Novel

ഏയ്ഞ്ചൽ: ഭാഗം 28

രചന: സന്തോഷ് അപ്പുകുട്ടൻ

“പതിനഞ്ച് വർഷകാലത്തോളം മമ്മിയോടൊപ്പം കഴിഞ്ഞു. ഇനി അത്രയും കാലം അച്ഛനോടൊപ്പം കഴിയട്ടെയെന്ന്. ഇങ്ങിനെ ഞാനല്ല പറഞ്ഞത്. ഏയ്ഞ്ചലിൻ്റെ മകൻ അരുൺ തന്നെയാണ് ”

കസേരയിലേക്ക് ചാരിയിരുന്നു പതിയെ പറയുന്ന എസ്.ഐ.ജിൻസിനെ ഏയ്ഞ്ചൽ നിർവികാരതയോടെ ഒന്നു നോട്ടമയച്ചതിനു ശേഷം അവൾ ചുറ്റുമൊന്നു പ്രതീക്ഷയോടെ നോക്കി.

അരുണിനെ അവിടെയെങ്ങും കാണാതിരുന്നതിനാൽ അവളുടെ മുഖം നിരാശയിൽ കുതിർന്നു.

” അവൻ പറഞ്ഞതിൽ ശരിയുണ്ടെന്നു തോന്നിയപ്പോൾ അവനെ തടയാൻ നിന്നില്ല. കൂടെ ഒരു കൂട്ടായി പോകുന്ന ദേവമ്മയെയും ”

ജിൻസിൻ്റെ സംസാരം കേട്ടതും ഏയ്ഞ്ചൽ, വാടി തളർന്നു കൊണ്ട് റോയ് ഫിലിപ്പിനെ നോക്കി.

” അരുണിനെ കാണാതായെന്നും, അവനെ എത്രയും പെട്ടെന്ന് അന്വേഷിച്ച് കണ്ടു പിടിക്കണമെന്നും പറഞ്ഞ ഞങ്ങളോട്,
ഇതു പറയാനാണോ സർ ഇത്ര അർജൻ്റായി സ്റ്റേഷനിലേക്ക് വരാൻ പറഞ്ഞത്?”

റോയ്ഫിലിപ്പിൻ്റെ ചോദ്യത്തിൽ പുച്ഛം നിറഞ്ഞതും, ജിൻസ് അയാളെ നോക്കി പതിഞ്ഞ പുഞ്ചിരിയോടെ തലയാട്ടി.

“ഞാൻ ഏയ്ഞ്ചലിനോട് അല്ലേ സ്റ്റേഷനിലേക്ക് വരാൻ പറഞ്ഞത്.. അല്ല ഈ ചോദ്യം ചോദിക്കാൻ താങ്കൾ ആരാണ്?”

ജിൻസിൻ്റെ ശബ്ദം മുറുകിയതും, റോയ് ഫിലിപ്പ് ജാള്യതയോടെ ഏയ്ഞ്ചലിനെ നോക്കി.

” ഇത് ഡോ: റോയ് ഫിലിപ്പ്. എൻ്റെ ഫ്രണ്ട് ആണ്. അതിലുപരി… ”

ഏയ്ഞ്ചലിൻ്റെ വാക്കുകൾ പാതിയിൽ നിന്നപ്പോൾ, ജിൻസിൻ്റെ ചുണ്ടിൽ പുഞ്ചിരിയൂറി.

“അങ്ങിനെ വരട്ടെ… കാര്യങ്ങളുടെ കിടപ്പ് ഇപ്പോഴല്ലേ അറിയുന്നത്.
നിങ്ങളുടെ ഈ അഫയറിൽ മനം മടുത്തിട്ടാണെങ്കിലോ അവൻ പോകുന്നത്?”

“സർ ”

ജിൻസിൻ്റെ പരിഹാസത്തോടെയുള്ളവാക്കുകൾ കേട്ടതും, ഏയ്ഞ്ചൽ അലറി.

“കൂൾ ഡൗൺ ഏയ്ഞ്ചൽ… നീ വിഷമിക്കാതിരി… ഈ പോലീസ് സ്റ്റേഷന് അപ്പുറത്ത് കോടതിയുണ്ട്. അവിടെ നമ്മൾക്ക് നോക്കാം ”

ഏയ്ഞ്ചലിൻ്റെ തോളിൽ തട്ടികൊണ്ട് റോയ്ഫിലിപ്പ് കസേരയിൽ നിന്നെഴുന്നേറ്റു.

” പക
പോക്കുകയാണ് അല്ലേ എന്നോട് ?”

നിറയുന്ന കണ്ണുകളോടെ ചോദിച്ചുകൊണ്ട് അവൾ പതിയെ കസേരയിൽ നിന്നെഴുന്നേറ്റു.

” അങ്ങിനെയാണ് ഏയ്ഞ്ചലിനു തോന്നുന്നതെങ്കിൽ എനിക്ക് ഒന്നും പറയാനില്ല:..കാരണം
മനസ്സിലുറച്ചത് പെട്ടെന്നൊന്നും മാറില്ലായെന്നും, മാറ്റാൻ കഴിയില്ലെന്നും അറിയാവുന്നതു കൊണ്ടു തന്നെ ”

“ഒന്നു ഉപദേശിച്ചിരുന്നെങ്കിൽ, ഒരമ്മയുടെ വേദനയെത്രയെന്ന് അവനോടു പറഞ്ഞിരുന്നെങ്കിൽ, അവൻ തീർച്ചയായും മടങ്ങി വന്നേനെ… അതിനു പകരം അവൻ്റെ വാക്കും കേട്ട്, ഒരു കടമ നിർവഹിച്ചതു പോലെ മടങ്ങി വന്നിരിക്കുന്നു അല്ലേ? അപ്പോൾ പിന്നെ, എൻ്റെ പരാതിയിൽ എനിക്ക് അനുകൂലമായിട്ടുള്ള ശരിയിൽ തീർപ്പ് കൽപ്പിക്കാത്തത് എന്നോടുള്ള പക പോക്കലാണന്നല്ലേ എനിക്ക് ചിന്തിക്കാൻ കഴിയൂ?”

ഏയ്ഞ്ചലിൻ്റെ ഗദ്ഗദത്തോടെയുള്ള ചോദ്യം കേട്ടതും, ജിൻസ് അവളുടെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി.

“ഏയ്ഞ്ചൽ മനസ്സിൽ വിചാരിച്ചിരിക്കുന്നത് മുഴുവൻ തെറ്റാണ്.. ഞാനല്ല.. ഏയ്ഞ്ചലല്ല.. ഇനി ഈശ്വരൻ വിചാരിച്ചാൽ പോലും അവൻ തിരിച്ചു വരില്ല. അത്രയ്ക്ക് ഉറച്ച തീരുമാനത്തോടെയാണ് അവൻ പോയിരിക്കുന്നത്…”

ജിൻസിൻ്റെ വാക്കുകൾ കേട്ടതും, അവിശ്വസനീയതയോടെ അവൾ കസേരയിലേക്ക മർന്നു.

“സാർ എന്താ പറഞ്ഞത്? അവനെ പറ്റി തന്നെയാണോ പറഞ്ഞത്? അവൻ അങ്ങിനെ ഒരു ഉറച്ച തീരുമാനം സാറിനോടു പറഞ്ഞോ?”

ഏയ്ഞ്ചലിൻ്റെ ചോദ്യത്തോടൊപ്പം, അവളിൽ നിന്ന് ഒരു പുച്ഛ ചിരി വിടർന്നു.

