Novel

സൂര്യനെ മോഹിച്ചവൾ: ഭാഗം 11

രചന: ശിവ എസ് നായർ

“സാർ… ഞാനിവിടെ വന്ന ദിവസം രാത്രി ചിലരൊക്കെ ചേർന്ന് എന്നെ ശാരീരികമായി ഉപദ്രവിച്ചു. അവർ അഞ്ചുപേരുണ്ടായിരുന്നു. അതിലൊരാൾ രാത്രി കാലങ്ങളിൽ സ്ഥിരമായി എന്നെ റേപ്പ് ചെയ്യുന്നുണ്ട്. എനിക്ക് ഇതിൽ നിന്ന് എങ്ങനെ രക്ഷപ്പെടണമെന്നറിയില്ല. സാറെന്നെ സഹായിക്കണം. ഇരുട്ടിൽ ആരാണെന്നോട് ഇങ്ങനെയെല്ലാം ചെയ്യുന്നതെന്ന് എനിക്കറിയില്ല സർ… സഹിക്കുന്നതിന്റെ പരമാവധി ഞാൻ പിടിച്ചുനിൽക്കാൻ ശ്രമിച്ചു. ഇനിയെനിക്ക് പറ്റില്ല സർ… ആരാ എന്താ എന്നൊന്നും എനിക്കറിയില്ല… പക്ഷേ ഞാൻ… ഞാൻ പറയുന്നത് സത്യമാണ്. ഒന്ന് മൂത്രമൊഴിക്കാൻ കൂടി എനിക്ക് പറ്റണില്ല. അത്രയ്ക്ക് വേദനയാണ്.” സൂര്യൻ അയാൾക്ക് മുന്നിൽ നിന്ന് കൈകൂപ്പി കരഞ്ഞു.

സൂര്യന്റെ നിൽപ്പും ഭാവവും സംസാരവുമൊക്കെ കേട്ടപ്പോൾ ഗൗരവത്തോടെ അവനെ വീക്ഷിച്ചിരുന്ന കോൺസ്റ്റബിൾ സൈമണിന്റെ മുഖഭാവം ആർദ്രമായി. തനിക്ക് മുന്നിൽ നിന്ന് കരയുന്ന പയ്യനെ അയാൾ മനസ്സലിവോടെ ഒരു നിമിഷം നോക്കി നിന്നു. താൻ പ്രതീക്ഷിച്ചതെന്തോ കേട്ടത് പോലെ ആ ഉദ്യോഗസ്ഥന്റെ മുഖം വിവർണ്ണമായി.

“ഇവിടെ ഇത് സർവ്വ സാധാരണമായ കാര്യമാണ് മോനേ. നിന്നെ ട്രാപ്പിൽ പെടുത്തി ജയിലാക്കിയതല്ലേ. കാര്യങ്ങളൊക്കെ എനിക്കറിയാം. പക്ഷേ നിന്നെ സഹായിക്കാൻ എനിക്ക് കഴിയില്ല കുട്ടി. ഈ ജയിലിലെ സാഹചര്യങ്ങൾ അങ്ങനെയാണ്. നിങ്ങളുടെ ഇടയിലെ പ്രശ്നങ്ങളിൽ പോലീസുകാർ ഇടപെടാറില്ല. തമ്മിൽ തല്ലി കയ്യൂക്ക് ഉള്ളവൻ ജയിച്ച് മുന്നേറി മറ്റുള്ളവരെ ഭരിക്കലാണ് ഇവിടെ കണ്ട് വരുന്നത്.

നിന്നെ ഉപദ്രവിച്ചന്മാർക്കെതിരെ നീ പരാതി പറഞ്ഞൂന്ന് അവന്മാർ അറിഞ്ഞാൽ പിന്നെ നിന്റെ കഷ്ടകാലം തുടങ്ങിയെന്ന് വിചാരിച്ചാൽ മതി. അത്രേം വൃത്തികെട്ടവന്മാരാണ്. വേറെയാരോടും നീ ഇക്കാര്യം പറയാത്തത് നന്നായി. ഞങ്ങൾക്കൊക്കെ മേലധികാരികൾ പറയുന്നത് അനുസരിക്കാതെ നിവൃത്തിയില്ല.

നാട്ടുകാർക്കും വീട്ടുകാർക്കും ഭാരമായി കുറ്റ കൃത്യങ്ങൾ ചെയ്ത് ഇവിടെ വന്നെത്തി പെടുന്നവന്മർ തമ്മിൽ തല്ലി ചത്ത്‌ തുലയുന്നെങ്കിൽ തുലയട്ടെ എന്ന ഭാവമാണ് സൂപ്രണ്ടിന്. അതിനിടയിൽ നിന്നെപ്പോലെ നിരപരാധികളായ കുറച്ചുപേരും പെട്ട് പോകുന്നുണ്ട്.” ശബ്ദം താഴ്ത്തി സൂര്യന് കേൾക്കാൻ പാകത്തിലാണ് അയാൾ സംസാരിച്ചത്.

