അദാനി മുതല്‍ അംബേദ്കര്‍ വരെ; ഇന്ത്യാ മുന്നണി കരുത്ത് കാട്ടിയ ശൈത്യകാല സമ്മേളനം
ആത്മവിശ്വാസം ചോര്‍ന്ന് ബി ജെ പി
പ്രതിപക്ഷത്തെ മാനിക്കാതെ ബില്ലുകള്‍ പാസ്സാക്കുകയും സഭ നിയന്ത്രിക്കുകയും ചെയ്യുന്ന കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ ശീലം മാറ്റാന്‍ സമയമായെന്ന് ബി ജെ പി തിരിച്ചറിഞ്ഞ സമ്മേളനമാണ് പാര്‍ലിമെന്റില്‍ അവസാനിച്ചത്. ലോക്‌സഭയിലെ ശൈത്യകാല സമ്മേളനം സമാപിച്ചപ്പോള്‍ ഇന്ത്യാ മുന്നണിക്ക് കരുത്തും ബി ജെ പിക്ക് ആത്മവിശ്വാസ ചോര്‍ച്ചയുമാണ് സംഭവിച്ചത്. അധികാരത്തിന്റെ അപ്പകഷ്ണവുമായി എന്‍ ഡി എ മുന്നണിയിലെ പല അംഗങ്ങളും തൃപ്തിപ്പെട്ടതും ബി ജെ പിയെയും കേന്ദ്ര സര്‍ക്കാറിനെയും ആശയം കൊണ്ട് കടന്നാക്രമിക്കാന്‍ പ്രാപ്തമായ സംഘമായി ഇന്ത്യാ മുന്നണി അംഗങ്ങള്‍ ശക്തിപ്പെട്ടതുമാണ് ശൈത്യകാല സമ്മേളനത്തിലെ കാഴ്ച.
പ്രിയങ്ക ഗാന്ധിയുടെ കന്നി ലോക്സഭാ പ്രസംഗത്തില്‍ നിന്ന് തുടങ്ങി രാഹുല്‍ ഗാന്ധിക്ക് എതിരെയുളള കേസ് വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ അദാനി മുതല്‍ അംബേദ്കര്‍ വരെ നീളുന്ന വിഷയങ്ങള്‍ ലോക്സഭയുടേയും രാജ്യസഭയുടേയും അകത്തളങ്ങളെ ചൂടുപിടിപ്പിച്ചു.
നവംബര്‍ 15നാണ് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തുടങ്ങിയത്. നിരവധി വിഷയങ്ങളില്‍ ഭരണപക്ഷവും പ്രതിപക്ഷവും നേര്‍ക്ക് നേര്‍ കൊമ്പ് കോര്‍ത്തു. സഭയില്‍ പക്ഷപാതിത്വം കാണിക്കുന്നു എന്നാരോപിച്ച് രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കറിന് എതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നെങ്കിലും തള്ളപ്പെട്ടു.
അേദാനി വിഷയം വീണ്ടും ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും തൃണമൂല്‍ അടക്കമുളളവര്‍ കോണ്‍ഗ്രസിനൊപ്പം മുന്നിട്ടിറങ്ങാത്തത് പ്രതിപക്ഷത്ത് കല്ലുകടിയായി. അദാനി വിഷയത്തില്‍ പ്രതിരോധത്തിലായ ബിജെപി പരിചയായി ജോര്‍ജ് സോറസ്-കോണ്‍ഗ്രസ് ബന്ധം എന്ന ആരോപണം ഉയര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല.യ
എന്നാല്‍, അമിത് ഷായുടെ വിവാദ അംബേദ്കര്‍ പ്രസംഗം വിള്ളല്‍ വീണ പ്രതിപക്ഷത്തിന് തിരിച്ച് വരവിനുളള വമ്പന്‍ അവസരമാണ് തുറന്നത്. അംബേദ്കറുടെ പേര് പറയുന്ന സമയത്ത് ദൈവനാമം ജപിച്ചാല്‍ സ്വര്‍ഗമെങ്കിലും കിട്ടും എന്നായിരുന്നു അമിത് ഷാ രാജ്യസഭയിലെ പ്രസംഗത്തില്‍ പറഞ്ഞത്. ഇതോടെ സഭയ്ക്കുളളിലെ ചര്‍ച്ചകള്‍ പാര്‍ലമെന്റ് വളപ്പിലെ പ്രതിഷേധങ്ങളിലേക്ക് നീങ്ങി.അദാനി വിഷയത്തില്‍ വിട്ട് നിന്ന തൃണമൂല്‍ അടക്കമുളളവര്‍ കോണ്‍ഗ്രസിനൊപ്പം പ്രതിഷേധത്തിനിറങ്ങി. അംബേദ്കറുടെ ചിത്രങ്ങളേന്തിയും നീല വസ്ത്രങ്ങളിഞ്ഞു പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി.