ആശുപത്രിയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ; ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജ് മുൻ പ്രിൻസിപ്പലിന്റെ വസതിയിൽ സിബിഐ റെയ്ഡ്
ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ വസതിയിൽ റെയ്ഡ് നടത്തി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ). സന്ദീപ് ഘോഷിന്റെയും ബന്ധുക്കളുടെയും വീടുകൾ ഉൾപ്പെടെ 15 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തുന്നതെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.
ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫോറന്‍സിക് മെഡിസിന്‍ ആന്റ് ടോക്‌സിക്കോളജി ഡെമോണ്‍സ്‌ട്രേറ്റര്‍ ഡോ.ദേബാശിഷ് സോമിന്റെ വീട്ടിലും സിബിഐ സംഘം എത്തിയിരുന്നു. ആശുപത്രിയിലെ അഴിമതിയും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി മുന്‍ ഡെപ്യൂട്ടി സൂപ്രണ്ട് അക്തര്‍ അലി നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
ക്ലെയിം ചെയ്യപ്പെടാത്ത മൃതദേഹങ്ങൾ വിൽക്കുക, ബയോമെഡിക്കൽ മാലിന്യങ്ങൾ കടത്തുക തുടങ്ങിയ നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ സന്ദീപ് ഘോഷ് ഉൾപ്പെട്ടിരുന്നതായി അക്തര്‍ അലി ആരോപിച്ചു. പരീക്ഷ ജയിക്കാൻ 5 മുതൽ 8 ലക്ഷം രൂപ വരെ നൽകാൻ വിദ്യാർത്ഥികളെ നിർബന്ധിച്ചിരുന്നതായും അലി പരാതിയിൽ പറയുന്നു.
കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സന്ദീപ് ഘോഷിനെതിരെ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തിരുന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെ തുടര്‍ന്നാണ് കോളേജിലെ അഴിമതിയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്.
അതേസമയം കൊല്‍ക്കത്ത ഹൈക്കോടതി നിയോഗിച്ച പ്രത്യേക സംഘം (എസ്‌ഐടി) കേസുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ സിബിഐക്ക് കൈമാറി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സിബിഐ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുകയും പകര്‍പ്പ് അലിപൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.
അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി മൂന്നാഴ്ച വരെ സമയം അനുവദിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 17ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ഓഗസ്റ്റ് ഒമ്പതിനാണ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ 32കാരിയായ പിജി രണ്ടാം വർഷ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തുന്നത്. ക്രൂര പീഡനത്തിനിരയായ നിലയിലായിരുന്നു മൃതദേഹം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സഞ്ജയ് റോയ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
കേസിൽ സുപ്രീം കോടതി പശ്ചിമ ബംഗാൾ സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ചിരുന്നു. സന്ദീപ് ഘോഷിനെതിരെയും കോടതി പരാമർശം നടത്തിയിരുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാൻ 14 മണിക്കൂർ വൈകിയത് എന്തിനാണെന്നും മുൻ പ്രിൻസിപ്പൽ ആരെയാണ് സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു.