രാഹുൽ ഗാന്ധിക്കെതിരായ എൻഡിഎ നേതാക്കളുടെ വിദ്വേഷ പരാമർശം; കോൺഗ്രസ് പരാതി നൽകി
രാഹുൽ ഗാന്ധിക്കെതിരെ എൻഡിഎ നേതാക്കൾ നടത്തിയ വിദ്വേഷ പരാമർശങ്ങളിൽ പോലീസിൽ പരാതി നൽകി കോൺഗ്രസ്. കോൺഗ്രസ് നേതാവ് അജയ് മാക്കൻ ഡൽഹിയിലെ തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. ബിജെപി നേതാവ് തർവിന്ദർ സിംഗ് ശിവസേന ഷിൻഡെ വിഭാഗം എംഎൽഎ സഞ്ജയ് ഗെയ്ക്ക്വാദ്, കേന്ദ്ര മന്ത്രി രവ്നീത് സിംഗ് ബിട്ടു, ഉത്തർപ്രദേശ് മന്ത്രി രഘുരാജ് സിംഗ് എന്നിവർക്ക് എതിരെയാണ് പരാതി.
ലോക്സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുലിന്റെ സുരക്ഷയെ അപകടപ്പെടുത്തുകയെന്ന ലക്ഷ്യം വെച്ചുള്ളതാണ് പരാമർശങ്ങളെന്ന് കോൺഗ്രസ് വ്യക്തമാക്കി. കോൺഗ്രസ് നേതാക്കളെ നിശബ്ദരാക്കാൻ കഴിയില്ലെന്നും മരണത്തെ ഭയക്കുന്നവരല്ല കോൺഗ്രസുകാരെന്നും അജയ് മാക്കൻ പറഞ്ഞു.
രാഹുൽ ഗാന്ധി നമ്പർ 1 ഭീകരവാദി എന്ന പരാമർശമാണ് കേന്ദ്ര മന്ത്രി രവ്നീത് സിംഗ് ബിട്ടു നടത്തിയത്. തർവീന്ദർ സിംഗ് രാഹുൽ ഗാന്ധിയെ വധിക്കുമെന്നാണ് പറഞ്ഞത്. നന്നായി പെരുമാറിയില്ലെങ്കിൽ രാഹുൽ ഗാന്ധിക്ക് ഇന്ദിരാ ഗാന്ധിയുടെ ഗതിയുണ്ടാകുമെന്നായിരുന്നു തർവീന്ദർ സിംഗിന്റെ പ്രസ്താവന. രാഹുലിന്റെ നാവ് അരിയുന്നവർക്ക് 11 ലക്ഷം രൂപ നൽകുമെന്നായിരുന്നു സഞ്ജയ് ഗെയ്ക്ക്വാദ് പറഞ്ഞത്.