അങ്കണവാടിയിൽ വീണ് മൂന്നര വയസുകാരിക്ക് പരുക്കേറ്റ സംഭവം; ജീവനക്കാർക്ക് സസ്‌പെൻഷൻ
അങ്കണവാടിയിൽ വീണതിനെ തുടർന്ന് മൂന്നര വയസുകാരിക്ക് ഗുരുതര പരുക്കേറ്റ സംഭവത്തിൽ അധ്യാപികയെയും ഹെൽപ്പറെയും സസ്‌പെൻഡ് ചെയ്തു. തിരുവനന്തപുരം മാറനല്ലൂർ എട്ടാം വാർഡ് അങ്കണവാടി അധ്യാപിക ശുഭലക്ഷ്മി, ഹെൽപർ ലത എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. മാറനല്ലൂർ സ്വദേശികളായ രതീഷ്, സിന്ധു ദമ്പതികളുടെ മകൾ വൈഗയ്ക്കാണ് ഗുരുതര പരുക്കേര്‌റത്
തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. കഴിഞ്ഞ ദിവസം പതിവ് പോലെ മാറനല്ലൂരിലെ അങ്കണവാടിയിൽ നിന്നും കുട്ടിയെ അച്ഛൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നിരുന്നു. എന്നാൽ കുട്ടി നല്ല ക്ഷീണത്തിലായിരുന്നു. അൽപ സമയത്തിനകം കുട്ടി ഛർദിക്കാനും തുടങ്ങി. വൈഗയുടെ ഇരട്ട സഹോദരനും ഇതേ അങ്കണവാടിയിലാണ് പഠിക്കുന്നത്. വൈഗ ഉച്ചയ്ക്ക് ജനലിൽ നിന്ന് വീണതായി ഇരട്ട സഹോദരനാണ് മാതാപിതാക്കളോട് പറഞ്ഞത്
കുട്ടിയുടെ അമ്മ പരിശോധിച്ചപ്പോൾ തലയുടെ പുറകിൽ മുഴച്ചിരിക്കുന്നത് കണ്ടെത്തി. തുടർന്ന് കണ്ടലയിലെ ആശുപത്രിയിലും പിന്നീട് എസ് എ ടി ആശുപത്രിയിലും എത്തിക്കുകയായിരുന്നു. കുട്ടിയുടെ സ്‌പൈനൽ കോഡിനും ഗുരുതര പരുക്കുണ്ട്. തലയിൽ ആന്തരിക രക്തസ്രാവവുമുണ്ട്.