” ഇത്രയും കാലം എൻ്റെ മനസ്സൊന്ന് വേദനിപ്പിക്കാതെ, മാറോട് ഒട്ടി നടന്നിരുന്ന എൻ്റെ കുഞ്ഞിനെ പറ്റിയാണോ സാർ ഈ പറഞ്ഞത്? അതോ ഇനി ഇതിനെക്കാളും വലിയൊരു നുണ കിട്ടാത്തതു കൊണ്ടാണോ സാർ ഈ വിചിത്രമായ നുണയിലൊതുക്കിയത്?”

ഏയ്ഞ്ചലിൻ്റെ കോപം വമിക്കുന്ന വാക്കുകൾ കേട്ടതും ജിൻസിൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

“മാറോടൊട്ടി, മനസ്സ് വേദനിപ്പിക്കാതെ എന്നൊക്കെ പറയുന്നത് വെറും ആലങ്കാരികമല്ലേ ഏയ്ഞ്ചൽ? അതു മാത്രമല്ല, അങ്ങിനെയൊക്കെ മനസ്സിൽ ചിന്തിച്ചു നടന്നത് ഏയ്ഞ്ചൽ മാത്രമല്ലേ? അതേ… ഏയ്ഞ്ചൽ തന്നെയാണ് അങ്ങിനെയൊക്കെ ചിന്തിച്ചിരുന്നത്.. അല്ലാതെ അരുൺ പോലും അങ്ങിനെ ചിന്തിച്ചിരുന്നില്ല.. ചിലപ്പോൾ, അങ്ങിനെയാണെന്ന് ഏയ്ഞ്ചലിനെ അവൻ വിശ്വസിപ്പിച്ചിട്ടുണ്ടാകും”

“സാർ എന്താണീ പറയുന്നത്? എനിക്ക് ഒന്നും മനസ്സിലാകുന്നില്ല”

ഏയ്ഞ്ചലിൻ്റെ ചോദ്യം കേട്ടപ്പോൾ ജിൻസ് പതിയെ കസേരയിൽ നിന്നെഴുന്നേറ്റു.

“ഏയ്ഞ്ചലിന് ഇപ്പോഴെന്നല്ല.. ആദ്യം തൊട്ടേ ഒന്നും മനസ്സിലായിരുന്നില്ല…”

ജിൻസിൻ്റെ സംസാരം കേട്ടതും, ഏയ്ഞ്ചൽ റോയ്ഫിലിപ്പിനെ ദയനീയതയോടെ നോക്കിയതും അയാൾ ആശ്വസിപ്പിക്കുന്നതു പോലെ പതിയെ കണ്ണടച്ചു കാണിച്ചു.

“തൻ്റെ അച്ഛൻ ആരാണെന്ന് അരുൺ ചോദിക്കാതിരുന്നത്, ഏയ്ഞ്ചലിനോടുള്ള സ്നേഹം കൊണ്ടാണെന്നും, ആ ചോദ്യത്തിൽ തൻ്റെ മനസ്സ് മുറിയുമെന്നു കരുതിയിട്ടാണ് മകൻ അങ്ങിനെ ചോദിക്കാത്തതെന്നും കരുതി ഏയ്ഞ്ചൽ ആശ്വസത്തോടെ വിശ്രമിക്കുമ്പോൾ, അരുൺ പതിയെ, മറവിയിലൊതുങ്ങിയെന്നു കരുതിയ അവൻ്റെ ജീവിതം കണ്ടെത്തുകയായിരുന്നു… ഏയ്ഞ്ചൽ പോലും അറിയാതെ ”

പറയുന്നതിനിടയ്ക്ക് ജിൻസ്, റോയ് ഫിലിപ്പിനോടു കസേരയിലിരിക്കാൻ
കൈ ഉയർത്തി ആംഗ്യം കാണിച്ചു.

” തൻ്റെ പിറവിയെ പറ്റി ഒന്നും ചോദിക്കാതെ, തൻ്റെ അച്ഛനാരാണെന്ന് ചോദിക്കാതെ അവൻ ഇരുന്നത്, ഏയ്ഞ്ചലിൽ നിന്നു അവനു ശരിയായ ഉത്തരം കിട്ടില്ലായെന്നറിയാവുന്നതുകൊണ്ടു ഒന്നു മാത്രമാണ്..! ”

ജിൻസ് പാതിയിൽ പറഞ്ഞു നിർത്തി ഏയ്ഞ്ചലിനെ നോക്കിയപ്പോൾ, ഒരു അത്ഭുത കഥ കേൾക്കുന്ന കൊച്ചുകുട്ടിയുടെ ഭാവമായിരുന്ന അവൻ ആ മുഖത്ത് കണ്ടത്.

” ഒരിക്കലും മമ്മിയിൽ നിന്ന് ആ കഥ കേൾക്കില്ലായെന്ന് ഉറപ്പായ അവൻ്റെ ഐഡിയയായിരുന്നു ഏയ്ഞ്ചലിനെ കൊണ്ട് “മാലാഖ ” എന്ന ആ കഥയെഴുതിപ്പിച്ചത് ”

“സാർ”

ഏയ്ഞ്ചൽ അവിശ്വസനീയതയോടെ വിളിച്ചപ്പോൾ ജിൻസ്
അവളെ നോക്കി പതിയെ തലയാട്ടി.

“അതെ ഏയ്ഞ്ചൽ… മമ്മിയുടെ കഴിഞ്ഞകാല ജീവിതം ഒരു കഥയാക്കി കൂടെ എന്ന് അവൻ ചോദിച്ചപ്പോൾ, അതിനുള്ളിലെ ചതി മനസ്സിലാക്കാതെ, ആത്മാർത്ഥമായി തന്നെ ഏയ്ഞ്ചൽ ആ കഥയെഴുതി തുടങ്ങി… കഥാപാത്രങ്ങളുടെ പേര് പോലും മാറ്റാതെ ”

ജിൻസിൻ്റെ വാക്കുകൾ ഓരോന്നായി പുറത്തേക്കു വരുമ്പോൾ, ഏയ്ഞ്ചലിൻ്റെ കണ്ണിൽ, നീർ ഉരുണ്ടുകൂടി കൊണ്ടിരുന്നു.

” ആ കഥയിൽ നിന്ന് അവൻ ആദ്യം അന്വേഷിച്ചു പിടിച്ചത് ഏയ്ഞ്ചലിൻ്റെ പപ്പയെയും, മമ്മയെയുമാണ്.. അവരിൽ നിന്ന് അലക്സിയെയും, ദേവമ്മയെയും പറ്റി അറിഞ്ഞു. അലക്സിയിൽ നിന്ന് എന്നെ പറ്റി ചോദിച്ചറിഞ്ഞു.എന്നിൽ നിന്നാണ് അവൻ വേദയെയും, ആദിയെയും കുറിച്ചറിഞ്ഞത്.. അവർ താമസിക്കുന്ന സ്ഥലമറിഞ്ഞത് ”

ജിൻസ് പറയുന്നത് നിർത്തി, കണ്ണീരോടെ ഇരിക്കുന്ന ഏയ്ഞ്ചലിനെ നോക്കി.

