്ന് ചിരിച്ചിരുന്നു..
“അതിനെന്താ നിന്റെ മോഹങ്ങളൊക്കെ സാധിക്കുന്ന ഒരാളെ തന്നെയല്ലേ കിട്ടിയത്. നിന്റെ മനസ്സ് അറിഞ്ഞതുപോലെയല്ലേ സുധീ മാല വാങ്ങിക്കൊണ്ടു വന്നത്… ശരിക്കും അതൊക്കെ ഒരു ഭാഗ്യം തന്നെയാണ്.
ഇതിനിടയിൽ ചായ തിളപ്പിക്കുകയും അത് ഗ്ലാസ്സിലേക്ക് ഒഴിക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു മാധവി.
” അവിടെ അമ്മയൊക്കെ എങ്ങനെയുണ്ട് നിന്നോട്..? വല്ലതും പറഞ്ഞോ..?
” അങ്ങനെയൊന്നുമില്ല അമ്മേ, ആ കാണുന്ന മുൻശുണ്ഠി ഒക്കെ ഉള്ളൂ, അടുത്ത് ഇടപഴകുമ്പോൾ ആള് പാവം ആണ്. എന്നോട് അങ്ങനെ ഒന്നും മോശമായി പറഞ്ഞില്ല.
പറയുന്നത് കള്ളമാണെന്ന ഭാവം ഒരിക്കൽ പോലും മുഖത്ത് വരാതിരിക്കാൻ അവൾ ആവുന്നത്ര ശ്രമിച്ചു. ഇന്നലെ രാത്രി മുഴുവൻ എന്റെ പ്രാർത്ഥന അതായിരുന്നു. നിന്നെ അവിടെ ആരും കുത്തിനോവിക്കരുത് എന്ന്. നമ്മൾ വലുതായി സ്വർണം ഒന്നും കൊടുത്തില്ലല്ലോ, അതുകൊണ്ട് സുധിയുടെ അമ്മയ്ക്ക് ആ ഒരു അനിഷ്ടം ഉണ്ടാവും. അത് നിന്നോട് കാണിക്കരുതെന്ന് ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നത്. നിഷ്കളങ്കമായി പറയുന്നവരുടെ മുഖഭാവം കണ്ടപ്പോൾ വല്ലാത്തൊരു വേദന തോന്നിയിരുന്നു മീരയ്ക്ക്. അതുകൊണ്ടു തന്നെയാണ് താൻ ഒന്നും പറയണ്ടന്ന് കരുതിയത്. വെറുതെ അമ്മയെ കൂടി സങ്കടപ്പെടുത്തണ്ടല്ലോ.
” അവിടെ എനിക്ക് അങ്ങനെ ഒരു പ്രശ്നവുമില്ല അമ്മേ, പിന്നെ സുധിയേട്ടൻ അങ്ങനെ ഒരു പ്രശ്നത്തിനും എന്നെ വിട്ടുകൊടുക്കുകയില്ല.
ഏറെ ആത്മാർത്ഥമായി തന്നെയാണ് അവൾ കാര്യം പറഞ്ഞത്.
” അത് എനിക്ക് ഉറപ്പുണ്ട്. അതുകൊണ്ടല്ലേ ഞാൻ ഈ കല്യാണം തന്നെ മതിയെന്ന് വാശിപിടിച്ചത്. സുധിയെ ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു നല്ല സ്വഭാവമുള്ള ഒരു ചെറുപ്പക്കാരൻ ആണെന്ന്. നിന്റെ ഭാഗ്യം ആണ്. കേട്ടിടത്തോളം ബുദ്ധിമുട്ടുകളെ കുറിച്ച് ഒന്നും പ്രത്യേകിച്ച് ആരും പറഞ്ഞു കൊടുക്കേണ്ട. നമ്മളെയൊക്കെ പോലെ ബുദ്ധിമുട്ടുകളിൽ ജീവിച്ചു വന്നതാ അവൻ. അതുകൊണ്ട് ഒരിക്കലും നിന്നെ വിഷമിപ്പിക്കില്ല. അങ്ങനെ
എനിക്കൊരു വിശ്വാസമുണ്ട്.
” സത്യം അമ്മെ അറിയാതെപോലും എന്നെ വിഷമിപ്പിക്കുന്നില്ല…
“നിന്റെ ഭാഗത്തുനിന്നും അവനെ വിഷമിപ്പിക്കുന്ന തരത്തിൽ ഒരു സ്വഭാവവും ഉണ്ടാവരുത്..
” ഇല്ല അമ്മേ..! ഒരിക്കലും ഞാനായിട്ട് സുധിയേട്ടനെ വിഷമിപ്പിക്കില്ല. എന്റെ മുഖം ഒന്ന് വാടിയാൽ സുധിയേട്ടന് സഹിക്കില്ല. പിന്നെ അത് ഒന്ന് തെളിയിപ്പിക്കാനുള്ള തത്രപ്പാടിൽ ആണ് ആള്,
ഏറെ സന്തോഷത്തോടെ പ്രിയപ്പെട്ട ഒരുവനെ കുറിച്ച് അവൾ പറയുന്നത് മാധവിയും കേട്ട് നിന്നു………കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…