Kerala

നിപ മരണം: പ്രദേശത്ത് പനിയുള്ളവരെ കണ്ടെത്താൻ ഇന്ന് മുതൽ ഫീവർ സർവേ നടക്കും

മലപ്പുറം നടുവത്ത് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ പനിയുള്ളവരെ കണ്ടെത്താൻ ഇന്നുമുതൽ ഫീവർ സർവേ ആരംഭിക്കും. നിപ സ്ഥിരീകരിച്ച പ്രദേശത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള വാർഡുകളിലാണ് സർവേ നടക്കുക. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ അഞ്ചു വാർഡുകളാണ് നിലവിൽ കണ്ടെന്റ്മെന്റ് സോൺ ആക്കിയിരിക്കുന്നത്. കണ്ടൈൻമെന്റ് സോണുകളാക്കിയ പ്രദേശത്തെ നബിദിന ഘോഷയാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് ജില്ലാ കലക്ടർ നിർദ്ദേശം നൽകി. സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യവകുപ്പ് ഡയറക്ടർ ഇന്ന് മലപ്പുറത്തെത്തും.

തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകൾ, മമ്പാട് പഞ്ചായത്തിലെ 7-ാം വാർഡ് എന്നിവയാണ് കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കലക്ടർ വി.ആർ. വിനോദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സ്ഥലങ്ങളിൽ പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രങ്ങൾ ഉണ്ടാവും. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞ 24 വയസുകാരനാണ് നിപ വൈറസ് ബാധയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്.

സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞ യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ ഓഫീസർ നടത്തിയ ഡെത്ത് ഇൻവെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഉടൻ തന്നെ ജില്ലാ മെഡിക്കൽ ഓഫീസർ വഴി ലഭ്യമായ സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ അയച്ചു. ഈ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. ഇതറിഞ്ഞ ഉടനെ ഇന്നലെ രാത്രിയിൽ തന്നെ ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര ഉന്നതലയോഗം ചേർന്നിരുന്നു.

Related Articles

Back to top button