” ഈ ചെറുപ്രായത്തിൽ ഇത്രയേറെ ബുദ്ധി അവൻ കാണിച്ചിട്ടുണ്ടെങ്കിൽ,
എഫർട്ട് അവൻ ചെയ്തിട്ടുണ്ടെങ്കിൽ അതൊരു തമാശയ്ക്ക് വേണ്ടിയല്ലെന്ന് എന്നെ പോലെ തന്നെ ഏയ്ഞ്ചലിനും അറിയാവുന്നതല്ലേ? അതു കൊണ്ടു തന്നെയാണ് ഞാൻ, അവൻ ഒരിക്കലും ഇനി ആ കടൽതീരത്ത് നിന്ന് മടങ്ങി വരില്ലായെന്ന് നേരത്തെ പറഞ്ഞതും. അല്ലാതെ അത് ഏയ്ഞ്ചലിനോടുള്ള പക കൊണ്ട് അല്ല ”

ജിൻസിൻ്റെ വാക്കുകൾ അവസാനിച്ചതും, കണ്ണീരോടെ ഏയ്ഞ്ചൽ റോയ് ഫിലിപ്പിൻ്റെ കൈ പിടിച്ചു.

” പോകാം ഡോക്ടർ… അവൻ ചെല്ലുന്നതിനു മുൻപ് ആ കടൽതീരത്ത് നമ്മൾക്ക് ചെല്ലണം.. ഞാൻ കണ്ണീരോടെ തിരിച്ചുവിളിച്ചാൽ അവനൊരിക്കലും വരാതിരിക്കാനാവില്ല.. എത്ര ചീത്തയാണെങ്കിലും ഞാനവൻ്റെ അമ്മയല്ലേ? പത്തു മാസം വയറ്റിലിട്ട് വളർത്തിയതല്ലേ?”

ഏയ്ഞ്ചലിൻ്റെ വാക്കുകൾ ഗദ്ഗദത്തിലമർന്നപ്പോൾ റോയ് ഫിലിപ്പ് അവളെ ചേർത്തു പിടിച്ചു പുറത്തേക്ക് നടന്നു.

” ആ കഥ പൂർത്തിയാക്കിയിട്ടില്ലെന്നു അരുൺ പറഞ്ഞു.
ആദി ജീവിച്ചിരിയ്ക്കുന്നുവോ, അതോ മരിച്ചോ എന്ന് വ്യക്തമാക്കാതെ പാതിയിൽ നിർത്തിയിരിക്കുകയാണെന്നും പറഞ്ഞു. ഇനി പറയൂ ആദി ജീവിച്ചിരിപ്പുണ്ടോ?”

ജിൻസിൻ്റെ പതിഞ്ഞ ചോദ്യം കേട്ടതും, അവൾ ഒരു മാത്ര റോയ് ഫിലിപ്പിനെ നോക്കിയതും, ആ മുഖത്തെ ദയനീയത കണ്ട് അവൾ ആ കൈയിൽ മുറുകെ പിടിച്ചു.

” അത് എല്ലാം അറിയുന്ന അവനോട് തന്നെ ചോദിക്കാമായിരുന്നില്ലേ സാറിന്? ഈ കഥകളൊക്കെ അറിയുന്ന സാറിനും അറിയാം, ആദി ജീവിച്ചിരിപ്പുണ്ടോ, അതോ മരിച്ചു പോയോ എന്ന്. അതല്ല ഇനി എൻ്റെ മനസ്സ് അളക്കാനാണ് ഈ ചോദ്യമെങ്കിൽ? അതിനുത്തരം അറിയില്ല എന്നാണ് സർ, പക്ഷേ ഒന്നറിയാം.. എൻ്റെ മനസ്സിൽ ആദിയെന്ന മനുഷ്യൻ പണ്ടേ മരിച്ചതാണ്… ഒരു ഓർമ്മയും ബാക്കി വെക്കാതെ ”

ഏയ്ഞ്ചലിൻ്റെ ഉറച്ച സ്വരമുയർന്നതും, ജിൻസ് റോയ്ഫിലിപ്പിനെ നോക്കി…

ആ മുഖത്തെ പ്രതീക്ഷയുടെ തിളക്കം കണ്ട ജിൻസ് പതിയെ തലയാട്ടിക്കൊണ്ട് ഏയ്ഞ്ചലിനെ നോക്കി.

” എടുത്തു ചാട്ടത്തിനൊരുങ്ങാതെ
ഒന്നുംകൂടി മനസ്സിരുത്തി ചിന്തിക്ക് എയ്ഞ്ചൽ.
പക ഒന്നിനും നല്ലതല്ല. ഒരു കുട്ടിക്ക് ഏറ്റവും ഇഷ്ടം അവൻ്റെ അച്ഛനമ്മമാരോടു ഒന്നിച്ചു ജീവിക്കുന്നതാണ്. അതിനു അവനെ നിങ്ങൾ സമ്മതിക്കാത്തതു കാരണമാണ് നിങ്ങളോടൊന്നിച്ച് അവൻ മാറി മാറി താമസിക്കാൻ ഇഷ്ടപ്പെടുന്നത്.. അതു കൊണ്ട് അവനെ അവൻ്റെ വഴിക്കു വിടുന്നതല്ലേ നല്ലത്? ”

ജിൻസിൻ്റെ ചോദ്യം കേട്ടതും ഏയ്ഞ്ചൽ ഒരു നിർവികാരതയോടെ അവനെ നോക്കി.

” അതായിരിക്കാം നല്ലത്. പക്ഷെ ഇതുവരെ പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ലാതിരുന്ന,ഏയ്ഞ്ചലിന് ഇപ്പോൾഒരു ലക്ഷ്യമുണ്ട്. ആരുടെയും കണ്ണിൽ പെടാതെ അവനെയും കൂട്ടി ആസ്ത്രേലിയയിൽ പോയി ജീവിക്കണമെന്ന് .. അല്ലാതെ അവൻ ആ കടൽ തീരത്ത് അനാഥനെ പോലെ ജീവിക്കേണ്ടവനല്ല.. അതിനു വേണ്ടിയല്ല ഞാൻ അവനെ ഇത്രയും കാലം കണ്ണിലെ കൃഷ്ണമണി പോലെ നോക്കിയത്”

ഏയ്ഞ്ചലിൻ്റെ പകയോടുള്ള സംസാരം കേട്ടതോടെ, ജിൻസ് അവളെ നോക്കി പതിയെ പുഞ്ചിരിച്ചു.

“ഞാൻ പറഞ്ഞന്നേയുള്ളൂ. എന്തു വേണമെന്ന് തീരുമാനിക്കേണ്ടത് ഏയ്ഞ്ചൽ തന്നെയാണ്..പിന്നെ ഒരു കാര്യം കൂടി.. എനിക്കൊരിക്കലും ഏയ്ഞ്ചലിനോട് പക തോന്നിയിട്ടില്ല. അതിൻ്റെ ആവശ്യവുമില്ല. കാരണം മനുഷ്യൻ കൊതിക്കുന്നു. ദൈവം വിധിക്കുന്നു. അത് പ്രണയമായാലും, ജീവിതമായാലും ”

ജിൻസിൻ്റെ പതിഞ്ഞ സ്വരം കേട്ടതോടെ ഏയ്ഞ്ചൽ അവനെ ആദ്യമായി കാണുന്നത് പോലെ സൂക്ഷിച്ചു നോക്കിയപ്പോൾ,
കോളേജ് ക്യാമ്പസ്സിലെ വാകമര തണലുകൾ ഓർമ്മ വന്നു.

