World

ശരാശരി നൂറു വയസ്സുവരെ ജീവിക്കുന്നവരുടെ ഒരു ഗ്രാമം: പ്രകൃതി രഹസ്യം തേടി ഗവേഷകര്‍

കറാച്ചി: മുന്‍പ് നമ്മുടെ മലയാളിയുടെ ശരാശരി ആയുസ് അന്‍പതും അന്‍പത്തിയഞ്ചുമെല്ലാമായിരുന്നു. എന്നാല്‍ ഇന്നത് മുക്കാല്‍ നൂറ്റാണ്ടാണ്. പരമാവധി നാം അപൂര്‍വമായി 85ഉം 90ലും എല്ലാം എത്താറുണ്ട്. ഇതെല്ലാം നമ്മുടെ തലവരയുടെ കഥയാണെങ്കില്‍ അങ്ങ് വടക്കന്‍ പാകിസ്താനിലെ ഹുന്‍സാ താഴ്‌വരയില്‍ ജീവിക്കുന്ന ആണിനും പെണ്ണിനും ശരാശരി നൂറു വയസാണ് ഭൂമിയിലെ ജീവിതം.

അത്യപൂര്‍വമായ ഈ ജീവശാസ്ത്ര പ്രതിഭാസം വിഷയമാക്കി 1970കളില്‍ നാഷണല്‍ ജിയോഗ്രഫിക് ഒരു പരമ്പരതന്നെ പ്രസിദ്ധീകരിച്ചിരുന്നെന്നതും ചരിത്രം. അതോടെയാണ് ഹുന്‍സാ താഴ്‌വരയിലെ മനുഷ്യരുടെ ജീവിതം ലോകമെങ്ങും സജീവ ചര്‍ച്ചാ വിഷയമായി മാറിയത്. ജീവശാസ്ത്രകാരന്മാരുടെ ഒരു പ്രധാന അന്വേഷണ മേഖലയാണിപ്പോള്‍ ഇവരുടെ ആയുസിന്റെ രഹസ്യം.

1938ല്‍ പുറത്തിറങ്ങിയ ദി വീല്‍ ഓഫ് ഹെല്‍ത്ത് എന്ന ഡോ. ഗയ് ടി വ്രെഞ്ചിന്റെ പ്രസിദ്ധമായ പുസ്തകം ഈ ഗ്രാമീണരുടെ ആയുസിന്റെ കാര്യമാണ് ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ ഈ ആയുര്‍ദൈര്‍ഘ്യത്തെ മിത്തെന്ന് പറഞ്ഞ് തള്ളുന്നവരുമുണ്ട്.

സമുദ്ര നിരപ്പില്‍ നിന്ന് 8,000 അടി ഉയരത്തിലുള്ള ഹുന്‍സ ഗ്രാമത്തിലെ ജനങ്ങളുടെ ആയുസ് വര്‍ധിക്കാന്‍ സഹായിക്കുന്നത് ആന്റി ഇന്‍ഫ്‌ളമേറ്ററിയായ ഭക്ഷണ രീതിയാണെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. മാംസാഹാരം വളരെ കുറച്ച് കഴിക്കുന്ന ഈ ജനതയുടെ പ്രധാന ഭക്ഷണം ആപ്രിക്കോട്ട് പഴങ്ങളും അതിന്റെ എണ്ണയുമാണ്. ഭക്ഷണത്തിന്റെ വലിയ അളവും സസ്യാഹാരമാണ്. പീച്ച്, ചെറി, മുന്തിരി തുടങ്ങിയ പഴങ്ങളും അനേകം ഇലകളുമെല്ലാം ഇവരുടെ മെനുവില്‍ സ്ഥാനം പിടിക്കുന്നു. ഗോതമ്പ്, ബാര്‍ലി, മില്ലറ്റുകള്‍ തുടങ്ങിയ ധാന്യങ്ങളും ഇവര്‍ കഴിക്കാറുണ്ട്.

അങ്ങേയറ്റം ദുഷ്‌കരമായ മലകളും പാറകളും നിറഞ്ഞ പ്രദേശമാണ് ഇവിടമെന്നതിനാല്‍ ശാരീരികമായി പ്രകൃതിയോട് മല്ലിടേണ്ടതുണ്ട്. എന്തിനും ഏതിനും കുന്നുകയറിയിറങ്ങിവേണം ഇവര്‍ക്ക് യാത്രചെയ്യാന്‍. ഇത് ഇവരുടെ ദേഹത്തെ എപ്പോഴും ഫിറ്റാക്കി നിര്‍ത്തുന്നു. വളരെ പ്രായമായവര്‍ പോലും അധ്വാനിക്കുന്നത് ഇവിടുത്തെ പതിവ് കാഴ്ചയാണ്. ഹുന്‍സയിലെ ജനങ്ങള്‍ കുടിക്കുന്ന വെള്ളത്തിലെ മിനറല്‍സിന്റെ സാന്നിധ്യവും ആയുസ് കൂട്ടുന്നതില്‍ നിര്‍ണായകമാവുന്നതായാണ് വിലയിരുത്തല്‍.

Related Articles

Back to top button