“ഞാനിനി എന്താ ചെയ്യേണ്ടത് സർ? ഇന്ന് രാത്രിയും അവർ വരും. എന്നെകൊണ്ട് ഇനിയും താങ്ങാനാവില്ല.” അവന്റെ ഒച്ച ചിലമ്പിച്ചിരുന്നു.

“നിനക്കൊരു സനലിനെ അറിയോ?”

“അറിയാം… ചോറ് വിളമ്പുന്നിടത്ത് വഴക്കുണ്ടാക്കുന്നത് കണ്ടിട്ടുണ്ട്.”

“ആ… അവൻ തന്നെയാ നിന്നെ ഉപദ്രവിച്ചവൻ.”

“അയ്യോ…”

“അവന്റെ പേര് കേട്ടപ്പോ തന്നെ നീ പേടിച്ചല്ലോ.”

“ഇവിടെ എല്ലാവർക്കും അവനെ പേടിയാണെന്ന് മനസ്സിലായതാ സർ. ഇന്നലെ കറി വിളമ്പിയത് കുറഞ്ഞു പോയെന്ന് പറഞ്ഞ് വിളമ്പി കൊണ്ടിരുന്നവന്റെ മൂക്കിനിട്ട് ഇടിച്ച് ചോര വരുത്തിയത് നേരിൽ കണ്ടതാ ഞാൻ.” സനലിന്റെ മുഖം മനസ്സിലേക്ക് വന്നതും അവനിൽ ഒരു നടുക്കമുണ്ടായി.

“നിന്റെ പ്രായം തന്നെയാ അവനും. ഇവിടുത്തെ സീനിയർ ജയിൽ പുള്ളിയാണ് സനൽ. കുറേ കൊണ്ടും കൊടുത്തുമാണ് അവനിപ്പോ ഇങ്ങനെ നടക്കുന്നത്.”

“സനലിന്റെ കൈയ്യിൽ നിന്ന് രക്ഷപെടാൻ ഒരു വഴിയുമില്ലേ സർ.”

“കേട്ടിടത്തോളം സനലൊരു സ്വവർഗാനുരാഗിയാണ്. ഈ ജയിലിൽ അവന്റെ കൂടെയുള്ളവരെ ഒഴിച്ച് നിർത്തിയാൽ അവൻ തൊടാത്ത ഒരാള് പോലുമില്ലെന്നതാണ് സത്യം. പുതുതായി എത്തുന്നവരൊക്കെ അവന്റെ സ്ഥിരം ഇരകളാണ്. ഇതുവരെ അവനോട് എതിരിട്ട് ജയിക്കാൻ പ്രാപ്തിയുള്ള ആരും ഇവിടെ വന്നിട്ടില്ല. ഇങ്ങോട്ട് വന്ന് കേറിയതിന്റെ പിറ്റേന്ന് തന്നെ സനലിനെതിരെ പരാതിയുമായി വന്നവരാണ് എല്ലാവരും. നീ മാത്രമാണ് വരാൻ അൽപ്പം വൈകിയത്. നിന്റെ ഭാഗത്ത്‌ നിന്ന് പരാതി വരാത്തത് കൊണ്ടുതന്നെ ഞാൻ ഉൾപ്പെടെയുള്ള പോലീസുകാർ വിചാരിച്ചത് നിന്റെ അടുത്ത് അവന്റെ കാമവെറി നടന്നില്ലെന്നായിരുന്നു. പക്ഷേ ഇത്രേം ദിവസങ്ങളായി നീയിതൊക്കെ സഹിക്കുകയായിരുന്നുവെന്ന് പ്രതീക്ഷിച്ചതല്ല. അടുത്തൊരു തടവ് പുള്ളി വരുന്നത് വരെ സനൽ രാത്രി കാലങ്ങളിൽ നിന്നേ തേടി വരുക തന്നെ ചെയ്യും. അത് തടയാൻ നിനക്കേ പറ്റു. ഇവിടെ സ്വന്തം സുരക്ഷ സ്വയം ഉറപ്പാക്കാനേ സാധിക്കു. മറ്റുള്ളവർക്ക് നിങ്ങളെ സഹായിക്കാനോ സംരക്ഷിക്കാനോ സാധിക്കില്ല.” ആ പോലീസ് ഉദ്യോഗസ്ഥന്റെ വാക്കുകൾ അവനെ തളർത്തി.