വാകപ്പൂക്കൾ കൊഴിയുന്നതും നോക്കി, പ്രണയത്തോടെ കൈ കോർത്ത് ഇരുന്നവർ…

ജിൻസ്, ഏയ്ഞ്ചൽ എന്നീ പേരുകൾ സ്നേഹചിഹ്നത്തിലൊതുക്കി, കോളേജ് മതിലുകളിൽ കോറിവരച്ചൊരു കാലം…

ഒന്നിച്ചൊരു ജീവിതമില്ലെങ്കിൽ മരണം തിരഞ്ഞെടുക്കാമെന്ന് പ്രതിജ്ഞ എടുത്തവർ..

അതൊക്കെ ഓർത്തപ്പോൾ അവളുടെ ചുണ്ടിൽ വിളറിയ ഒരു ചിരി പാതിയിലവസാനിച്ചിരുന്നു

” ഒരു പ്രണയം കൊണ്ട് ജീവിതം പൂവണിയുമെന്നും, പ്രണയനൈരാശ്യം കൊണ്ട് ജീവിതം കരിഞ്ഞുണങ്ങുമെന്നും ഞാൻ വിശ്വസിക്കുന്നില്ല. പകരം നമ്മൾക്ക് കിട്ടിയ ഇണയെ മനസ്സറിഞ്ഞ് പ്രണയിച്ച് ജീവിക്കുക.. ബാക്കിയൊക്കെ സംഭവിക്കുന്നത് നിമിത്തങ്ങൾ പോലെയാണ്.അത് നമ്മുടെ പരീക്ഷയിലെ തോൽവിയായാലും, കോളേജ് ക്യാമ്പസ്സിലെ പ്രണയമായാലും.. അതൊക്കെ ലാഘവത്തോടെ മറന്ന്, നമ്മൾക്ക് വേണ്ടി വീണ്ടും തളിരിടാൻ വസന്തമെത്തുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുക ”

ജിൻസിൻ്റെ മൃദുലമായ വാക്കുകൾ കേട്ടതും ഏയ്ഞ്ചലിൻ്റെ ചുണ്ടിൽ ഒരു പുച്ഛചിരി പാതി വിരിഞ്ഞു.

“സാർ പറഞ്ഞത് തികച്ചും സത്യമാണ്.. എൻ്റെ ജീവിതം എന്നെ പഠിപ്പിച്ചതും അതേ സത്യം തന്നെയാണ്…
കഴിഞ്ഞതൊക്കെ ഞാനും മറന്നു സാർ, പരീക്ഷയിലെ ഒരു തോൽവി പോലെ…
ഇപ്പോൾ വീണ്ടുമൊന്നു തളിരിടാൻ വസന്തം വന്നെത്തിയ സന്തോഷത്തിലാണ് ഞാനിപ്പോൾ… അപ്പോൾ ശരി.. ചെയ്തു തന്ന സഹായത്തിന് ഒരുപാട് നന്ദി”

ജിൻസിനെയൊന്നു നോക്കി തലയാട്ടി കൊണ്ട്, റോയ്ഫിലിപ്പിൻ്റെ കൈയും പിടിച്ച് ഇറങ്ങുമ്പോൾ, ഏയ്ഞ്ചൽ പതിയെയൊന്നു തിരിഞ്ഞു നോക്കി.

തന്നെ നോക്കി നിൽക്കുന്ന ജിൻസിനെ കണ്ടതും, റോയ് ഫിലിപ്പിൻ്റെ കൈ തണ്ടയിലുള്ള അവളുടെ പിടുത്തം ഒന്നുകൂടി മുറുകി; ജിൻസിനോടുള്ള വാശി പോലെ!

പുറത്തെ മഴയിലൂടെ കൈ കോർത്ത് പിടിച്ച് പാർക്കിങ് ഏരിയയിലേക്ക് നടക്കുന്ന റോയ് ഫിലിപ്പിനെയും, ഏയ്ഞ്ചലിനെയും നോക്കി ഒന്നു പുഞ്ചിരിച്ച ശേഷം
ജിൻസ് പോക്കറ്റിൽ നിന്ന് മൊബൈലെടുത്ത് ചെവിയോരം ചേർത്തു.

ചാറൽ മഴയിലൂടെ കാർ കടൽ തീരം ലക്ഷ്യമാക്കി കുതിക്കുമ്പോൾ, സീറ്റിൽ ചാരി കിടന്നിരുന്ന ഏയ്ഞ്ചലിൻ്റെ മിഴികൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.

ഉറങ്ങി കിടന്നിരുന്ന ഒരു പറ്റം വേദനപ്പെടുത്തുന്ന
ഓർമ്മകൾ ഉണർത്തുപാട്ടിനായ് കാത്തുനിൽക്കുന്നത് പോലെ അവൾക്കു തോന്നി.

ഓർമ്മകളാൽ നെഞ്ചകം പൊള്ളിയsർന്നപ്പോൾ, അവൾ പലവട്ടം കൺപീലികൾ ചിമ്മി തുറന്ന്, ഉള്ളിൽ തളം കെട്ടി നിന്നിരുന്ന
ചുടുദ്രാവകത്തെ പുറത്തേക്കൊഴുക്കി.

കാർ കുറച്ചു ദൂരം ഓടിയതും മഴയ്ക്ക് വീണ്ടും ശക്തിയേറി.

അവ്യക്തമായ അന്തരീക്ഷത്തിൽ മൂടപ്പെട്ടു കാണുന്ന അസംഖ്യം ബിൽഡിങ്ങുകളിലേക്ക് അവൾ കണ്ണുകൾ പായിച്ചു കൊണ്ടിരുന്നു.

ഇനിയൊരിക്കലും തിരിച്ചു വരില്ലായെന്ന് കരുതിയ വീഥികളിലൂടെ, പ്രതീക്ഷിക്കാതെയുള്ള ഈയൊരു മടക്കം വിധിയുടെ കരുക്കൾ തനിക്കെതിരെ നീങ്ങുകയാണെന്ന ബോധം അവളിലുണർത്തി.

ഏയ്ഞ്ചൽ….

മാലാഖ…

എന്നും ചിറകുകൾ വീശി പാറി പറന്ന്, ഏതെങ്കിലും കടമകൾ നിർവഹിക്കുവാനുള്ള യോഗമാണല്ലോ അവൾക്ക്…

ചിറകുകൾ തളരും വരെ….

തൂവലുകൾ അടരും വരെ..

“നമ്മൾക്ക് ആ കടൽതീരത്തേക്ക് പോണോ ഏയ്ഞ്ചൽ?”

ഹൈവേയിലേക്ക് കയറിയതും, ആശങ്കയോടെ റോയ് ഫിലിപ്പ് ഏയ്ഞ്ചലിനെ നോക്കി.

“എന്താ ഡോക്ടർ ഇപ്പോൾ ഒരു മനമാറ്റം പോലെ…?”

പുറത്തെ
മഴകാഴ്ചകളിൽ നിന്നും കണ്ണെടുക്കാതെ ഏയ്ഞ്ചൽ ചോദിച്ചപ്പോൾ ഒരു നിമിഷം വാക്കുകൾ കിട്ടാതെ റോയ് ഫിലിപ്പ് പതറി.

” അതല്ല ഏയ്ഞ്ചൽ.. ആ എസ്.ഐ പറഞ്ഞതൊക്കെ സത്യമാണ്..
അലീനമോളോടും ഇങ്ങിനെയൊക്കെ തന്നെയാണ് അരുൺ പറഞ്ഞിട്ടുള്ളതും.. അതു കൊണ്ടു തന്നെയാണ് നമ്മുടെ ജീവിതത്തിലേക്ക് അരുണിനെ കൂട്ടേണ്ടായെന്ന് ഞാൻ പറഞ്ഞത്.. അല്ലാതെ ഏയ്ഞ്ചൽ കരുതുംപോലെ അവനോട് ഇഷ്ടമില്ലാത്തതു കൊണ്ടല്ല ”

ഏയ്ഞ്ചൽ അതിനുത്തരം പറയാതെ പതിയെ തലയാട്ടി.

