Kerala

അന്‍വറിന് വിമർശനവും ശശിക്ക് പിന്തുണയും നൽകി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ഇടതു സ്വത​ന്ത്ര​നാ​യ പി.​വി. അന്‍വർ എംഎൽഎയെ വിമർശിച്ചും പൊളിറ്റിക്കല്‍ സെക്രട്ടറി പി.​ ​ശശിയെ പൂര്‍ണമായി പിന്തുണച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ നടപടി ഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ ​സംഘത്തിന്‍റെ റിപ്പോർട്ട് കിട്ടിയ ​ശേഷമേ ഉണ്ടായശേഷമേ ഉണ്ടാവൂ എന്ന് എൽഡിഎഫ് യോഗത്തിൽ അറിയിച്ചത് ആവർത്തിച്ച മുഖ്യമന്ത്രി, തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് 24നകം സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഒന്നേമുക്കാൽ മണിക്കൂറോളം നീണ്ട വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നി​ല​മ്പൂ​ർ എം​എ​ൽ​എ​യാ​യ അന്‍വര്‍ പാർട്ടിക്ക് പുറത്ത് മാധ്യമങ്ങളിൽ നിരന്തരം ആരോപണം ഉന്നയിക്കുന്നതില്‍ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തി. അൻവർ കോൺഗ്രസിൽ​ നിന്നാണ് വന്നതെന്നതിനാൽ ഇടതു പശ്ചാത്തലം ഇല്ലെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.

പൊളിറ്റിക്കൽ സെക്രട്ടറി ശശി മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ശ്ലാഘിച്ച മുഖ്യമന്ത്രി, നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കാത്തതിന്‍റെ പേരില്‍ ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ നടപടി എടുക്കാനാവില്ലെന്നും വ്യക്തമാക്കി. അന്‍വറിനെപ്പറ്റി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണർ കത്തയച്ചിട്ടുണ്ട്. അതും അന്വേഷണസംഘം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.​ ഇതോടെ താനും ഫോൺ ചോർത്തിയെന്ന അൻവറിന്‍റെ വെളിപ്പെടുത്തലിൽ അദ്ദേഹത്തിനെതിരെ അന്വേഷണം ഉണ്ടാകുമെന്ന് ഉറപ്പായി. കേവലം 5 മിനിറ്റ് മാത്രമാണ് താനും അൻവറും തമ്മിൽ ഓഫീസിൽ​ വച്ച് കൂടിക്കാഴ്ച നടത്തിയതെന്ന് പറഞ്ഞ് പരസ്യമായി ആരോപണം ഉന്നയിക്കുന്നതിലെ അതൃപ്തി മുഖ്യമന്ത്രി പരസ്യമാക്കി.

സിപിഎം സംസ്ഥാന സമിതി അംഗമായ പി.​ ​ശശി പാര്‍ട്ടി നിയോഗിച്ചത് പ്രകാരമാണ് തന്‍റെ ഓഫിസില്‍ പ്രവര്‍ത്തിക്കുന്നത്. അദ്ദേഹത്തിന്‍റേത് മാതൃകാപരമായ പ്രവര്‍ത്തനമാണ്. ഒരു തരത്തിലുള്ള തെറ്റായ കാര്യവും അദ്ദേഹത്തിൽ ​നിന്നില്ല. ആരു പറഞ്ഞാലും അതെല്ലാം അവജ്ഞയോടെ തള്ളിക്കളയും. ഒരു പരിശോധനയും അക്കാര്യത്തില്‍ ആവശ്യമില്ല. കൊടുക്കുന്ന പരാതിക്ക് അതേപടി നടപടി സ്വീകരിക്കാനല്ല അദ്ദേഹം അവിടെ ഇരിക്കുന്നത്. നിയമപ്രകാരമല്ലാത്ത കാര്യം പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ചെയ്തിട്ടുണ്ടാകില്ല. അതിലുളള വിരോധം വച്ച് എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ അത്തരം ആളുകളെ അതിന്‍റെ പേ​രി​ൽ മാറ്റാന്‍ പറ്റില്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം ശശിക്കുള്ള ക്ലീൻ ചിറ്റായി .

അതേസമയം, ഏപ്രിൽ 21ന് തൃശൂർ പൂരം സംബന്ധിച്ച് ഒരാഴ്ചയ്ക്കകം നൽകണമെന്ന് എഡിജിപി എം.​ആർ. അജിത് കുമാറിനോട് നിർദേശിച്ച അന്വേഷണ റിപ്പോർട്ട് ഇതുവരെ കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. ആ റിപ്പോർട്ട് സമർപ്പിക്കാൻ 5 മാസത്തിനുശേഷം സാവകാശം ചോദിച്ചപ്പോൾ 24നകം നൽകണമെന്ന് ആവശ്യപ്പെട്ട് ഉത്തരവ് നൽകിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 24​ന് ​റിപ്പോർട്ട് എഡിജിപി സമർപ്പിക്കാനാണ് സാധ്യത. അന്നും അത് സമർപ്പിച്ചില്ലെങ്കിൽ കൃത്യനിർവഹണത്തിലെ വീഴ്ചയായി പരിഗണിക്കപ്പെടും.​ സിപിഐ ഉൾപ്പെടെ അജിത് കുമാറിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചെങ്കിലും ഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടിനു ​ശേഷമേ നടപടി ഉണ്ടാവാനിടയുള്ളൂ

Related Articles

Back to top button