അഭിഷേകിന്റെ റണ്ണൗട്ട്; തെറ്റ് സഞ്ജുവിന്റെയോ: വൈറലായി യുവിയുടെ പ്രതികരണം
ബംഗ്ലാദേശിനെതിരായ ആദ്യ ടി20 മല്‍സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ റണ്ണൗട്ടുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. ഏഴു ബോളില്‍ 16 റണ്‍സെടുത്തു നില്‍ക്കെയാണ് രണ്ടാം ഓവറില്‍ അഭിഷേക് പുറത്തായത്. ഓപ്പണിങ് പങ്കാളിയായ സഞ്ജു സാംസണുമായുള്ള ആശയക്കുഴപ്പം കാരണമാണ് അദ്ദേഹത്തിനു സ്വന്തം വിക്കറ്റ് കൈവിടേണ്ടതായി വന്നത്. ഇതിന്റെ പേരില്‍ ഒരു വിഭാഗം സഞ്ജുവിനെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെയാണ് അഭിഷേകിന്റെ റണ്ണൗട്ടുമായി ബന്ധപ്പെട്ട് യുവി പ്രതികരിച്ചത്. യുവിയുടെ പ്രിയപ്പെട്ട ശിഷ്യന്‍ കൂടിയാണ് യുവതാരം. കൊവിഡ് കാലത്തു ലോക്ക്ഡൗണ്‍ വന്നപ്പോള്‍ നാട്ടുകാരന്‍ കൂടിയായ യുവിക്കു കീഴിലായിരുന്നു അഭിഷേകിന്റെ പരിശീലനം. ഇതു തന്റെ കരിയര്‍ മിനുക്കിയെടുക്കാന്‍ ഏറെ സഹായിച്ചതായി അഭിഷേക് പലപ്പോഴും തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.
യുവിയുടെ പ്രതികരണം
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ടി20 മല്‍സരത്തിനു ശേഷം അഭിഷേക് ശര്‍മയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്കു താഴെ പിന്തുണയുമായി ആരാധകര്‍ രംഗത്തു വന്നിരുന്നു. ഇക്കൂട്ടത്തില്‍ ഒരു ആരാധകന്റെ കമന്റിനു താഴെയാണ് യുവിയും കമന്റ് ചെയ്തിരിക്കുന്നത്. അഭിഷേകില്‍ നിന്നും വലിയ ഒരു ഇന്നിങ്‌സ് വരാനിരിക്കുന്നതായി തോന്നുന്നുവെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ഇതിനോടാണ് യുവി പ്രതികരിച്ചത്. നമ്മള്‍ തലച്ചോര്‍ നന്നായി ഉപയോഗിച്ചാല്‍ മാത്രം എന്നായിരുന്നു യുവരാജിന്റെ കമന്റ്.
അഭിഷേകിനെ പരോക്ഷമായി വിമര്‍ശിക്കുകയാണ് യുവി ഇതിലൂടെ ചെയ്തിരിക്കുന്നതെന്നു വ്യക്തമാണ്. ബാറ്റിങ് പങ്കാളിയായ സഞ്ജു സാംസണിന്റെ പിഴവ് കാരണമല്ല, മറിച്ച് അഭിഷേക് തലച്ചോര്‍ ഉപയോഗിച്ച് ആലോചിക്കാതെ അനാവശ്യമായി റണ്ണിനായി ഓടിയതു കാരണമാണ് പുറത്തായതെന്നും യുവി കുറ്റപ്പെടുത്തുന്നു.
റണ്ണൗട്ട് എങ്ങനെ?
ഗ്വാളിയോറില്‍ നടന്ന ആദ്യ ടി20യിലെ രണ്ടാം ഓവറിലെ അവസാനത്തെ ബോളിലാണ് അഭിഷേക് ശര്‍മ റണ്ണൗട്ടായത്. പേസര്‍ ടസ്‌കിന്‍ അഹമ്മദാണ് ഈ ഓവര്‍ ബൗള്‍ ചെയ്തത്. സ്‌ട്രൈക്ക് നേരിട്ടത് സഞ്ജു സാംസണുമായിരുന്നു. ആംഗിള്‍ ചെയ്ത് അകത്തേക്കു വന്ന ഗുഡ് ലെങ്ത്ത് ബോള്‍ അദ്ദേഹം ഷോര്‍ട്ട് മിഡ് വിക്കറ്റ് ഏരിയയിലേക്കാണ് പതിയെ കളിച്ചത്. ഇതേ ഏരിയയില്‍ ഫീല്‍ഡറുമുണ്ടായിരുന്നു. അതു കൊണ്ടു തന്നെ അവിടെ സിംഗിളെടുക്കാനുള്ള പഴുതും ഇല്ലായിരുന്നു.