” അതുകൊണ്ട് ആ എസ്.ഐ പറഞ്ഞതു തന്നെ എനിക്കും പറയാനുള്ളൂ.,,, അവൻ ഒരിക്കലും ഇനി ഈ മലയോരത്തേക്കോ, ഏയ്ഞ്ചലിൻ്റെ അടുത്തേക്കോ തിരിച്ചു വരില്ല.. എത്ര കെഞ്ചി പറഞ്ഞാലും ”

റോയ് ഫിലിപ്പ് പറഞ്ഞു നിർത്തിയതും അവൾ ഒഴുകുന്ന കണ്ണീർ തുടച്ച് കൊണ്ട് നിർവികാരമായി യൊന്നു മൂളി.

” അതുകൊണ്ട് നമ്മുടെ ഈ യാത്ര വെറുതെയാണ്.. അവനെ ശല്യപ്പെടുത്താമെന്നല്ലാതെ മറ്റൊരു നേട്ടവും ഈ യാത്ര കൊണ്ട് ഉണ്ടാകാൻ പോകുന്നില്ല.
അവൻ അവൻ്റെ ഇഷ്ടത്തിനൊത്ത് ജീവിക്കട്ടെ… നമ്മൾക്ക് മടങ്ങി പോകാം”

റോയ് ഫിലിപ്പ് അത്രയും പറഞ്ഞു കൊണ്ട് ഹൈവേയുടെ ഓരത്തേക്ക് കാർ ചേർത്തുനിർത്തിയതും ഏയ്ഞ്ചലിൻ്റെ കണ്ണുകളിൽ നിന്ന് തീ പാറി.

“മടങ്ങി പോകാമെന്ന്… എത്ര സിംപിളായാണ് ഡോക്ടർ പറഞ്ഞത് അല്ലേ? അല്ലെങ്കിലും
നിങ്ങൾക്ക് ഒക്കെ അങ്ങിനെ പറയാം.. കാരണം അവനെ പത്തു മാസം വയറ്റിലിട്ടു പ്രസവിച്ചതും,ഇത്രയും കാലം കണ്ണടക്കാതെ കാത്തു സൂക്ഷിച്ച്, വളർത്തിയതും നിങ്ങൾ അല്ലല്ലോ? ഒന്നു വീണ് ആ ശരീരത്തിൽ ഒരു മുറിവ് ഉണ്ടാകുമ്പോൾ, ചോര പൊടിയുന്നത് എൻ്റെ ഹൃദയത്തിൽ നിന്നാണല്ലോ? അല്ലാതെ നിങ്ങളുടെ അല്ല !ആ നിങ്ങൾക്കു എന്തും പറയാം… എല്ലാം നിസാരമായിട്ടു കാണാം ”

പേമാരി പോലെ പെയ്തിറങ്ങുന്ന ഏയ്ഞ്ചലിൻ്റെ ചോദ്യങ്ങൾ കേട്ടതും, റോയ്ഫിലിപ്പ് നിർത്തിയിട്ടിരുന്ന കാർ പൊടുന്നനെ മുന്നോട്ടേക്ക് എടുത്ത് ഹൈവേയിലേക്ക് കയറി.

ഏയ്ഞ്ചൽ പറഞ്ഞു കൊടുക്കുന്ന വഴികളിലൂടെ കാർ ഓടിക്കുമ്പോൾ, മഴയായിരുന്നിട്ടും റോയ് ഫിലിപ്പിൻ്റെ മുഖത്ത് വിയർപ്പുതുള്ളികൾ ഉരുണ്ടുകൂടിയിരുന്നു.

ആക്സിലേറ്ററിൽ കാലമർത്തുമ്പോൾ റോയ് ഫിലിപ്പിൻ്റെ പാദങ്ങൾ വിറയ്ക്കുന്നുണ്ടായിരുന്നു.

വരാനിരിക്കുന്ന ഒരു ദുരന്തത്തിലേക്കാണോ കാർ ഓടികൊണ്ടിരിക്കുന്നതെന്ന ചിന്തയിൽ അയാളുടെ കാൽ, ആക്സിലേറ്ററിൽ നിന്നു പതിയെ ഉയർന്നു തുടങ്ങി.

റോയ്ഫിലിപ്പിൽ പെട്ടെന്നു വന്ന ഭാവമാറ്റങ്ങൾ കണ്ട് ഏയ്ഞ്ചൽ അയാളെ സൂക്ഷിച്ചു നോക്കി.

നിശബ്ദമായ നിമിഷങ്ങൾക്കു ശേഷം മുഖത്തെ വിയർപ്പുതുള്ളികൾ തുടച്ചുകൊണ്ട് റോയ്ഫിലിപ്പ് അവളെ ദയനീയമായൊന്നു നോക്കി.

“ഏയ്ഞ്ചലിനെ മമ്മിയായി കിട്ടാൻ അലീനമോൾ വല്ലാതെ കൊതിക്കുന്നുണ്ട് ”

അക്ഷരങ്ങൾ പെറുക്കി വെക്കും പോലെ പറയുന്ന ഡോക്ടറെ നോക്കി ഏയ്ഞ്ചൽ പതിയെ തലയാട്ടി.

” അത് എനിക്കും അറിയാം. അതുപോലെ
എനിക്കും അലീനമോളെ ജീവനാണ്… അത് നമ്മൾക്കൊക്കെ അറിയുന്ന കാര്യമല്ലേ? പെട്ടെന്ന് അത് ഓർമ്മപ്പെടുത്താൻ കാരണം?”

ഏയ്ഞ്ചലിൻ്റെ ചോദ്യം കേട്ടതും, റോയ് ഫിലിപ്പ് നിഷേധാർത്ഥത്തോടെ തലയിളക്കി.

” ഒന്നുമില്ല. വെറുതെ പറഞ്ഞതാ ”

” വെറുതെ പറഞ്ഞത്
അല്ലെന്ന് എനിക്കറിയാം ഡോക്ടർ..!”

ഫ്രണ്ട് ഗ്ലാസിനു മുകളിൽ വീണ് ചിന്നി ചിതറുന്ന മഴ തുള്ളികളിലേക്ക് നോക്കി ഏയ്ഞ്ചൽ മന്ത്രിച്ചു.

“ഇങ്ങോട്ടേക്ക് വരുന്ന വഴിയിൽ വെച്ച് തിരിച്ചു പോകാമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ തന്നെ എന്നിൽ സംശയം തുടങ്ങിയതാണ്. എന്താണെങ്കിലും തുറന്നു പറയൂ ഡോക്ടർ…”

ഏയ്ഞ്ചലിൻ്റെ സംസാരം കേട്ടതും, അയാൾ അവളെയൊന്നു പാളി നോക്കി.

