Movies

നടൻ ഡൽഹി ഗണേഷ് അന്തരിച്ചു; വിടവാങ്ങിയത് ക്യാരക്ടർ റോളുകളിലൂടെ ശ്രദ്ധേയനായ താരം

പ്രശസ്ത തമിഴ് നടൻ ഡൽഹി ഗണേഷ് അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. 80 വയസായിരുന്നു. ഇന്നലെ അർധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്. നാനൂറിലേറെ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തമിഴ്, മലയാളം ഉൾപ്പെടെ നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കൊച്ചി രാജാവ്, കാലാപാനി, പോക്കിരി രാജ, മനോഹരം തുടങ്ങിയ മലയാള സിനിമകളിലും അദ്ദേഹം വേഷമിട്ടു.

ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയിൽ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു മരണം സംഭവിച്ചത്. സ്വഭാവ നടനായും വില്ലൻ വേഷങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച് ആരാധകർക്കിടയിൽ തന്റേതായ ഒരു പ്രത്യേക ഇടം ഡൽഹി ഗണേഷ് നേടിയിട്ടുണ്ട്.

തമിഴിന് പുറമെ തെലുങ്ക്, മലയാളം സിനിമകളിലും ഡൽഹി ഗണേഷ് അഭിനയിച്ചിട്ടുണ്ട്. അവ്വൈ ഷണ്മുഖി, നായകൻ, സത്യാ, മൈക്കൽ മദന കാമ രാജൻ, സാമി, അയൻ തുടങ്ങി നിരവധി തമിഴ് സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. 1976ൽ കെ ബാലചന്ദ്രന്റെ പട്ടണ പ്രവേശം എന്ന സിനിമയിലൂടെയാണ് ഡൽഹി ഗണേഷിന്റെ ചലച്ചിത്ര ലോകത്തേക്കുള്ള അരങ്ങേറ്റം.

 

Related Articles

Back to top button