സഞ്ജു സിംഗിളിനായി രണ്ടടി മുന്നോട്ടു വന്നെങ്കിലും ഫീല്‍ഡറുണ്ടെന്നു മനസ്സിലാക്കിയതോടെ പെട്ടെന്നു അതു വേണ്ടെന്നു വയ്ക്കുകയായിരുന്നു. പക്ഷെ നോണ്‍ സ്‌ട്രൈക്കറായിരുന്ന അഭിഷേക് ശര്‍മയാവട്ടെ ഫീല്‍ഡറെ ശ്രദ്ധിക്കാതെ സഞ്ജുവിനെയാണ് നോക്കിയത്. സഞ്ജു സിംഗിളിനായി ഓടുമെന്ന കണക്കുകൂട്ടലില്‍ അദ്ദേഹം മുന്നോട്ടു കുതിച്ചു.
ഇതിനിടെയാണ് ഫീല്‍ഡറായ തൗഹിദ് റിദോയ് കുതിച്ചെത്തി പന്ത് പിടിച്ചെടുത്തത്. അദ്ദേഹം വളരെ വേഗത്തില്‍ ഇതു നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലേക്കു ത്രോ ചെയ്തു. അപകടം മനസ്സിലാക്കിയ അഭിഷേക് ഉടന്‍ നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലേക്കു മടങ്ങാന്‍ ശ്രമിച്ചെങ്കിലും ക്രീസിലെത്തുമ്പോഴേക്കും ബോള്‍ വിക്കറ്റില്‍ പതിച്ചിരുന്നു. ഇതോടെ അഭിഷേക് നിരാശനായി മടങ്ങുകയും ചെയ്തു.
യുവി- അഭിഷേക് ബന്ധം
നാട്ടുകാരനായതിനാല്‍ മാത്രമല്ല, തനിക്കു കീഴില്‍ മാസങ്ങളോളം പരിശീലനം നടത്തിയതിനാല്‍ തന്നെ അഭിഷേക് ശര്‍മയുമായി വളരെ അടുത്ത സൗഹൃദമാണ് യുവരാജ് സിങിനുള്ളത്. ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരമായി മാറാന്‍ ശേഷിയുള്ള താരമെന്നാണ് അഭിഷേകിനെക്കുറിച്ച് അദ്ദേഹം പല തവണ വിശേഷിപ്പിച്ചിട്ടുള്ളത്.
അഭിഷേക് മാത്രമല്ല ശുഭ്മന്‍ ഗില്ലുള്‍പ്പെടെയുള്ള പഞ്ചാബിലെ കളിക്കാര്‍ ലോക്ക്ഡൗണ്‍ സമയത്തു യുവിയുടെ സ്വന്തം ജിമ്മിലാണ് പരിശീലനത്തിനു എത്തിയിരുന്നത്. ഇക്കൂട്ടത്തില്‍ യുവിക്കു ഏറ്റവും പ്രിയപ്പെട്ട താരവും അഭിഷേകാണ്.
തന്നെപ്പോലെ അഭിഷേകും ഇടംകൈയന്‍ ബാറ്ററും സ്പിന്നറുമാണെന്നതും യുവിയെ ആകര്‍ഷിച്ച ഘടകങ്ങളിലൊന്നാണ്. ഈ വര്‍ഷം ടി20 ലോകകപ്പിനു പിന്നാലെ നടന്ന സിംബാബ്‌വെ പര്യടനത്തിലെ ടി20 പരമ്പരയിലൂടെ അഭിഷേക് ഇന്ത്യക്കായി അരങ്ങേറിയത്. കരിയറിലെ രണ്ടാമത്തെ മല്‍സരത്തില്‍ തന്നെ സെഞ്ച്വറിയുമായി താരം വരവറിയിക്കുകയും ചെയ്തിരുന്നു.