” എൻ്റെ വൈഫ് മോളി മരിച്ചതിൽ പിന്നെ കുറേ ആലോചനകൾ എനിക്കു വന്നതാണ്.കൂടെ ജോലി ചെയ്യുന്ന ഡോക്ടർമാരിൽ നിന്നും, സുന്ദരികളായ നഴ്സുമാരിൽ നിന്നും.. അതെല്ലാം ഞാൻ മനപൂർവ്വം നിരസിച്ചു..
കാരണം അന്ന്‌ എൻ്റെ മനസ്സിൽ അങ്ങിനെയൊരു ചിന്ത ഉണ്ടായിരുന്നില്ല.. മോളിയെ മറക്കാൻ കഴിഞ്ഞില്ലായെന്നു പറയുന്നതാവും വാസ്തവം”

ഡോക്ടർ പാതിയിൽ പറഞ്ഞു നിർത്തി ഏയ്ഞ്ചലിനെ നോക്കി.

” പക്ഷേ അരുണുമായി അലീനമോൾ ബെസ്റ്റ് ഫ്രണ്ട് ആയപ്പോൾ, ആ കാരണത്താൽ ഏയ്ഞ്ചലുമായി അവൾ വല്ലാതെ അടുത്തപ്പോൾ, എനിക്ക് മമ്മിയായി അരുണിൻ്റെ മമ്മിയെ കിട്ടുമോയെന്ന് അവൾ ചോദിച്ചപ്പോൾ, ആദ്യമായി ഞാൻ ഏയ്ഞ്ചലിനെ ശ്രദ്ധിക്കാൻ തുടങ്ങി.. സ്നേഹിക്കാൻ തുടങ്ങി… അതിപ്പോൾ….”

പറഞ്ഞു തീരും മുൻപെ റോയ് ഫിലിപ്പിൻ്റെ കണ്ണുകൾ ഏയ്ഞ്ചലിലേക്കു നീണ്ടു.

പരസ്പരം കണ്ണുകളിടഞ്ഞ സമയം, അവൻ്റെ കണ്ണുകളിലെ പ്രണയം അവൾ കണ്ടു.

തിരമാല കണക്കെ ആർത്തു വരുന്ന ആ പ്രണയത്തിൽ, മുങ്ങി പോകുമെന്നറിഞ്ഞതും, അവൾ ഒരു മാത്ര നോട്ടം മാറ്റി.

“ഇപ്പോൾ ഏയ്ഞ്ചൽ ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല എന്നൊരു തോന്നൽ. അതിലേറെ ഏയ്ഞ്ചൽ നഷ്ടപ്പെടുമോ എന്നൊരു വല്ലാത്ത ആശങ്ക… ഇതിനിടയിൽ കിടന്നു മനസ്സ് വട്ടം കറങ്ങുകയാണ്… വലിയൊരു ചുഴി പോലെ ”

പൊടുന്നനെ എതിരെ വന്ന ഒരു വാഹനത്തിനു മുന്നിലേക്കായി കാർ തെന്നി
നീങ്ങിയതും, പെട്ടെന്ന്
സ്റ്റിയറിംഗ് വെട്ടിതിരിച്ചു കൊണ്ട് റോയ് ഫിലിപ്പ് ഒരു ദീർഘനിശ്വാസമുതിർത്തു.

“എനിക്ക് ഏയ്ഞ്ചലിനെ നഷ്ടപ്പെട്ടാൽ ഇതുപോലെ, കുറച്ചേറെ ബുദ്ധിമുട്ടിയാണെങ്കിലും തരണം ചെയ്യാൻ കഴിയുന്നതേയുള്ളൂ. പക്ഷെ എൻ്റെ അലീന മോളുടെ കാര്യം ഓർക്കുമ്പോൾ?”

സിഗററ്റ് പാക്കെടുത്ത് തുറന്ന് ഒരു സിഗററ്റിന് തീ കൊളുത്തി, പുക ആഞ്ഞു വലിച്ചു, പുറത്തേക്ക് വിട്ടു റോയ് ഫിലിപ്പ്.

” അരുണുമായി പിണങ്ങിയപ്പോൾ തന്നെ അവൾ വാടി തളർന്നു കിടക്കുകയാണ് വീട്ടിൽ.. ഇനി ഏയ്ഞ്ചലിനെ ചിലപ്പോൾ നഷ്ടപ്പെട്ടാൽ അവൾ ആശകളൊന്നുമില്ലാതെ കരിഞ്ഞു പോകും… അതോർക്കുമ്പം ”

പറയുന്നതിനനുസരിച്ച് പുക ചുരുളുകൾ ശക്തിയോടെ പുറത്തേക്ക് വിട്ടുകൊണ്ടിരുന്ന ഡോക്ടർ വല്ലാത്തൊരു കിതപ്പോടെ പാതിയിൽ വലിച്ചു നിർത്തിയ സിഗററ്റ് കുറ്റി ആഷ്ട്രേയിലിട്ടു ഞെരിച്ചു.

റോയ് ഫിലിപ്പിൻ്റെ ഭാവമാറ്റം കണ്ടതോടെ ഏയ്ഞ്ചൽ പതിയെ അയാളുടെ തോളിൽ കൈവെച്ചു.

” ഡോക്ടർ പേടിക്കണ്ട.. അരുണിനെ നമ്മൾ ആ കടൽ തീരത്ത് നിന്നു കൊണ്ടുവരും. അതിനു ശേഷം ഡോക്ടറുടെ ആഗ്രഹം പോലെ നമ്മൾ ആസ്ത്രേലിയയിലേക്കു പോകും… അതോർത്ത് ഡോക്ടർ ടെൻഷനടിക്കേണ്ട ”

” അവൻ വന്നില്ലെങ്കിലോ? അപ്പോൾ നമ്മുടെ സ്വപ്നങ്ങളൊക്കെ വേണ്ടെന്നു വെക്കോ ഏയ്ഞ്ചൽ?”

റോയ് ഫിലിപ്പിൻ്റെ പതറിയ ചോദ്യം കേട്ടതും, ഏയ്ഞ്ചൽ നിമിഷങ്ങളോളം നിശബ്ദതയിലാണ്ടു.

” അങ്ങിനെ അവന് എന്നെ വേണ്ടെങ്കിൽ, പിന്നെ ഞാനവനെ കാത്തിരിക്കുന്നതിൽ എന്തർത്ഥം?”

പറയുന്നതിനോടൊപ്പം, അവളുടെ കണ്ണീർ കുതിച്ചൊഴുകുകയും, റോയ് ഫിലിപ്പിൻ്റെ കൈയിലുള്ള അവളുടെ പിടുത്തം മുറുകുകയും ചെയ്തു.

ഏയ്ഞ്ചലിൻ്റെ ആശ്വാസം നിറഞ്ഞ വാക്കുകൾ കേട്ടതും, ഒരു പുഞ്ചിരിയോടെ റോയ് ഫിലിപ്പിൻ്റെ കാലുകൾ ആക്സിലേറ്ററിൽ അമർന്നു.

രണ്ടു മണിക്കൂറോളം ഓടിയ കാർ, ഒരു ഹോട്ടലിനു മുന്നിൽ റോയ് ഫിലിപ്പ് നിർത്തിയപ്പോൾ, ഏയ്ഞ്ചൽ മെല്ലെ നിഷേധാർത്ഥത്തോടെ തലയിളക്കി.

“എനിക്കു വിശക്കുന്നില്ല ഡോക്ടർ…ഡോക്ടർ എന്തെങ്കിലും കഴിച്ചിട്ടു
വാ ”

ക്ഷീണത്തോടെ സീറ്റിലേക്ക് ചാരി കിടന്ന് ഏയ്ഞ്ചൽ പറഞ്ഞപ്പോൾ, അവളെ ഒന്നു നോക്കിയ ശേഷം അയാൾ പുറത്തേക്ക് പോയി രണ്ട് കുപ്പി മിനറൽ വാട്ടറും, സ്നാക്സുമായി വന്നു.