“അവനെ കാണുന്നത് തന്നെ എനിക്ക് പേടിയാ സർ. സനലാണ് എന്നെ ഉപദ്രവിക്കുന്നതെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചതല്ല. അവനെ പേടിയുള്ള ഞാനെങ്ങനെയാ അവനോട് എതിരിടുക?”

“നീയിവിടെ മറ്റാരോടും സംസാരിക്കാത്തത് കൊണ്ടാണ് സനലാണ് രാത്രി നിന്റെ അടുത്ത് വരുന്നതെന്ന് നീയറിയാതെ പോയത്. നീയുൾപ്പെടെയുള്ളവർ അവനെ പേടിച്ച് നിൽക്കുന്നത് കൊണ്ടാണ് സനലിന് ഇത്ര അഹങ്കാരം.”

“സാറിന് ഇതിനെതിരായി ഒന്നും ചെയ്യാൻ കഴിയില്ലേ?”

“സൂപ്രണ്ടിന്റെ അനുമതിയില്ലാതെ ഞങ്ങൾക്കൊന്നും ചെയ്യാനാവില്ല.”

“ഇനിയും അവനെന്നെ എന്തെങ്കിലും ചെയ്താൽ ഞാൻ ചത്തുപോകും സർ.” അത്രയും ദയനീയതയോടെയുള്ള സൂര്യന്റെ നോട്ടം അയാളുടെ ഹൃദയത്തിലേക്കാണ് ആഴ്ന്നിറങ്ങിയത്.

“നീയെന്തിനാ അവനെ ഭയക്കുന്നത്. നിന്റെ അതേ പ്രായമാണ് അവനും. നീയൊന്ന് മനസ്സ് വച്ചാൽ അവനിട്ട് രണ്ടെണ്ണം പൊട്ടിക്കാൻ നിനക്ക് പറ്റും. നിന്നെ സംരക്ഷിക്കാൻ നീയേയുള്ളു എന്ന് മനസ്സിൽ ചിന്തിച്ച് ശരീരത്തിന് ധൈര്യം പകരാൻ ശ്രമിക്ക്. സനലിനിട്ട് രണ്ട് ഇടി കൊടുക്കാൻ നിന്നെക്കൊണ്ട് സാധിക്കും. ആരെങ്കിലും അവനെതിരെ കൈ പൊക്കിയാൽ ബാക്കിയുള്ളവരും നിനക്കൊപ്പം ചേരും. ഒരവസരം കിട്ടിയാൽ അവനോട് പകയുള്ള എല്ലാവരും തിരിച്ചടിക്കും. ഭയമാണ് എല്ലാരേയും പിന്നോട്ട് വലിക്കുന്നത്. നീയിങ്ങനെ ഭയപ്പെട്ട് നിൽക്കാതെ പ്രതികരിക്കാൻ പഠിക്ക്.” സൈമൺ അവന് ധൈര്യം പകരാൻ ശ്രമിച്ചു.

“ഇപ്പോഴത്തെ എന്റെ ആരോഗ്യ സ്ഥിതി വച്ച് അവനോട് എതിരിടാൻ കഴിയില്ല സർ. എന്റെ ശരീരത്തിൽ പുറമേ കാണുന്ന ഭാഗങ്ങൾ മാത്രമേ മുറിവില്ലാതുള്ളു. ഉടുപ്പിനുള്ളിൽ മറഞ്ഞു കിടക്കുന്ന ഭാഗങ്ങളിൽ മുറിവില്ലാത്ത ഒരിടം പോലുമില്ല. എനിക്ക് കുറച്ചു ദിവസം ഒന്ന് വിശ്രമിക്കണം സാറേ. ഇവിടിങ്ങനെ കിടന്നാൽ ജീവൻ ബാക്കിയുണ്ടാകുമെന്ന് തോന്നുന്നില്ല.” സൂര്യന്റെ മിഴികൾ നിറഞ്ഞു.

അവന്റെ കഴുത്തിടുക്കിൽ ചോര കല്ലിച്ച് കിടക്കുന്നത് അപ്പോഴാണ് അയാളുടെ ശ്രദ്ധയിൽ പെട്ടത്. അത് കണ്ടപ്പോൾ ബാക്കി എങ്ങനെയാകുമെന്ന് സൈമണിന് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ.

“നിനക്ക് കുറച്ചു ദിവസം വിശ്രമം കിട്ടിയാൽ പഴയ ആരോഗ്യം വീണ്ടെടുക്കാൻ പറ്റും. അങ്ങനെയാണെങ്കിൽ സനലിനൊരു തിരിച്ചടി കൊടുക്കാൻ നിനക്ക് കഴിയുമോ?” സൈമണിന്റെ ചോദ്യം അവനിൽ നിറഞ്ഞിരുന്ന സനലിനോടുള്ള ഭയം പകയായി വളരാൻ ഉതകുന്നതായിരുന്നു.

