National

തിരുപ്പൂരിൽ എസ് ഐയെ വെട്ടിക്കൊന്ന കേസിലെ പ്രതി പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു

തിരുപ്പൂരിൽ എസ്‌ഐയെ വെട്ടിക്കൊന്ന കേസിലെ പ്രതി പൊലീസുമായുളള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മണികണ്ഠനാണ് പോലീസിന്റെ വെടിയേറ്റ് മരിച്ചത്. ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ ഒരു പോലീസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.

കേസിലെ മറ്റ് രണ്ട് പ്രതികൾ ഇന്നലെ പോലീസിൽ കീഴടങ്ങിയിരുന്നു. സ്പെഷ്യൽ എസ്‌ഐ ഷൺമുഖ സുന്ദരമാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. അച്ഛനും മക്കളും തമ്മിലുളള തർക്കം തീർക്കാനെത്തിയ എസ്‌ഐയെ അറസ്റ്റ് തടയുന്നതിനായി മകൻ ആക്രമിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് അണ്ണാഡിഎംകെ എംഎൽഎയായ സി മഹേന്ദ്രന്റെ ഫാം ഹൗസിൽ ജീവനക്കാരനും മക്കളും തമ്മിൽ തർക്കമുണ്ടായത്. മദ്യപിച്ച് ബഹളമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അയൽക്കാരാണ് പോലീസിൽ വിവരമറിയിച്ചത്. മൂർത്തിയും മക്കളായ മണികണ്ഠനും തങ്കപാണ്ടിയുമാണ് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയത്.

സംഭവം അന്വേഷിക്കാനായി ഷൺമുഖ സുന്ദരമുൾപ്പെടെ മൂന്ന് പോലീസുകാർ സ്ഥലത്തെത്തിയിരുന്നു. അറസ്റ്റ് ചെയ്യുമെന്ന ഘട്ടമായപ്പോഴാണ് മണികണ്ഠൻ സമീപത്തുണ്ടായിരുന്ന അരിവാളെടുത്ത് ഷൺമുഖ സുന്ദരത്തെ വെട്ടിയത്. കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തിയാണ് ബാക്കിയുളളവരെ അറസ്റ്റ് ചെയ്തത്. മണികണ്ഠനും സഹോദരനും ഓടി രക്ഷപ്പെട്ടിരുന്നു.

 

Related Articles

Back to top button
error: Content is protected !!