വെള്ളം കുടിച്ചു കൊണ്ട് വീണ്ടും റോയ് ഫിലിപ്പ് കാർ മുന്നോട്ടെടുക്കുമ്പോൾ, ഏയ്ഞ്ചൽ ആകാംക്ഷയോടെയും, അതിലേറെ അമ്പരപ്പോടെയും പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു.

മണിക്കൂറുകൾക്ക് ശേഷം,
പരിചിതങ്ങളായ സ്ഥലങ്ങൾ കൺമുന്നിൽ തെളിഞ്ഞതും, അവളുടെ ശരീരത്തിലൂടെ ഒരു വിറയൽ കടന്നു പോയി.

സീറ്റിൽ ചാരി കിടന്നിരുന്ന അവൾ കണ്ണു തുടച്ച്.എഴുന്നേറ്റിരുന്നു പുറത്തേക്ക് നോക്കി.

കിലോമീറ്ററുകളോളം കാർ ഓടിയതിനു ശേഷം, ഹൈവേയിൽ നിന്നു ഇടതു വശത്തേക്കുള്ള ഒരു പോക്കറ്റ് റോഡ്, അവൾ വിറയ്ക്കുന്ന വിരലുകളോടെ ചൂണ്ടി കാണിച്ചതും, റോയ് ഫിലിപ്പ് കാർ അങ്ങോട്ടേക്ക് വീശിയെടുത്തു.

കാറിൻ്റെ വേഗതയിൽ ആടിയ പരസ്യ ബോർഡിൽ നോക്കിയ അവൾ പതിയെ മന്ത്രിച്ചു.

“സ്നേഹതീരം ”

കാർ കുറച്ചു ദൂരം മുന്നോട്ടു പോയതും, കടലിൻ്റെ വെൺമയും, മുഴക്കവും തെളിഞ്ഞു വന്നു.

കടലിനോട് ചേർന്നുള്ള റോഡിൽ കാർ പാർക്ക് ചെയ്ത്, ഏയ്ഞ്ചൽ ഇറങ്ങുമ്പോൾ അവൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.

പൂഴിമണലിൽ കാൽ കുരുങ്ങിയപ്പോൾ, അവൾ ഒരായിരം ഭാവത്തോടെ കടലിനെ നോക്കി…

അതിലേറെ ഭാവത്തോടെ ആഞ്ഞടിക്കുന്ന കടലിനെ കണ്ണുചിമ്മാതെ അവൾ നോക്കിയതും, സന്തോഷം കൊണ്ട് നീർമണികൾ പുറത്തേക്കുതിർന്നു .

തീരത്തെ പുണരുന്ന തിരകളിലേക്ക് ഇറങ്ങി നിന്ന്, ആ തണുപ്പ് പാദങ്ങളിലേക്ക് ആവാഹിച്ചു കൊണ്ട്, അവൾ ചക്രവാളം തൊട്ടുരുമ്മുന്ന ആഴക്കടലിലേക്ക് നോക്കി പതിയെ കണ്ണടച്ചു മന്ത്രിച്ചു.

വീണ്ടും ഈ ഏയ്ഞ്ചൽ വിധിയുടെ നിയോഗം പോലെ നിന്നരികിലേക്ക് വന്നിരിക്കുകയാണ്.

വർഷങ്ങൾക്കു മുൻപ് ആദിയെ തേടി വന്ന ഈ കടൽത്തീരത്തേക്ക്, വർഷങ്ങൾക്കു ശേഷം അതേ ആദിയുടെ മകനെ തേടിയെത്തിരിക്കുന്നു ഈ ഏയ്ഞ്ചൽ.

കടലിനെയും നോക്കി അത്ഭുതപ്പെട്ടു നിൽക്കുന്ന റോയ് ഫിലിപ്പിൻ്റ കൈ പിടിച്ചു കൊണ്ട് അവൾ തിരകളിലൂടെ പതിയെ നടന്നു.

” ഇത്തിരി ദൂരം, ഈ തീരത്തുകൂടെ മുന്നോട്ടു പോയാൽ, വർഷങ്ങൾക്കു മുൻപ് ഞാൻ താമസിച്ച വീടിൻ്റെ
അരികെയെത്തും ”

തീരത്തേക്ക് പടർന്നു കയറുന്ന തിരകളിൽ നനഞ്ഞു കൊണ്ട് ആദിയുടെ വീടിൻ്റെ ഭാഗം ലക്ഷ്യമാക്കി നടക്കുമ്പോൾ, ഓർമ്മകൾ ഒരായിരം തിരകൾ പോലെ അവളുടെ മനസ്സിലേക്കിരച്ചു കയറി..

വിനോദയാത്രയ്ക്ക് വന്ന ഈ ഏയ്ഞ്ചലും, വേദയും കടലിലേക്ക് കാൽ തെറ്റി വീണ് മരണത്തെ മുഖാമുഖം കണ്ട നിമിഷം…

തിരകളിലേക്ക് ചാടിയിറങ്ങി ദേവദൂതനെ പോലെ തങ്ങളെ രക്ഷിച്ച ആദി…

തിരകളിൽ കുരുങ്ങി പോകുമായ ജീവിതം രക്ഷപ്പെടുത്തിയ ആദിയോടുള്ള വേദയുടെ മൗനപ്രണയം!

അലക്സിയിൽ നിന്ന് രക്ഷപ്പെടാനായി, ആദിയെ പ്രണയിക്കുന്ന വേദയായി. ,ഈ കടൽ തീരത്ത് എത്തിയ ഏയ്ഞ്ചലിൻ്റെ കുസൃതിത്തരം…

ഒടുവിൽ മദ്യപിച്ച് ബോധം കെട്ട
ആദിയുടെ കരുത്തിനു മുന്നിൽ ഈ പാവം ഏയ്ഞ്ചൽ
തളർന്നു പോയ, തകർന്നു പോയ ആ രാത്രി..

മാസങ്ങൾക്കു ശേഷം, തൻ്റെ ഇഷ്ടമെന്തെന്ന് ചോദിച്ചറിയാൻ വേണ്ടി, കൂട്ടമായി
തന്നെ കാണാനെത്തിയ ജിൻസിനെയും, അലക്സിയെയും, പപ്പയെയും, മമ്മയെയും അവഗണിച്ച് ഒറ്റയ്ക്ക്, ഈ കടൽ തീരത്ത് നിന്ന് മടങ്ങിപോകുമ്പോൾ, ആദിയെ മാറ്റി നിർത്തി പറഞ്ഞ വാക്കുകൾ ഇപ്പോഴും ഓർമ്മയിലുണ്ട്…

“നീ ബലമേൽപ്പിച്ച് തന്ന ഒരു സമ്മാനവുമായാണ് ഞാൻ പോകുന്നത്. ഒരിക്കലും ഞാൻ അതിനെ നശിപ്പിക്കില്ല.. വളർത്തും. വളർത്തി വലുതാക്കും. പക്ഷേ ഒരിക്കലും അവകാശം ചോദിച്ച് നീ എന്നെ അന്വേഷിച്ച് വരാൻ പാടില്ല. അതുപോലെ ഈ ജന്മത്തിലിനി ഈ കടൽ തീരത്തേക്ക് ഏയ്ഞ്ചലും വരില്ല.. നമ്മൾക്കിടയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന രഹസ്യമാകട്ടെ ഇത്. ”

കണ്ണീരോടെ നിൽക്കുന്ന ആദിയുടെ ചെവിയിലേക്ക് ചുണ്ടുകൾ നീട്ടി, ആരും കേൾക്കാതെ പതിയെ-പറഞ്ഞ വാക്കുകൾ….