“എന്റെ മുറിവുകൾ മാറി ആരോഗ്യമൊന്നും വീണ്ടുകിട്ടിയാൽ അവനൊരിക്കലും എന്നെ തൊടാൻ വരാത്ത രീതിയിൽ ഞാനെന്തെങ്കിലും ചെയ്യും സർ. ഇനിയും ഈ വേദന സഹിക്കാൻ എനിക്ക് വയ്യ.” എത്രത്തോളം വേദന സഹിച്ചാണ് അവൻ തനിക്ക് മുന്നിൽ നിൽക്കുന്നതെന്നോത്തപ്പോൾ അയാൾക്കവനോട് സഹതാപം തോന്നി.

“തല്ക്കാലത്തേക്ക് ഇവിടെ നിന്ന് രക്ഷപ്പെടാൻ നിനക്ക് ഞാനൊരു വഴി പറഞ്ഞു തരാം.”

“എന്താ സർ…” ജിജ്ഞാസയോടെ സൈമണിന്റെ വാക്കുകൾക്കായി അവൻ കാതോർത്തു.

“ഉച്ചയ്ക്ക് ചോറ് വാങ്ങാനായി ക്യൂവിൽ നിൽക്കുബോൾ നീ ബോധം കെട്ട് വീഴുന്നതായി അഭിനയിക്കണം. മുഖത്ത് വെള്ളം തളിച്ചാലും ഉണരരുത്. ഡോക്ടർ വന്ന് പരിശോധിച്ചു നോക്കിയിട്ട് നിന്റെ മുറിവുകൾ കണ്ടാൽ അദ്ദേഹം നിന്നെ ഹോസ്പിറ്റലിലേക്ക് മാറ്റാൻ നിർദേശം കൊടുക്കും. ബോധം കെട്ട് വീണതായി അഭിനയിച്ച് തുടങ്ങിയാൽ പിന്നെ ഹോസ്പിറ്റലിൽ എത്തുന്നത് വരെ അങ്ങനെ തന്നെ കിടക്കണം നീ. വയ്യായ്കയും തളർച്ചയും നന്നായി അഭിനയിച്ചാൽ ഒരാഴ്ചയ്ക്ക് മുകളിൽ നിനക്കവിടെ റസ്റ്റ്‌ എടുക്കാം. സുഖമായി തിരിച്ചു വന്ന് കഴിഞ്ഞാൽ സനൽ നിന്നെ ഉറപ്പായും തേടി വരും. ആ സമയം അവനെ നന്നായി കൈകാര്യം ചെയ്ത് വിടണം.” അയാളുടെ ഉപദേശം അവനും സ്വീകാര്യമായിരുന്നു.

“പക്ഷേ സർ സനലിന്റെ കൂടെ ബാക്കി നാലുപേര് കൂടിയുണ്ട്. അപ്പോപ്പിന്നെ അവരെ അഞ്ചുപേരെയും എനിക്ക് ഒരുമിച്ച് അടിച്ചിടാൻ പറ്റുമോ?”

“നീ തുടങ്ങി വച്ചാൽ അവിടെ ബാക്കിയുള്ളവർ സനലിനെയും കൂട്ടുകാരെയും എടുത്തിട്ട് അടിച്ചോളും. അതുകൊണ്ട് അതൊന്നും ഓർത്ത് നീ ടെൻഷൻ അടിക്കേണ്ട.”

സൈമൺ പകർന്ന് കൊടുത്ത ധൈര്യത്തിൽ സൂര്യൻ എല്ലാം തല കുലുക്കി സമ്മതിച്ചു. അതിന്റെ ആദ്യ പടിയായി ഉച്ചയ്ക്ക് ചോറ് വാങ്ങാൻ വരിയിൽ നിൽക്കുമ്പോൾ അവൻ ബോധം മറഞ്ഞു പിന്നിലേക്ക് വീഴുന്നതായി അഭിനയിച്ചു.

നിലത്തേക്ക് മലർന്നടിച്ചു വീണവനെ വന്ന് പൊക്കിയെടുത്തു വരാന്തയിൽ കൊണ്ട് കിടത്തിയത് സനലാണ്. അവനെ എടുത്തുയർത്തി തോളിലിടുമ്പോൾ സനലിന്റെ കൈകൾ സൂര്യന്റെ ശരീര ഭാഗങ്ങളിൽ കൂടി പരതി നടന്നു…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button