“വെറുപ്പാണ് ആദീ
നിന്നെ എനിക്ക്… എൻ്റെ ജീവിതം നശിപ്പിച്ചവനോടുള്ള അടങ്ങാത്ത വെറുപ്പ്.
ആ വെറുപ്പ് ഈ ജന്മത്തിൽ മാറുമെന്ന് എനിക്ക് തോന്നുന്നില്ല.. കൊല്ലേണ്ടതായിരുന്നു നിന്നെ ഞാൻ… പക്ഷെ നിന്നെ സ്നേഹിച്ച എൻ്റെ വേദ വേദനിക്കുന്നത് എനിക്കിഷ്ടമല്ല. അതു കൊണ്ടു മാത്രമാണ് നിൻ്റെ ജീവൻ ബാക്കിവെച്ച് ഞാൻ പോകുന്നത് ”

വേദയുടെ ഓർമ്മകൾ മനസ്സിലേക്കെത്തിയതും അവളുടെ കണ്ണുകൾ വല്ലാതെ നിറഞ്ഞു.

അവളെ കാണാനെന്നവണ്ണം ആദിയുടെ വീടിരിക്കുന്ന ഭാഗത്തേക്ക് ഏയ്ഞ്ചൽ നോക്കിയതും, അവളുടെ മൊബൈൽ പൊടുന്നനെ വൈബ്രേറ്റ് ചെയ്തു.

വിളിക്കുന്നത് വേദയാണെന്ന് അറിഞ്ഞതും ഏയ്ഞ്ചൽ
കോൾ ബട്ടൻ അമർത്തി അതിലേക്കു തന്നെ നിശബ്ദമായി നോക്കിയിരിക്കുമ്പോൾ, വേദയുടെ വാക്കുകൾ ഒഴുകിയെത്തി.

“നീ ഈ തീരത്ത് വന്നു കൊണ്ടിരിക്കുകയാണെന്ന് ഞാനറിഞ്ഞു ഏയ്ഞ്ചൽ… അല്ലെങ്കിലും ഈ വേദയെ എന്നെന്നേയ്ക്കുമായി നിനക്ക് മറക്കാൻ കഴിയില്ലായെന്ന് എനിക്കറിയാമല്ലോ?”

സ്പീക്കറിൽ നിന്നുള്ള അതേ ശബ്ദം, തൊട്ടടുത്ത വളളക്കൂട്ടങ്ങൾക്കിടയിൽ നിന്ന് കേട്ടപ്പോൾ, ഏയ്ഞ്ചൽ ഫോൺ കട്ടാക്കതെ അങ്ങോട്ടേയ്ക്ക് ഓടി.

നിരനിരയായി വെച്ചിരിക്കുന്ന വള്ളങ്ങൾക്കിടയിൽ, കടലിലേക്ക് നോക്കി മൊബൈലിൽ സംസാരിച്ചുകൊണ്ടിരുന്ന ഒരു പതിനഞ്ചുകാരി പൊടുന്നനെ തിരിഞ്ഞതും, ഏയ്ഞ്ചലിൻ്റെ ശ്വാസഗതി വല്ലാതെ വർദ്ധിച്ചു.

വേദയുടെ അതേ രൂപവും, ശബ്ദവുമുള്ള ആ പെൺകുട്ടിയെ കണ്ടപ്പോൾ, ഏതൊക്കെയോ
അശുഭചിന്തകളാൽ
കണ്ണിൽ ഇരുട്ട് പരക്കുന്നതു പോലെ തോന്നി ഏയ്ഞ്ചലിന്…

“കുട്ടി ഇപ്പോൾ വിളിച്ച
ഈ ഏയ്ഞ്ചൽ ആരാ?”

കുതിച്ചുയരുന്ന ശ്വാസത്തെ നിയന്ത്രിച്ചു കൊണ്ട് ഏയ്ഞ്ചൽ ചോദിക്കുമ്പോൾ, ആ പെൺകുട്ടിയുടെ കണ്ണ് നിറഞ്ഞതവൾ കണ്ടു.

അപരിചിതയായ ഏയ്ഞ്ചലിനെ ഒന്നു രണ്ടു നിമിഷം നിശബ്ദമായി നോക്കി നിന്ന ആ പെൺകുട്ടി പതിയെ ചുണ്ടു ചലിപ്പിച്ചു.

“എൻ്റെ അമ്മയുടെ ഏറ്റവും വലിയ കൂട്ടുകാരി … ജീവനാണെന്നേ എൻ്റെ അമ്മ പറയാറുള്ളൂ.. അമ്മയ്ക്ക് എപ്പോഴും ആ ആൻ്റിയെ പറ്റി പറയാനേ നേരമുണ്ടായിരുന്നുള്ളൂ…
ദാ ആ വരുന്ന എൻ്റെ അച്ഛനും ജീവനായിരുന്നു ഏയ്ഞ്ചൽ ആൻ്റിയെ ”

കടലിൽ നിന്ന് തീരത്തേക്കടുക്കുന്ന ചെറുവഞ്ചി തുഴയുന്ന ആളെ ചൂണ്ടി കാണിച്ചു കൊണ്ട് ആ പെൺകുട്ടി പറഞ്ഞപ്പോൾ, നിന്നിടത്ത് നിന്ന് ഉരുകിയൊലിക്കുന്നതു പോലെ തോന്നി ഏയ്ഞ്ചലിന്….

“മോൾ കണ്ടിട്ടുണ്ടോ ഈ ഏയ്ഞ്ചലിനെ? ”

നിറയുന്ന കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് ഏയ്ഞ്ചൽ ചോദിക്കുമ്പോൾ അവൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.

“ഇല്ല. ഏയ്ഞ്ചൽ എന്നല്ലേ അവരുടെ പേര്. മാലാഖമാരെ ചിലർക്കല്ലേ കാണാൻ പറ്റൂ.? എനിക്കിതുവരെ കാണാൻ പറ്റിയിട്ടില്ല… പക്ഷേ അതുകൊണ്ടാവും മമ്മി അവരുടെ പേര് എനിക്കിട്ടത്… ഏയ്ഞ്ചൽ….. ”

ആ പെൺകുട്ടി ഗദ്ഗദത്തോടെ പറഞ്ഞതും, ഒരു പൊട്ടി കരച്ചിലോടെ അവരെ ചേർത്തു പിടിച്ചു കൊണ്ട്, നിറയുന്ന കണ്ണുകളോടെ ഏയ്ഞ്ചൽ കടലിലേക്ക് നോക്കി..

കടലിൽ പരന്നൊഴുകുന്ന
അസ്തമയ സൂര്യൻ്റെ പ്രകാശത്തെ കീറി മുറിച്ചു കൊണ്ട്, പതിയെ തീരത്തോട് അടുക്കുന്ന ആ വഞ്ചിയെ നിയന്ത്രിക്കുന്ന മനുഷ്യൻ്റെ അവ്യക്തമായ രൂപത്തിലേക്ക് നോക്കി നിൽക്കെ, ഏയ്ഞ്ചലിൻ്റെ
ഓർമ്മകൾ ഒരു പറ്റം
പറവകളെ പോലെ ആ കടൽ തീരത്ത് വട്ടമിട്ടു പറന്നു തുടങ്ങിയിരുന്നു……..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button